Sunday, March 15, 2026 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.17 AM

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാനൊരുങ്ങി ക്രിസ്‌മസ്‌ വിപണി

uploads/news/2025/12/815665/2.jpg

പച്ചപ്പു നിറഞ്ഞ പുല്‍ക്കൂടുകളും വര്‍ണ്ണ നക്ഷത്രങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ വീണ്ടുമൊരു ക്രിസ്‌മസ്‌ കാലം കൂടി വന്നെത്തി. ക്രിസ്‌മസ്‌ വിപണി ലക്ഷ്യമിട്ട്‌ ഫാന്‍സി സ്‌റ്റോറുകളുടെ മുന്‍വശങ്ങളില്‍ ആകര്‍ഷകമായ ക്രിസ്‌തുമസ്‌ നക്ഷത്രങ്ങളും, പുല്‍ക്കൂടുകളുമൊരുക്കിയാണ്‌ കച്ചവടത്തിനായി പല ഫാന്‍സി സ്‌റ്റോറുകളും സജ്‌ജീകരിച്ചിട്ടുള്ളത്‌.
പേപ്പര്‍ നക്ഷത്രങ്ങള്‍ മുതല്‍ വര്‍ണ്ണ വിസ്‌മയം തീര്‍ക്കുന്ന ഡിജിറ്റല്‍ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ട്‌. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക്‌ വില എട്ടു രൂപ മുതല്‍ 640 രൂപ വരെയാണ്‌. പ്ലാസ്‌റ്റിക്‌ നക്ഷത്രങ്ങള്‍ക്ക്‌ 150 മുതല്‍ 400 വരെയാണ്‌ വില. പേപ്പര്‍ നക്ഷത്രങ്ങള്‍ സുക്ഷിച്ചു വെക്കാനുള്ള പ്രയാസവും പെട്ടെന്ന്‌ നശിച്ചു പോകാനുള്ള സാധ്യതയുമാണ്‌ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്ക്‌ വിപണിയില്‍ ഡിമാന്റ്‌ കൂട്ടുന്നത്‌. പ്ലാസ്‌റ്റിക്‌ നക്ഷത്ര രൂപത്തില്‍ ഇലുമിനേഷന്‍ ബള്‍ബുകള്‍ പതിപ്പിച്ച ഫാന്‍സി നക്ഷത്രങ്ങള്‍ക്ക്‌ 100 മുതല്‍ 1400 രൂപവരെയാണ്‌ വില, ഇതിന്‌ വിപണിയില്‍ നല്ല ഡിമാന്റാണ്‌. 300 ബള്‍ബുകളടങ്ങിയ എല്‍.ഇ.ഡി. സെറ്റുകള്‍ക്ക്‌ 150 മുതല്‍ 1,000 രൂപവരെയും അതിനു മേലെയും ഈടാക്കുന്നു. പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിനും ക്രിസ്‌തുമസ്‌ ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടു കൂടിയ ഇലൂമിനേഷന്‍ ലൈറ്റുകള്‍ വാങ്ങുന്നവരുടെ തിരക്കാണ്‌ ഫാന്‍സി സ്‌റ്റോറുകളില്‍ എല്‍.ഇ.ഡി. റൊട്ടേഷന്‍ ബള്‍ബുകള്‍ക്കും വിപണി യില്‍ ആവശ്യക്കാരേറെയാണ്‌. ക്രിസ്‌തുമസ്‌ രാവുകളെ വര്‍ണാഭമാക്കുന്ന മാലബള്‍ബുകള്‍ 150 രൂപ മുതല്‍ ലഭ്യമാണ്‌. മള്‍ട്ടികളര്‍ ലൈറ്റുകളെക്കാള്‍ വാംഡ്‌ ലൈറ്റുകള്‍ക്കാണ്‌ ഇത്തവണയും ആവശ്യക്കാര്‍ ഏറെയുള്ളത്‌.
