Wednesday, March 11, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.14 AM

20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ രാവിലെ എട്ടിന്‌ തുടങ്ങും ജില്ലയിലെ പോളിങ്‌ 77.27%

uploads/news/2025/12/815636/1.jpg

തദ്ദേശ തെരഞ്ഞെടുപ്പിന്റെ കോഴിക്കോട്‌ ജില്ലയിലെ അന്തിമ പോളിങ്‌ 77.27 ശതമാനം. 2020ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ്‌ 79.23 ശതമാനമായിരുന്നു. പോളിങ്ങില്‍ രണ്ട്‌ ശതമാനത്തിന്‌ അടുത്ത്‌ കുറവ്‌ വന്നത്‌ മുന്നണികളെ അശങ്കയിലാക്കി ചിന്തിപ്പിക്കുകയാണ്‌. മണിക്കൂറുകള്‍ മാത്രം കഴിഞ്ഞാല്‍ ഓരോ തദ്ദേശസ്‌ഥാപനങ്ങളിലെയും ജനപ്രതിനിനിധികളെ അറിയാനാകും. വോട്ടെണ്ണല്‍ ഇന്ന്‌ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ്‌ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്‌റ്റല്‍ ബാലറ്റുകളാണ്‌ എണ്ണുക. ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്‌റ്റല്‍ ബാലറ്റുകള്‍ അതത്‌ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്‌റ്റല്‍ ബാലറ്റുകള്‍ കലക്‌ടറേറ്റിലെ ജില്ലാ പ്ലാനിങ്‌ ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട്‌ നടക്കാവ്‌ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്‌ കോര്‍പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം.
ബ്ലോക്കുകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: വടകര ബ്ലോക്ക്‌ -മടപ്പള്ളി ഗവ. കോളജ്‌, തൂണേരി -പുറമേരി കടത്തനാട്‌ രാജാസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നുമ്മല്‍ -വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തോടന്നൂര്‍ -വടകര സെന്റ്‌ ആന്റണീസ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍, മേലടി -പയേ്ാേളി തിക്കോടിയന്‍ സ്‌മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശേരി -ബാലുശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പന്തലായനി -കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചേളന്നൂര്‍ -വെസ്‌റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്‌ കോളജ്‌, കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്ദമംഗലം -കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌, കോഴിക്കോട്‌ -സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
നഗരസഭകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്‌.എസ്‌.എസ്‌, വടകര -വടകര നഗരസഭ ടൗണ്‍ഹാള്‍, പയേ്ോളി -പയേ്ോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, രാമനാട്ടുകര -ഫാറൂഖ്‌ കോളജ്‌ യൂസഫ്‌ അല്‍ സാഗര്‍ ഓഡിറ്റോറിയം, കൊടുവള്ളി -കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുക്കം -നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഫറോക്ക്‌ -ഫാറൂഖ്‌ കോളജ്‌ ഓഡിറ്റോറിയം ആന്‍ഡ്‌ ട്രെയിനിങ്‌ കോളജ്‌.
തദ്ദേശ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണലിന്റെ ഫലം മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ തത്സമയം ലഭ്യമാക്കുന്നതിനുള്ള മീഡിയാ സെന്റര്‍ ഇന്ന്‌ രാവിലെ 08 മണി മുതല്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രവര്‍ത്തിക്കും.
ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത്‌ ബ്ലോക്ക്‌ തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളുടെ പോസ്‌റ്റല്‍ ബാലറ്റുകള്‍ അതത്‌ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. വോട്ടെണ്ണല്‍ രാവിലെ എട്ടിനു ആരംഭിക്കുന്നതിന്റെ മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്‌ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഏഴ്‌ മണിയോടുകൂടി സ്‌ട്രോങ്‌ റൂം തുറക്കും. ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ്‌ ഹാളിലേക്ക്‌ വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്‌റ്റല്‍ ബാലറ്റ്‌ എണ്ണി തുടങ്ങും. തുടര്‍ന്ന്‌ വോട്ടിങ്‌ മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന്‌ ഇലക്രേ്‌ടാണിക്‌ വോട്ടിങ്‌ മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ്‌ സ്‌ട്രോങ്ങ്‌ റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക. പോസ്‌റ്റല്‍ വോട്ടുകളില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ എട്ടു മണിക്കകം വന്ന ബാലറ്റുകള്‍ മാത്രമാണ്‌ എണ്ണുക. വാര്‍ഡ്‌,ഡിവിഷന്‍ തരം തിരിച്ച ശേഷമാണ്‌ ഇവ എണ്ണാനായി എടുക്കുക.
വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ്‌ മെഷീനുകള്‍ ഓരോ കൗണ്ടിംഗ്‌ ടേബിളിലും വയ്‌ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ്‌ സേ്‌റ്റഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്‌ഥാനാര്‍ത്ഥിയുടെയോ സ്‌ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ്‌ ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ്‌ ഓരോ ടേബളിലും വോട്ടെണ്ണുക.
ടേബിളിള്‍ വയ്‌ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്‌പെഷ്യല്‍ ടാഗ്‌ എന്നിവ കൃത്യമായി ഉണ്ടെന്ന്‌ സ്‌ഥാനാര്‍ഥികളുടെയോ കൗണ്ടിങ്‌, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത്‌ സ്‌ഥാനാര്‍ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്‌, ബ്ലോക്ക്‌പഞ്ചായത്ത്‌ സ്‌ഥാനാര്‍ഥികളുടെയും ജില്ലാപഞ്ചായത്ത്‌ സ്‌ഥാനാര്‍ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ്‌ സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക്‌ നല്‍കും.
ഒരു വാര്‍ഡിലെ പോസ്‌റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്‌ക്ക് അതത്‌ തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്‌ക്ക് വോട്ടുനില ട്രെന്റ്‌ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യും. ലീഡ്‌ നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.
വരണാധികാരി അനുവദിക്കുന്ന വ്യക്‌തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളു. കൗണ്ടിങ്‌ ഉദ്യോഗസ്‌ഥര്‍, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്‌ഥര്‍, സ്‌ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ്‌് ഏജന്റുമാര്‍ എന്നിവര്‍ക്കാണ്‌ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്‌.
സ്വന്തംലേഖകന്‍
കോഴിക്കോട്‌

Ads by Google
Advertisement
Saturday 13 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW