Friday, March 13, 2026 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google

നിരീക്ഷണശാല

എ. ജയശങ്കര്‍
എ. ജയശങ്കര്‍
Saturday 07 Mar 2026 10.46 AM

ലീഗിലെ 'ഗുസ്‌തി'യും രാജീവിന്റെ 'ബുദ്ധി'യും

ലീഗിന്‌ മലപ്പുറം എന്നപോലെ കോണ്‍ഗ്രസിന്‌ ഉറപ്പുള്ള സ്‌ഥലമാണ്‌ എറണാകുളം ജില്ല. വാസ്‌തവത്തില്‍ കോണ്‍ഗ്രസിന്റെ മലപ്പുറമാണ്‌ എറണാകുളം. അവിടെ നിന്ന്‌ തോല്‍ക്കണമെങ്കില്‍ ബുദ്ധിമുട്ടാണ്‌ എന്ന്‌ അര്‍ഥം.
uploads/news/2026/03/828914/VE-abdul-Gafoor-P-Rajeev.jpg

കേരളത്തിന്റെ വ്യവസായ തലസ്‌ഥാനമാണു കളമശേരി. ഏറ്റവുമധികം വ്യവസായശാലകളും അതിനെ ഉപജീവിച്ച്‌ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരുടെയും ഇടം. സംസ്‌ഥാനത്തെ ഏറ്റവും കൂടുതല്‍ വ്യവസായ സ്‌ഥാപനങ്ങളും തൊഴിലാളികളും കേന്ദ്രീകരിച്ചിരിക്കുന്ന ഈ പ്രദേശത്ത്‌ ട്രേഡ്‌ യൂണിയനുകള്‍ക്കു നിര്‍ണായക സ്വാധീനമാണുള്ളത്‌. സാമൂഹിക ഘടന, തൊഴിലാളി രാഷ്‌ട്രീയം, മത-ജാതി സമവാക്യങ്ങള്‍, നഗരവല്‍കരണം എന്നിവയുടെ സ്വാധീനം ശക്‌തമായി പ്രകടമാകുന്ന മണ്ഡലമായതിനാല്‍ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്‌.

മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ്‌ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രമായി കളമശേരി നിയോജക മണ്ഡലം മാറുന്നുണ്ട്‌. 2011ലെ മണ്ഡല പുനര്‍വിഭജനത്തിന്‌ മുമ്പ്‌ കളമശേരി ആലുവ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. പഴയ ആലുവ മണ്ഡലം ഒരു പക്ഷേ, മലപ്പുറം ജില്ലയ്‌ക്ക്‌ തെക്ക്‌ മുസ്ലിം ഭൂരിപക്ഷമുള്ള ഏക മണ്ഡലവുമായിരുന്നു. ഇതില്‍ കൂടുതല്‍ മുസ്ലിംകളും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നവരാണ്‌. ലീഗിനെ പിന്തുണയ്‌ക്കുന്നവര്‍ തുലോം തുച്‌ഛം. കോണ്‍ഗ്രസും ലീഗും അല്ലാത്ത ഇതര മുസ്ലിം ന്യൂനപക്ഷം ഇടതുപക്ഷത്തെ പിന്തുണച്ചുപോന്നു. മണ്ഡല പുനര്‍വിഭനത്തിനുശേഷം പഴയ ആലുവയുടെ മുസ്ലിം ഭൂരിപക്ഷ സ്വഭാവം നഷ്‌ടമായി. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മാറി. ഇതിലെ പ്രധാന സെഗ്‌മെന്റ്‌ കളമശേരി മുനിസിപ്പാലിറ്റി, ഏലൂര്‍ മുനിസിപ്പാലിറ്റി എന്നിവയിപ്പോള്‍ കളമേശരി മണ്ഡലത്തിലായി. ആലുവാപ്പുഴയുടെ മറുഭാഗത്ത്‌ കുന്നുകര, കടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര ഇവിടേക്കു വന്നു.

