-->
പത്തനംതിട്ട: ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടിംഗ് ശതമാനത്തിന്റെ കുറവ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. 66.94 ശതമാനമാണ് പോളിംഗ്. ആകെയുള്ള 917526 വോട്ടര്‍മാരില്‍ 614213 പോരാണ് വോട്ടുരേഖപ്പെടുത്തിയത്.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിംഗ് 72.89 ശതമാനമായിരുന്നു. പിന്നീടുവന്ന 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74 ശതമാനത്തിലധികം പോളിംഗ് നടന്നു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടായി.
എല്ലാ പാര്‍ട്ടികളും വോട്ടിംഗ് നില അനുസരിച്ചുള്ള സൂക്ഷ്‌മ പരിശോധനയിലാണ്. പോളിംഗ് ശതമാനത്തിലെ കുറവ് ആര്‍ക്ക് അനുകൂലമാകുമെന്ന അവലോകനവും സജീവമായി നടന്നുവരുന്നു.
ചിട്ടയായുള്ള പ്രവര്‍ത്തനമികവ് ഇത്തവണയും അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്. പോളിംഗ് കുറഞ്ഞെങ്കിലും തങ്ങള്‍ക്കുള്ള വോട്ടുകള്‍ എല്ലാം ഭദ്രമായി ചെയ്യിക്കാന്‍ കഴിഞ്ഞുവെന്നാണ് എല്‍.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനുമുമ്പായിതന്നെ പെന്‍ഷനുകള്‍ എല്ലാം കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണെന്നും അത് വോട്ടായി മാറുമെന്നുമുള്ള കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ് .എന്നാല്‍ പോളിംഗ് ശതമാനത്തിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം പോളിംഗ് 64.27 ശതമാനമാനമായിരുന്നപ്പോള്‍ നേടിയ മികച്ച ഭൂരിപക്ഷം ഇതിന് തെളിവായി അവര്‍ നിരത്തുന്നു. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും അനുകൂലമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. സി.പി.എമ്മിന്റെ ശക്‌തികേന്ദ്രങ്ങളില്‍ മാത്രമേ അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയൂവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ തങ്ങള്‍ക്ക് ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. ഇതും വോട്ടിംഗ് ശതമാനത്തിലെ കുറവും അനുകുലമാകുമെന്നാണ് എന്‍.ഡി.എ യുടെ വിലയിരുത്തല്‍.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
റാന്നി: ബ്ലോക്കില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പഴവങ്ങാടി, വെച്ചൂച്ചിറ, പെരുനാട്, വടശേരിക്കര പഞ്ചായത്തുകള്‍ക്ക് മൂന്ന് വീതം മേശകള്‍ തയാറാക്കിയിരിക്കുന്നു. ഒരേ സമയം മൂന്നു വാര്‍ഡുകളിലെ വോട്ടുകള്‍ എണ്ണും.
റാന്നി അങ്ങാടി നാറാണംമൂഴി, ചിറ്റാര്‍, സീതത്തോട് എന്നീ പഞ്ചായത്തുകള്‍ക്ക് രണ്ട് വീതം മേശകള്‍ ഉണ്ടാവും. രണ്ടു വാര്‍ഡുകള്‍ വീതം ഒരേ സമയം എണ്ണും. ആദ്യം ഗ്രാമപഞ്ചായത്തിലെ തുടര്‍ന്ന് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഫലങ്ങള്‍ പരിശോധിക്കും. ഒരു വാര്‍ഡിലെ മൂന്ന് ഫലങ്ങളും പരിശോധിക്കാന്‍ 20 മിനിറ്റോളം വേണ്ടിവരും. ഓരോ മേശയ്‌ക്കും ഒരു സൂപ്പര്‍വൈസറും രണ്ട് അസിസ്‌റ്റന്റ്‌മാരും ഉണ്ടാകും. സ്‌ഥാനാര്‍ത്ഥിക്കും ഏജന്റ്‌മാര്‍ക്കും മാത്രമായിരിക്കും പ്രവേശനം.
ഇന്ന് വോട്ടെണ്ണല്‍
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.. ഗ്രാമ- ബ്ലോക്ക- ജില്ലാ പഞ്ചായത്ത് വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ കൗണ്ടിംഗ് കേന്ദ്രത്തില്‍ നടക്കും. നഗരസഭയുടെ വോട്ടെണ്ണല്‍ അതാത് കേന്ദ്രങ്ങളില്‍ നടക്കും.
ഒരു സ്‌ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണല്‍ മേശയുടെ എണ്ണത്തിന് തുല്യമായ ആളുകളെ കൗണ്ടിംഗ് ഏജന്റുമാരായി വരണാധികാരിക്ക് നോട്ടീസ് നല്‍കി നിയമിക്കാം. ഓരോ വാര്‍ഡിലും പോസ്‌റ്റല്‍ വോട്ട് ആദ്യം എണ്ണി തുടങ്ങും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും.