Thursday, March 12, 2026 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 05.20 AM

വൈക്കത്തഷ്‌ടമി ഉത്സവത്തില്‍ ഇന്ന്‌

uploads/news/2025/12/815355/2.jpg

രാവിലെ അഞ്ച്‌ മുതല്‍ പാരായണം, 6.40ന്‌ ഭക്‌തിഗാനാമൃതം, 7.20ന്‌ പുല്ലാംകുഴല്‍, എട്ടിന്‌ ശ്രീബലി, 11.30 മുതല്‍ സംഗീതക്കച്ചേരി, ഉച്ചക്ക്‌ 1.20ന്‌ ജുഗല്‍ ബന്ധി രണ്ടിന്‌ ഭജനാമൃതം, ഉത്സവബലി ദര്‍ശനം, 2.40ന്‌ ഭക്‌തിഗാനാമൃതം, 3.20ന്‌ ഭജനാമൃതം, വൈകിട്ട്‌ നാലിന്‌ സംഗീത സദസ്‌, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, ഏഴിന്‌ ഭക്‌തി ഗാനമേള, 7.45ന്‌ ഗംഗാതരംഗം, രാത്രി 9.45ന്‌ നൃത്തനൃത്യങ്ങള്‍, 10.30ന്‌ ഭരതനാട്യം, 12ന്‌ വിളക്ക്‌, പുലര്‍ച്ചെ രണ്ടിന്‌ ഹരികഥ.

എഴുന്നള്ളിപ്പുകള്‍ക്ക്‌ 13 ഗജവീരന്മാര്‍

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം ക്ഷേത്രത്തിലെയും പുറമെ മൂത്തേടത്തുകാവ്‌, കൂടുമ്മേല്‍, ശ്രീനാരായണപുരം, തൃണയംകുടം, ഇണ്ടംതുരുത്തി, പുഴവായി കുളങ്ങര, കിഴക്കുംകാവ്‌ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളും അഷ്‌ടമിയുടെ സവിശേഷതയാണ്‌. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകള്‍ക്ക്‌ രണ്ടു വീതം കരിവീരന്‍മാര്‍ അകമ്പടിയാകും

വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്‌

വൈക്കത്തഷ്‌ടമി ദിവസം രാത്രി പത്തിനാണ്‌ വൈക്കത്തപ്പന്‍ കിഴക്കേ ആനപ്പന്തലിലേക്ക്‌ എഴുന്നള്ളുന്നത്‌. പുത്രന്റെ വരവ്‌ പ്രതീക്ഷിച്ചു പിതാവ്‌ കൊടിമര ചുവട്ടില്‍ പഷ്‌ണിയുമായി ഉപവാസത്തോടെ നില്‍ക്കുന്നത്‌. അഷ്‌ടമി നാളിലെ പൂജ നടത്താനുള്ള ഒരുക്കത്തിന്റെ ഭാഗമായി. വൈക്കത്തപ്പന്റെ തങ്കവിഗ്രഹം പുറത്തേക്ക്‌ എഴുന്നള്ളിക്കും. ആഢംബരത്തോടെ എഴുന്നള്ളുന്ന വൈക്കത്തപ്പന്‍ കിഴക്കേ ഗോപുരനടയിലെ വ്യാഘ്രപാദ സങ്കേതത്തില്‍ എത്തുന്നതോടെ വാദ്യമേളങ്ങള്‍ ഉള്‍പ്പടെയുള്ള അലങ്കാരങ്ങള്‍ ഒഴിവാക്കി പുത്രനെ പ്രതീക്ഷിച്ചു കാത്തുനില്‍പ്പ്‌ തുടരും.

ഉദയനാപുരത്തപ്പന്റെ വരവ്‌

താരാക സുരനെയും ശൂര പത്മനെയും നിഗ്രഹിച്ച ശേഷം വിജയഭേരിയോടെ ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളുന്നു. രാജകീയ പ്രൗഢിയോടെ കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവരോടപ്പം എത്തുന്ന ഉദയനാപുരത്തപ്പന്റെ വരവ്‌ ശ്രദ്ധേയമാണ്‌. വലിയകവല, കൊച്ചാലുംചുവട്‌ വടക്കേനട എന്നിവിടങ്ങളില്‍ അലങ്കാരപ്പന്തല്‍ ഒരുക്കി നിറദീപങ്ങള്‍ തെളിയിച്ചു നിറപറ ഒരുക്കിയാണ്‌ വരവേല്‍പ്‌. തെന്നിന്ത്യയിലെ നാദസ്വര ചക്രവര്‍ത്തിമാരുടെ മേളം ചടങ്ങിന്‌ മോടി കൂട്ടും.

