Wednesday, March 11, 2026 Last Updated 32 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.14 AM

കൊച്ചി ബിനാലെ ആറാം ലക്കം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു വിദ്വേഷത്തിനെതിരായ രാഷ്‌ട്രീയ മാനമാണ്‌ കൊച്ചി-മുസിരിസ്‌ ബിനാലെ: മുഖ്യമന്ത്രി

uploads/news/2025/12/815640/1.jpg

ഫോര്‍ട്ട്‌കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത്‌ അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ്‌ ബിനാലെയ്‌ക്ക് കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫോര്‍ട്ട്‌ കൊച്ചി പരേഡ്‌ ഗ്രൗണ്ടില്‍ കൊച്ചി ബിനാലെ ആറാം ലക്കം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രത്യേകം സജ്‌ജമാക്കിയ കുരുത്തോല വിളക്ക്‌ കൊളുത്തിയാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. ഇതേ സമയം തന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്‌ട വ്യക്‌തികളും ചേര്‍ന്ന്‌ 20 വിളക്കുകളും തെളിയിച്ചു.
കലയെ ഉപയോഗിച്ച്‌ സംസ്‌ഥാനത്തെ താറടിച്ച്‌ കാണിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്ക്‌ ദേശീയ അംഗീകാരം നല്‍കുന്നതാണ്‌ വര്‍ത്തമാനകാല കാഴ്‌ചയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ താറടിക്കുന്ന സിനിമകള്‍ക്ക്‌ അംഗീകാരം നല്‍കിയതിലൂടെ പുരസ്‌ക്കാരങ്ങളുടെ പ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ഇത്തരം കാര്യങ്ങള്‍ ചെറുക്കപ്പെടാനുള്ള ശ്രമങ്ങള്‍ക്ക്‌ നിലമൊരുക്കാന്‍ ബിനാലെയ്‌ക്ക് കഴിയണം.
ബിനാലെയുടെ നടത്തിപ്പിലൂടെ അന്താരാഷ്ര്‌ടതലത്തിലുള്ള പരിപാടികള്‍ നടത്താനുള്ള സംസ്‌ഥാനത്തിന്റെ കഴിവാണ്‌ പ്രകടമാകുന്നത്‌. ബിനാലെയുടെ നടത്തിപ്പിനായി സംസ്‌ഥാന സര്‍ക്കാര്‍ ഏഴരക്കോടി രൂപ അനുവദിച്ചത്‌ ഈ കഴിവിനുള്ള അംഗീകാരമാണ്‌. ഇത്തരം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ രാജ്യത്ത്‌ ഏറ്റവുമധികം സാമ്പത്തിക സാഹായം നല്‍കുന്നത്‌ കേരള സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിച്ചിട്ടുണ്ട്‌. കൊല്ലം, പാലക്കാട്‌ എന്നിവിടങ്ങളില്‍ ഇത്‌ പൂര്‍ത്തീകരിച്ചു.
സാംസ്‌ക്കാരിക രംഗത്ത്‌ കാര്യക്ഷമമായി ഇടപെട്ട്‌ സാമൂഹ്യപുരോഗതിയ്‌ക്ക് ആക്കം കൂട്ടുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി ബിനാലെ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി സ്വാഗതവും സിഇഒ തോമസ്‌ വര്‍ഗീസ്‌ നന്ദിയും പ്രകാശിപ്പിച്ചു. കൊച്ചി മുസിരിസ്‌ ബിനാലെ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര ഫോര്‍ ദി ടൈം ബീയിംഗ്‌ എന്ന ബിനാലെ പ്രമേയം സദസ്സിന്‌ മുന്നില്‍ വിവരിച്ചു. കലാകാരന്റെ സ്വാതന്ത്ര്യം പൊതു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്ന്‌ അദ്ദേഹം പറഞ്ഞു. വ്യവസായ-കയര്‍-നിയമവകുപ്പ്‌ മന്ത്രി പി രാജീവ്‌, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്‌, കെ ജെ മാക്‌സി, മേയര്‍ എം അനില്‍കുമാര്‍, മുന്‍ മന്ത്രിയും ബിനാലെയുടെ അഭ്യുദയകാംക്ഷിയുമായ സിപിഐ(എം) ജന. സെക്രട്ടറി എം എ ബേബി, മുന്‍ മന്ത്രി കെ വി തോമസ്‌, മ്യൂസിയം-പുരാരേഖ വകുപ്പ്‌ അഡി. ചീഫ്‌ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്‌ടര്‍ ശിഖാ സുരേന്ദ്രന്‍, കെഎംബി പേട്രണ്‍ എം എ യൂസഫലി, ട്രസ്‌റ്റ് അംഗങ്ങളായ അദീബ്‌ അഹമ്മദ്‌, മറിയം റാം, അമൃത ഝവേരി, ഷബാന ഫൈസല്‍, ബോണി തോമസ്‌, ടോണി ജോസഫ്‌, എന്‍ എസ്‌ മാധവന്‍, ഉപദേശക സമിതിയംഗങ്ങളായ സംഗീത ജിന്‍ഡാല്‍, അലക്‌സ് കുരുവിള, അനുമെന്‍ഡ, കിരണ്‍ നാടാര്‍, വി സുനില്‍, കെ ജെ സോഹന്‍, ഷെഫാലി വര്‍മ്മ, അലക്‌സ് കുരുവിള, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, കെബിഎഫ്‌ പ്രോഗ്രാംസ്‌ ഡയറക്‌ടര്‍ മാരിയോ ഡിസൂസ, മുന്‍ ക്യൂറേറ്റര്‍ ജിതീഷ്‌ കല്ലാട്ട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയ്‌ക്ക് ശേഷം ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറി.നിഖില്‍ ചോപ്രയും എച്ച്‌ എച്ച്‌ ആര്‍ട്ട്‌ സ്‌പേസസും ചേര്‍ന്ന്‌ ക്യുറേറ്റ്‌ ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്‌റ്റ് പ്രോജക്‌റ്റുകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശനിയാഴ്‌ച മുതല്‍ പൊതുജനങ്ങള്‍ക്ക്‌ ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്‌.

Ads by Google
Advertisement
Saturday 13 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW