-->
കൊച്ചി: ഒരു മാസം നീണ്ട തദ്ദേശതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഫലം ഇന്ന് പുറത്തുവരും. വോട്ടെണ്ണലിനായി സര്‍വം സജ്‌ജം. രാവിലെ എട്ടു മണിയോടെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതോടെയാകും വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയോടെ പൂര്‍ണമായ ഫലം പുറത്തുവരും. ജില്ലയില്‍ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 111 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 2220 വാര്‍ഡുകളിലേക്ക് സാരഥികളെയാണ് കണ്ടെത്തുന്നത്.
തപാല്‍ വോട്ടുകള്‍ എണ്ണുന്നത് പൂര്‍ത്തിയായാലും ഇല്ലെങ്കിലും എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണും. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഓരോ വാര്‍ഡിലെയും വോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ 10 മിനിറ്റുമാത്രമാണ് വേണ്ടിവരിക. അതായത് രാവിലെ 8.40ന് ആദ്യഫലം പുറത്തുവരും. എന്നാല്‍, ത്രിതല പഞ്ചായത്തുകളില്‍ വോട്ടെണ്ണലിന് അല്‍പം കൂടുതല്‍ സമയമെടുക്കും. ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്ത് വോട്ടുകള്‍ എന്നിവ ഒരു കണ്‍ടോള്‍ യൂണിറ്റിലായതുമൂലമാണിത്. ഇവിടെ വാര്‍ഡ് ഒന്നിന് 15 മിനിറ്റ് എടുത്തേക്കും. ജില്ലാ പഞ്ചായത്തിലെ തപാല്‍ വോട്ടുകള്‍ കലക്‌ടറേറ്റിലാണ് എണ്ണുന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വോട്ടെണ്ണല്‍ 14 ബ്‌ളോക്ക് പഞ്ചായത്തുകളുടെ എണ്ണല്‍ കേന്ദ്രങ്ങളിലാകും നടക്കുക. കലക്‌ടറേറ്റില്‍ ഏകോപിപ്പിച്ച ശേഷം ഫലം പ്രഖ്യാപിക്കും. 6000 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. ഫലങ്ങള്‍ തത്സമയം തന്നെ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും മീഡിയ സെന്റര്‍ ഒരുക്കിയിട്ടുണ്ട്.
രണ്ടു ഘട്ടമായിട്ടാണ് സംസ്‌ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിലായിരുന്നു എറണാകുളം ജില്ല ഉള്‍പ്പെട്ടത്. ഈ ഘട്ടത്തില്‍ സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് ജില്ലയിലായിരുന്നു. പോളിങ് കൂടിയതിന്റെ ഗുണവും ദോഷവും വിശകലനം ചെയ്ുയന്ന തിരക്കിലായിരുന്നു മുന്നണികള്‍. ജില്ലയില്‍ പൊതുവേ ശാന്തമായിരുന്നു തെരഞ്ഞെടുപ്പ്. കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രമാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. ഒരിടത്ത് യഥാര്‍ഥ വോട്ടര്‍ എത്തുംമുന്നേ അവരുടെ വോട്ടുകള്‍ നേരത്തേ ചെയ്‌തതായി പരാതിയുയര്‍ന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതും വോട്ടര്‍മാരെ വലച്ചു.
21ന് സത്യപ്രതിജ്‌ഞ
കൊച്ചി: തദ്ദേശസ്‌ഥാപനങ്ങളിലെ പുതിയ ഭരണസമിതികള്‍ 21 ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. അന്നു രാവിലെ 10ന് ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭരണസമിതികളും 11ന് കോര്‍പറേഷനിലെ ഭരണസമിതിയും ചുമതലയേല്‍ക്കും.