നക്ഷത്രങ്ങള്‍ കഴിഞ്ഞാല്‍ ആവശ്യക്കാരേറെയുള്ളത്‌ പുല്‍ക്കൂടുകള്‍ക്കും ക്രിസ്‌മസ്‌ സെറ്റുകള്‍ക്കുമാണ്‌. ക്രിസ്‌തുമസ്‌ വിപണിയില്‍ റെഡിമെയ്‌ഡ് പുല്‍ക്കൂടുകള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ ഡിമാന്റ്‌, ഒപ്‌റ്റിക്ക്‌ ഫൈബര്‍ ക്രിസ്‌തുമസ്‌ ട്രീകള്‍ക്കും ഡിമാന്‍ഡ്‌ കൂടുതലാണ്‌. പൈന്‍ മരങ്ങളെ അനുസ്‌മരിപ്പിക്കുന്ന വെള്ള ട്രീകള്‍ക്കും ആവശ്യക്കാരേറെയാണ്‌. വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള ട്രീയിലെ അലങ്കാരങ്ങള്‍ക്ക്‌ 50 രൂപ മുതലാണ്‌ വില. കുട്ടികളെ ആകര്‍ഷിക്കുന്ന സാന്താക്ലോസ്‌ പാവകളും ക്രിസ്‌തുമസ്‌ ബോക്കെകളും വിപണിയില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌.
ഇത്തവണ പുല്‍ക്കൂടുകളുടെ വലിയ കളക്ഷന്‍ പല വ്യാപാരികളും ഒരുക്കിയിട്ടില്ല. വലിയ ചെലവ്‌ ഇല്ലാത്തതാണ്‌ ഇതിന്‌ കാരണമെന്ന്‌ വ്യാപാരികള്‍ പറയുന്നു. ക്രിസ്‌തുമസ്‌ ട്രീക്ക്‌ നീളം അനുസരിച്ചാണ്‌ വില. 100 രൂപ മുതല്‍ 4,500 രൂപ വരെയുള്ള വിലയില്‍ വിവിധ രീതിയിലുള്ള ട്രീകള്‍ ലഭ്യമാണ്‌. പൈന്‍ മരത്തിന്‌ 1,100 രൂപ മുതലാണ്‌ വില. വിവിധ തരത്തിലുള്ള ക്രിസ്‌തുമസ്‌ ഫാന്‍സി സാധനങ്ങളും വിപണി കീഴടക്കി കഴിഞ്ഞു.
20 രൂപ മുതലുള്ള പിരിയന്‍ ബലൂണുകളും 60 രൂപയുടെ ഇലക്ര്‌ടിക്‌ മെഴുകു തിരികളും കാഴ്‌ച്ചയ്‌ക്ക് കൗതുകമായി വിപണിയില്‍ ഒരുക്കിയിട്ടുണ്ട്‌. എല്‍.ഇ.ഡി ലൈറ്റ്‌ പിടിപ്പിച്ച ക്രിസ്‌തുമസ്‌ തൊപ്പിയും വില്‍പ്പനക്കുണ്ട്‌. സാന്താക്ലോസിന്റെ മു ഖംമൂടിക്ക്‌ 100 രൂപ മുതലാണ്‌ വില ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക്‌ സാന്താക്ലോസിന്റെ വേഷവും ഒരുക്കിയിട്ടുണ്ട്‌.
ചുവന്ന നീളന്‍ കുപ്പായത്തിന്‌ 950 രൂപയാണ്‌ ശരാശരി വില. അലങ്കാരമായി വെക്കുന്ന റിങ്ങിന്‌ 100 മുതല്‍ 500 രൂപ വരെയുണ്ട്‌. പല നിറത്തിലുള്ള ബോളുകളും ബെല്ലുകളും 80 രൂപ മുതല്‍ ലഭിക്കും. ഇതിനിടെ ക്രിസ്‌തുമസ്‌ വിപണി ലക്ഷ്യമിട്ട്‌ വഴിയോരക്കച്ചവടവും പൊടി പൊടിക്കുകയാണ്‌. വഴിയോരങ്ങളില്‍ രാത്രികാലത്താണ്‌ നക്ഷത്രങ്ങളുടെയും ലൈറ്റുകളുടെയും കച്ചവടം കൂടുതലായും കാണപ്പെടുന്നത്‌. 20 രൂപ മുതല്‍ വിലയില്‍ തോരണങ്ങളും അലങ്കാര വസ്‌തുക്കളും ഇതര സംസ്‌ഥാന തൊഴിലാളികള്‍ വഴിയോരങ്ങളില്‍ വില്‍പനക്കെത്തിച്ചിട്ടുണ്ട്‌.
കെ.ആര്‍. റിനൂപ ്‌
കല്‍പ്പറ്റ

Ads by Google
Advertisement
Saturday 13 Dec 2025 05.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW