-->
ശബരിമല: ഭക്‌തലക്ഷങ്ങള്‍ക്ക് ശരണമായി കുടികൊള്ളുന്ന ധര്‍മ്മശാസ്‌താവിന്റെ ചരിതം അരങ്ങില്‍ പുനര്‍ജനിച്ചു. മണ്ഡലകാലത്തിന്റെ പുണ്യത്തില്‍, ശബരിമല സന്നിധാനത്ത് മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പ മാഹാത്മ്യം കഥകളി അരങ്ങേറി.
ഇ. ജി. ജനാര്‍ദ്ദനന്‍ പോറ്റിയുടെ രചനയാണ് അയ്യപ്പ മാഹാത്മ്യം. ഹരിഹരപുത്രന്റെ അവതാരം മുതല്‍ ധര്‍മ്മശാസ്‌താവായി ശബരിമലയില്‍ കുടികൊള്ളുന്നത് വരെയുള്ള ദിവ്യചരിതം ദൃശ്യ-ശ്രാവ്യ വിരുന്നായി ഭക്‌തര്‍ ആസ്വദിച്ചു. ശബരിമല ശാസ്‌താ ഓഡിറ്റോറിയത്തില്‍ 28-അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്.
കഥകളി പ്രേമികളെ ഏറെ ആകര്‍ഷിച്ചത്, 61 വയസുകാരനായ കലാമണ്ഡലം ബാലകൃഷ്‌ണന്‍ മുതല്‍ 7 വയസുകാരനായ അദൈ്വത് പ്രശാന്ത് വരെയുള്ള മൂന്ന് തലമുറയിലെ കലാകാരന്മാരുടെ അര്‍പ്പണമായിരുന്നു. കലാമണ്ഡലം പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന അവതരണത്തില്‍ മഹിഷിയായി അദ്ദേഹം തന്നെ വേഷമിട്ടു. മണികണ്‌ഠനെ അവതരിപ്പിച്ചത് അഭിജിത്ത് പ്രശാന്താണ്. മധു വാരണാസി, കലാമണ്ഡലം നിധിന്‍ ബാലചന്ദ്രന്‍, കലാമണ്ഡലം ആരോമല്‍, അഭിഷേക് മണ്ണൂര്‍ക്കാവ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി.
കലാമണ്ഡലം ബൈജു, കലാനിലയം സഞ്‌ജയ്, കലാമണ്ഡലം കാര്‍ത്തിക് എന്നിവര്‍ സംഗീതവും കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖില്‍ എന്നിവര്‍ ചെണ്ടയിലും, കലാമണ്ഡലം അജികൃഷ്‌ണന്‍, കലാമണ്ഡലം അനന്തു ശങ്കര്‍, കലാമണ്ഡലം ദീപക് എന്നിവര്‍ മദ്ദളത്തിലും അകമ്പടിയേകി. ചിങ്ങോലി പുരുഷോത്തമന്‍, കലാനിലയം വിഷ്‌ണു എന്നിവര്‍ ചുട്ടി ചെയ്‌തു. പോരുവഴി വാസുദേവന്‍ പിള്ള, പന്മന അരുണ്‍, പന്മന അശോകന്‍, മുകുന്ദപുരം വിനോജ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.