-->
കോട്ടയം: ജോലിയ്‌ക്കായും പഠനത്തിനായുമുള്ള കുടിയേറ്റം പോളിങ്ങിനെ ബാധിച്ചുവോ?. ജില്ലയില്‍ പ്രവാസികള്‍ ഏറെയുള്ള പഞ്ചായത്തുകളിലാണ് ഇത്തവണ പോളിങ്ങ് കുറഞ്ഞതെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. കടുത്തുരുത്തി, പാലാ, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളിലെ പല പഞ്ചായത്തുകളിലും പോളിങ്ങ് ശതമാനം ഇത്തവണ 70 ശതാനത്തില്‍ എത്തിയിരുന്നില്ല. ഏറ്റവും കുറവ് പോളിങ്ങ് നടന്ന ഉഴവൂരില്‍ 63.22 ശതമാനം മാത്രമായിരുന്നു പോളിങ്ങ്‌്.
ഞീഴൂര്‍, നീണ്ടൂര്‍, കുമരകം, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി,കാണക്കാരി, കുറവിലങ്ങാട്, രാമപുരം, മാഞ്ഞൂര്‍, ഭരണങ്ങാനം, കരൂര്‍, മീനച്ചില്‍, മുത്തോലി, പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം, എലിക്കുളം, കിടങ്ങൂര്‍, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം,വാകത്താനം, വാഴപ്പള്ളി, നെടുംകുന്നം, മണിമല, എരുമേലി,പാറത്തോട്, കുറിച്ചി, പുതുപ്പള്ളി, വിജയപുരം പഞ്ചായത്തുകളിലും പോളിങ്ങ് 70 ശതമാനത്തില്‍ എത്തിയില്ല.
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഏഴും പാലാ, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ആറു വീതവും പഞ്ചായത്തുകളിലാണ് പോളിങ്ങ് ശതമാനം 70 കടക്കാതിരുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പിന്നില്‍ മാടപ്പള്ളിയും (67.17) ഉഴവൂരു(67.58)മായിരുന്നു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കുറവിലങ്ങാട്ടും കടുത്തുരുത്തിയിലും ഉഴവൂരും ഭരണങ്ങാനത്തും വാകത്താനത്തും പോളിങ്ങ് ശതമാനം എഴുപതില്‍ എത്തിയില്ല.
പോളിങ്ങ് കുറഞ്ഞ പഞ്ചായത്തുകളിലെല്ലാം വോട്ട് ചെയ്യാനെത്തിയവരില്‍ യുവാക്കള്‍ കുറവായിരുന്നുവെന്നു രാഷ്‌ട്രീയ നേതാക്കളും പറയുന്നു. കന്നി വോട്ടര്‍മാരുടെ എണ്ണത്തിലായിരുന്നു കുറവേറെയും. പൊതുവേ പ്രവാസി മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളാണ് ഇവ. ഇതിനു പുറമേ പഠനത്തിനായി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഈ മേഖലകളില്‍ നിന്നു പഠനത്തിനായി വിദേശത്തേയ്‌ക്കു കുടിയേറിയിട്ടുണ്ട്.
പോളിങ്ങ് ശതമാനം തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്തെ ചാര്‍ട്ടേഡ് ഫൈ്‌ളറ്റ് പറക്കലുകള്‍ പരീക്ഷിക്കാന്‍ ജില്ലയിലെ രാഷ്‌ട്രീയ പാര്‍ട്ടികളും ആലോചിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വരാനിരിക്കേ പോളിങ് ശതമാനം കുറയുന്നത് മുന്നണികള്‍ക്കു തലവേദനയാണ്