ദേശദേവതമാരുടെ എഴുന്നള്ളിപ്പ്‌

മൂത്തേടത്തുകാവ്‌, ഇണ്ടംതുരുത്തില്‍ ഭഗവതി എന്നിവര്‍ക്ക്‌ തെക്കേനടയിലെ അലങ്കാര പന്തലില്‍ നിലവിളക്കും നിറപറയും ഒരുക്കി വരവേല്‍പ്‌ നല്‍കും. തുണയംകുടത്തപ്പനും, പുഴവായികുളങ്ങര മഹാവിഷ്‌ണുവും, കിഴക്കുംകാവ്‌ ഭഗവതിയും വൈക്കത്തഷ്‌ടമിയിലെ വിളക്ക്‌ എഴുന്നള്ളിപ്പില്‍ പങ്കെടുക്കും.
ഉദയനാപുരത്തപ്പന്‍ ഉള്‍പ്പടെയുള്ള ദേവീദേവന്‍മാര്‍ നാലമ്പലത്തിന്റെ വടക്കുപുറത്തു സംഗമിച്ച്‌ വൈക്കത്തപ്പന്റെ സന്നിധിയിലേക്ക്‌ എഴുന്നള്ളും. അതേസമയം വൈക്കത്തപ്പന്‍ തന്റെ സ്‌ഥാനം മകന്‌ നല്‍കി അനുഗ്രഹിക്കും. ദേവീദേവന്‍മാര്‍ അവരവരടുടെ സ്‌ഥാനങ്ങളില്‍ എഴുന്നള്ളി നില്‍ക്കും.

വലിയ കാണിക്ക

അവകാശിയായ കറുകയില്‍ കുടുംബത്തിലെ കാരണവര്‍ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കര്‍പ്പിക്കും. തുടര്‍ന്ന്‌ ഭക്‌തജനങ്ങളും കാണിക്ക സമര്‍പ്പണം നടത്തും.

ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്‌

ഒരു പ്രദക്ഷിണത്തിനു ശേഷം ദേവീദേവന്‍മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട്‌ യാത്രചോദിച്ചു പിരിയും.

ദുഃഖം, ദുഃഖകണ്‌ഠാരം

വടക്കേ ഗോപുരത്തിനുസമീപത്തു നിന്ന്‌ വൈക്കത്തപ്പന്‍, ഗോപുരം ഇറങ്ങി പോകുന്ന മകന്റെ യാത്ര അടക്കി പിടിച്ച വായ്‌പോടെ നോക്കി നില്‍ക്കും. ആ സമയം ക്ഷേത്രം നിശ്‌ചലമാകുമ്പോള്‍ ദുഃഖരാഗം നാദസ്വരത്തിലുടെ പുറത്തക്ക്‌ വരും. വൈക്കത്തപ്പന്റെ ദുഃഖം പങ്കുവയ്‌ക്കുന്ന നിമിഷം ഭക്‌തജനങ്ങളും ഈറനണിയും. തുടര്‍ന്ന്‌ വൈക്കത്തപ്പന്‍ സാവധാനം ശ്രീകോവിലിലേക്ക്‌ എഴുന്നള്ളും. ഭക്‌തിനിര്‍ഭരമായ വിട പറയുന്ന രംഗം അടുത്ത അഷ്‌ടമിക്കും കാണാനുള്ള അവസരം തരണമെന്ന പ്രാര്‍ഥനയോടെ ഭക്‌തജനങ്ങള്‍ ക്ഷേത്രഗോപുരം കടന്നുപോകും.

പള്ളിവേട്ട, പള്ളിക്കുറുപ്പ്‌

അഷ്‌ടമി ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ശ്രീഭൂതബലി സമയം പള്ളിവേട്ടയും തുടര്‍ന്ന്‌ മണ്ഡപത്തില്‍ പള്ളി കുറുപ്പും നടക്കും. പശുകിടവിന്റെ കരച്ചില്‍ കേട്ടു ഉണരുന്ന വൈക്കത്തപ്പന്‌ താന്ത്രിക ആചാരമനുസരിച്ച്‌ അഭിഷേകം നടത്തുന്നതോടെ വീണ്ടും ശ്രീകോവിലിലേക്ക്‌ എഴുന്നള്ളുമ്പോള്‍ സമാപന ചടങ്ങായ ആറാട്ടിനുള്ള മുഹൂര്‍ത്തമാകും.

Ads by Google
Advertisement
Thursday 11 Dec 2025 05.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW