-->
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപൂര്‍വ റെക്കോഡ് സൃഷ്‌ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ക്കാലം സേവനം ചെയ്‌ത വ്യക്‌തിയായി അദ്ദേഹം മാറി. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. സിക്കിം മുഖ്യമന്ത്രിയായി 8,930 ദിവസമാണു ചാംലിങ് സേവനം ചെയ്‌തത്.
ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അദ്ദേഹം ആകെ 8,931 ദിവസമാണു പൂര്‍ത്തിയാക്കിയത്. അധികാത്തില്‍ തുടര്‍ച്ചയായി 25-ാം വര്‍ഷത്തിലേക്ക് അദ്ദേഹം പ്രവേശിക്കുകയും ചെയ്‌തു.ഏറ്റവും കൂടുതല്‍ക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് മോദി. 2014, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ നേടുകയും ചെയ്‌തു.
നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത് ഒക്‌ടോബര്‍ 7, 2001ന് ആയിരുന്നു. 2014 മേയ് 21 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. സംസ്‌ഥാനത്ത് 13 വര്‍ഷത്തിലേറെ ഭരണം നടത്തിയതിന് ശേഷമാണ് അദ്ദേഹം ദേശീയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2014 മേയ് 26ന് അദ്ദേഹം ഇന്ത്യയുടെ 14ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ലോക്‌സഭയില്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവായി അദ്ദേഹം മാറി. പിന്നീട്, രണ്ട് പൂര്‍ണ കാലാവധി പൂര്‍ത്തിയാക്കി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്.