-->
കോഴഞ്ചേരി: ശബരിമല സീസണ്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇനിയും തീരാതെ റോഡ് പുനര്‍ നിര്‍മ്മാണം.ഇതില്‍ പലതും അപകട സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു.വേണ്ടത്ര മുന്നൊരുക്കങ്ങളോ മുന്നറിയിപ്പുകളോ ഇല്ലാതെയുള്ള ഈ നിര്‍മ്മാണം അന്യ സംസ്‌ഥാങ്ങളില്‍ നിന്നടക്കം എത്തുന്ന അയ്യപ്പ ഭക്‌ത വാഹനങ്ങളെയാണ് കൂടുതലായി വലക്കുന്നത്.
മണ്ഡല കാലം ആരംഭിക്കും മുന്‍പേ തീര്‍ഥാടന പാതയിലെ പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ എല്ലാം സഞ്ചാരയോഗ്യമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ല., പ്രധാന റോഡുകള്‍ പലതും നന്നാക്കല്‍ പാതി വഴിയിലാണ്.
തിരുവല്ല കുമ്പഴ റോഡ് ഏകദേശം ടാറിങ് പൂര്‍ത്തിയാക്കിയെങ്കിലും അനുബന്ധപ്പണികള്‍ ഇപ്പോഴും തുടരുകയാണ്.പലയിടത്തും ശബരിമല വാഹനങ്ങള്‍ അടക്കം ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നു.ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങി വരുന്ന അന്യ സംസ്‌ഥാനക്കാര്‍ക്കും ഇത് ബുദ്ധിമുട്ടാകുന്നു.നിര്‍മ്മാണത്തിനായി സ്‌ഥാപിച്ചിരിക്കുന്ന സാധനങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നു.രാത്രിയില്‍ ഇതൊന്നും കാണാന്‍ കഴിയാത്ത തരത്തിലാണ് റോഡ് മദ്ധ്യത്തില്‍ വച്ചിട്ടുള്ളത്.കോഴഞ്ചേരി തെക്കേമലയില്‍ റോഡില്‍ വച്ചിരിക്കുന്ന ടാര്‍ വീപ്പകളില്‍ തട്ടി പലപ്പോഴും അപകടം ഉണ്ടാകുന്നു. പരാതികള്‍ നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഇതിന് പുറമെ റോഡില്‍ വിവിധ അടയാളങ്ങള്‍ മാര്‍ക്ക് ചെയ്യാനായും വാഹന ഗതാഗതം തടയുന്നുണ്ട്.