ആലുവ പരമ്പരാഗതമായി കോണ്‍ഗ്രസ്‌ സ്വാധീനമുള്ള പ്രദേശമായതിനാല്‍ അതിന്റെ രാഷ്‌ട്രീയ സംസ്‌കാരം കളമശേരിയിലും പ്രതിഫലിച്ചിരുന്നു. മുസ്ലിം, ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ ഏറെക്കുറെ തുല്യമായിട്ടുള്ള മണ്ഡലമാണ്‌ കളമശേരി. ഇതാണ്‌ സാമുദായിക പശ്‌ചാത്തലം. അതില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യുന്നവരാണ്‌ മുസ്ലിംകളും ക്രിസ്‌ത്യാനികളും നായര്‍ സമുദായങ്ങളും. ഈഴവ, പിന്നാക്ക ജാതികള്‍ ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുന്നു. അതിനു പുറമേ ബി.ജെ.പിയുടെ ഘടകവും രംഗത്തുവന്നു. എന്നാല്‍, മറ്റു പലയിടങ്ങളെയും അപേക്ഷിച്ച്‌ ബി.ജെ.പി. കളമശേരിയില്‍ ദുര്‍ബലമാണ്‌. അതുമല്ല, ആ സീറ്റ്‌ ബി.ഡി.ജെ.എസിനാണ്‌ നല്‍കിവരുന്നത്‌. അതുകൊണ്ടു തന്നെ ബി.ജെ.പിയുടെ ഫുള്‍ പൊട്ടന്‍ഷ്യല്‍ കളമശേരിയില്‍ വര്‍ക്കാകുകയുമില്ല.

കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കളമശേരി, എലൂര്‍ നഗരസഭകളും പറവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ആലങ്ങാട്‌, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാലൂര്‍, പുത്തന്‍വേലിക്കര എന്നീ പഞ്ചായത്തുകളും അടങ്ങുന്ന കളമശേരി മണ്ഡലത്തില്‍ ആദ്യ രണ്ട്‌ തവണയും വിജയിച്ചത്‌ മുസ്ലിം ലീഗ്‌ നേതാവായ വി.കെ. ഇബ്രാഹിം കുഞ്ഞ്‌ ആയിരുന്നു. ലീഗുകാരനായ ഇബ്രാഹിം കുഞ്ഞിന്‌ സീറ്റ്‌ നല്‍കുന്നതില്‍ കളമശേരിയിലെ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കന്‍മാരും എതിരായിരുന്നു. അവര്‍ കളമശേരിയില്‍ നിന്ന്‌ മത്സരിച്ച്‌ നിയമസഭ സ്വപ്‌നം കണ്ടിരുന്നപ്പോഴാണ്‌ ഇടിവെട്ടുപോലെ ഇബ്രാഹിം കുഞ്ഞ്‌ അവതരിച്ചത്‌. അത്‌ കോണ്‍ഗ്രസ്‌ മണ്ഡലമാണെന്ന്‌ ഇബ്രാഹിം കുഞ്ഞിന്‌ നല്ല അറിവുണ്ടായിരുന്നു. അദ്ദേഹം വലിയ പണ്ഡിതനൊന്നുമല്ലായിരുന്നു. തനിക്ക്‌ കാര്യങ്ങള്‍ അറിയില്ല എന്നുള്ള തിരിച്ചറിവ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ ആ അറിയില്ല എന്നുള്ള തിരിച്ചറിവു തന്നെയായിരുന്നു. ഞാന്‍ അദ്ദേഹത്തെ പരിഹസിക്കുകയല്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്‌തി.

അതുകൊണ്ട്‌ കോണ്‍ഗ്രസില്‍നിന്ന്‌ വലിയ പിന്തുണ കിട്ടില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. പക്ഷേ, സാധാരണക്കാരെയാണ്‌ അദ്ദേഹം അഭിസംബോധന ചെയ്‌തത്‌. അതുകൊണ്ട്‌ ഒരു ഗുണം കിട്ടി. കോണ്‍ഗ്രസ്‌, മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടികളിലെ സാധാരണക്കാരുടെ പിന്തുണ അദ്ദേഹത്തിന്‌ കിട്ടി. മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിക്കും ബി.ജെ.പിക്കും പോകേണ്ടിയിരുന്ന വോട്ടുകളും ഇബ്രാഹിം കുഞ്ഞിന്‌ കിട്ടി. അദ്ദേഹത്തിന്റെ വിനയം, നയം വോട്ടര്‍മാരെ വശീകരിച്ചു. എനിക്ക്‌ കളമശേരിയില്‍ വോട്ടുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തിനേ വോട്ടുചെയ്യുമായിരുന്നുള്ളൂ. കാരണം അത്ര നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്‌. മനുഷ്യനുമായിട്ട്‌ ഇടപെടാന്‍ അത്ര കഴിവുള്ള ഒരാളെ ഞാന്‍ അപൂര്‍വമായിട്ടേ കണ്ടിട്ടുള്ളൂ. ആരെയും സഹായിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ജാതി, മത, വര്‍ഗ ബന്ധങ്ങള്‍ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ സഹായ ഹസ്‌തം നീണ്ടത്‌. അദ്ദേഹത്തിന്റെ രീതി പറയുന്നതിനാണ്‌ ഇത്രയും സൂചിപ്പിച്ചത്‌.

