-->
കോട്ടയം: തദ്ദേശത്തില്‍ ജില്ലയെ ആരു നയിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പ് തീരുന്നു, എട്ടിന് ആദ്യ വോട്ട് എണ്ണി തുടങ്ങി നിമിഷങ്ങള്‍ക്കകം ട്രെന്‍ഡ് അറിയാം. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. മുന്നണികള്‍ മൂന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
ജില്ലയില്‍ മേല്‍ക്കൈ നേടുകയെന്നത് യു.ഡി.എഫിനും എല്‍.ഡി.എഫിനും അഭിമാന പ്രശ്‌നമാണ്. കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചില്ലെങ്കില്‍ ബി.ജെ.പിക്കും നാണക്കേടാണ്.
17 കേന്ദ്രങ്ങളിലാണു രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ നടക്കുക.
ഇവയ്‌ക്കു പുറമേ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഡിവിഷന് ഒന്നെന്ന കണക്കില്‍ 23 ടേബിളുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. സ്‌ട്രോങ്‌് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രാവിലെ ഏഴിനു വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്ക് മാറ്റും. അതത് റിട്ടേണിങ്‌് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണു വോട്ടെണ്ണല്‍.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായാലുടന്‍ യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ ബൂത്തിലെയും വോട്ടുകള്‍ എണ്ണിത്തീരുന്നതനുസരിച്ച് സംസ്‌ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും.കൗണ്ടിങ് ടേബിളില്‍ വയ്‌ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്‌പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്‌ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്‌റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും.സ്‌ഥാനാര്‍ഥികളുടെയോ സ്‌ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
സ്‌ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും പാസ് ഉള്ള കൗണ്ടിങ്ങ് ഏജന്റുമാര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം.ആകെ 5281 സ്‌ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടിയത്.