-->
കുടയത്തൂര്‍: പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി കിടന്നിരുന്ന ശങ്കരപ്പിള്ളി - നെല്ലാനിക്കല്‍ പാലം റോഡിന് നാട്ടുകാരുടെ കൂട്ടായ്‌മയുടെ ഫലമായി ശാപമോക്ഷം. മാസങ്ങളായി തകര്‍ന്നുകിടക്കുകയായിരുന്നു ഈ റോഡ്. വലിയ കുഴികള്‍ രൂപപ്പെട്ട് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാതെ വന്നു. ഇതുവഴി പ്രയാസപ്പെട്ട് വന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ വാഹനം കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിയുന്നത് സ്‌ഥിരം കാഴ്‌ചയായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അധികൃതരെ റോഡിന്റെ ശോച്യാവസ്‌ഥയെക്കുറിച്ച് അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരുടെ ഭാഗത്തു നിന്നും റോഡ് നന്നാക്കുവാന്‍ നീക്കമില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാര ത്തിനായി നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. റോഡിന്റെ ഗുണഭോക്‌താക്കളുടെ ഒരു വാട്‌സ് ആപ്പ് കൂട്ടായ്‌മ ഉണ്ടാക്കി. അതില്‍ റോഡിന്റെ ശോച്യാവസ്‌ഥയ്‌ക്ക് പരിഹാരം കാണണമെന്ന ചര്‍ച്ചകള്‍ നടന്നു. അങ്ങനെ എല്ലാവരും കൂടി ഒന്നിച്ച് നിന്ന് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. ഇതിനായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്ത് ധനം സമാ ഹരിച്ചു. മുക്കാല്‍ ലക്ഷത്തോളം രൂപ മുടക്കിയാണ് റോഡിലെ വലിയ കുഴികള്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് നികത്തിയത്. ഇതോടെ അധികൃതര്‍ അവഗണിച്ച റോഡിന് നാട്ടുകാരുടെ കൂട്ടായ്‌മ ശാപമോക്ഷം നല്‍കി.