ഇബ്രാഹിം കുഞ്ഞ്‌ രണ്ടുവട്ടം ജയിച്ചതും അദ്ദേഹത്തിന്റെ രീതി ഇതായിരുന്നതുകൊണ്ടാണ്‌. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും നേതാക്കള്‍ അദ്ദേഹത്തിന്‌ ഏതിരായിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ ഇബ്രാഹിം കുഞ്ഞിനൊപ്പമായിരുന്നു. ഈയൊരു സ്വീകാര്യത അദ്ദേഹത്തിന്റെ മകന്‍ വി.ഇ. അബ്‌ദുള്‍ ഗഫൂര്‍ മത്സരിച്ചാല്‍ കിട്ടണമെന്നില്ല. ഇബ്രാഹിം കുഞ്ഞിന്റെ നയമോ വിനയമോ അഭിനയമോ ഒന്നും മകന്‍ അബ്‌ദുള്‍ ഗഫൂറിന്‌ വശമില്ല. അതുകൊണ്ടാണ്‌ ഗഫൂര്‍ തോറ്റത്‌. കളമശേരിയില്‍ മുസ്ലിം ലീഗ്‌ ശക്‌തമല്ല. ഉള്ള ലീഗുകാരില്‍തന്നെ തമ്മിലടി ശക്‌തമായതും തോല്‍വിക്ക്‌ കാരണമായി. കോണ്‍ഗ്രസുകാരും തക്കംപാര്‍ത്തിരിക്കുകയായിരുന്നു. ഇബ്രാഹിം കുഞ്ഞ്‌ ഉള്ളപ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്‌ അവര്‍ക്കറിയാം. എന്നാല്‍, മകനെയെങ്കിലും തോല്‍പ്പിക്കാനായി അവരുടെ അടുത്ത നീക്കം. അവരുടെ വര്‍ഗസ്വഭാവം തന്നെ കാലുവാരല്‍ ആണല്ലോ. അവര്‍ ഗഫൂറിനെ വാരിത്തോല്‍പ്പിച്ചു. ആ സീറ്റ്‌ ലീഗ്‌ തോറ്റാല്‍ പിടിച്ചെടുക്കാമല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മനോഭാവം. അവര്‍ കൃത്യമായി അതു നടപ്പിലാക്കി.

അതിലുപരി പി. രാജീവിന്റെ വരവ്‌ ശ്രദ്ധേയമായി. താത്വികമായി കാര്യങ്ങള്‍ പറയുന്ന ബുദ്ധിജീവി രാഷ്‌ട്രീയക്കാരന്‍ ആണെങ്കിലും പ്രായോഗിക രാഷ്‌ട്രീയത്തിലും അഗ്രഗണ്യനാണ്‌ രാജീവ്‌. പക്ഷേ, കണ്ടാല്‍ തോന്നില്ലെന്നു മാത്രം. ഭരണപരമായ കാര്യക്ഷമത, വികസന പ്രാധാന്യം, വ്യവസായ സൗഹൃദ നിലപാട്‌ എന്നിവ രാജീവിന്‌ നഗരമണ്ഡലമായ കളമശേരിയില്‍ കൂടുതല്‍ പിന്തുണ നേടാന്‍ സഹായിച്ചു. 2021ല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ പതിവുള്ള ഈഴവരാദി-പിന്നാക്ക, പട്ടികവിഭാഗങ്ങള്‍ ശക്‌തമായ മേഖലകളില്‍ രാജീവ്‌ ലീഡ്‌ നിലനിര്‍ത്തി. നായര്‍ വോട്ടര്‍മാര്‍ കൂടുതലുള്ള (ബി.ജെ.പിക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാരും കൗണ്‍സിലര്‍മാരും ഉള്ള മേഖല) പ്രദേശങ്ങളില്‍ രാജീവ്‌ ലീഡ്‌ ചെയ്‌തു. അതു സാധാരണ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇബ്രാഹിം കുഞ്ഞായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‌ കിട്ടേണ്ട വോട്ടായിരുന്നു അത്‌. ക്രിസ്‌ത്യന്‍ മേഖലകളില്‍ ഗഫൂര്‍ ലീഡ്‌ ചെയ്‌തു. അതേസമയം, മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ രാജീവ്‌ ലീഡ്‌ ചെയ്‌തു! അതായത്‌ പോപ്പുലര്‍ ഫ്രണ്ട്‌, പി.ഡി.പി., ലീഗ്‌ വിമതന്‍മാര്‍, കോണ്‍ഗ്രസുകാരായ മുസ്ലിംകള്‍ എന്നിവരും അതിലുപരി കാന്തപുരം സുന്നിവിഭാഗങ്ങള്‍ രാജീവിനൊപ്പമായിരുന്നു. അങ്ങനെയാണ്‌ രാജീവ്‌ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത്‌.

ഇത്തവണ ഗഫൂര്‍ തന്നെ മത്സരിക്കും. സത്യത്തില്‍ ലീഗ്‌ നല്ലൊരു സ്‌ഥാനാര്‍ഥിയെ നിര്‍ത്തുകയോ അല്ലെങ്കില്‍ കോണ്‍ഗ്രസിന്‌ സീറ്റ്‌ വിട്ടുകൊടുത്ത്‌ എറണാകുളം ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ മത്സരിക്കുകയോ ചെയ്‌തിരുന്നുവെങ്കില്‍ ജയ സാധ്യതയുണ്ടായിരുന്നു. ഷിയാസ്‌ വന്നാല്‍ രാജീവ്‌ ലിറ്ററുകണക്കിന്‌ വെള്ളം കുടിച്ചേനെ. പക്ഷേ, സീറ്റ്‌ ലീഗ്‌ വിട്ടുകൊടുക്കില്ല. എന്നാല്‍ പിന്നെ ശക്‌തനായ ഒരു സ്‌ഥാനാര്‍ഥിയെ ലീഗ്‌ മത്സരിപ്പിക്കണം. മലപ്പുറത്തു നിന്നോ പാലക്കാട്ടുനിന്നോ ഇറക്കണം. പി.കെ. ഫിറോസ്‌, കെ.എം. ഷാജി എന്നിവരെ മത്സരിപ്പിച്ചാല്‍ ചിത്രം മാറും. പക്ഷേ, ഗഫൂറിനെ തന്നെ സ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയാണ്‌.

ലീഗിലെ വിമതന്‍മാരും വിരുദ്ധന്‍മാരും ഗഫൂറിനെതിരേ പരസ്യമായി നിലപാട്‌ എടുക്കുന്നവരാണ്‌. ലീഗിന്റെ സംസ്‌ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഷാ അടക്കമുള്ളവരാണ്‌ ഗഫൂറിനെ എതിര്‍ക്കുന്നവരില്‍ മുന്നില്‍. പക്ഷേ, സീറ്റ്‌ മോഹിക്കുന്ന മുഹമ്മദ്‌ ഷായേക്കാളും എന്തുകൊണ്ടും യോഗ്യന്‍ ഗഫൂര്‍ തന്നെയാണ്‌. ഒന്നുമല്ലേലും പരമ്പരാഗതമായി ലീഗ്‌ കുടുംബക്കാരനാണല്ലോ. ഇതിലൊരു പ്രശ്‌നം അവശേഷിക്കുന്നത്‌ കോണ്‍ഗ്രസ്‌ എന്തുചെയ്യുമെന്നുള്ളതാണ്‌. കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍ കൃത്യമായി കിട്ടിയാല്‍ ഗഫൂറിന്‌ സാധ്യതയുണ്ട്‌. പക്ഷേ, അത്‌ കിട്ടുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്‌. ഇബ്രാഹിം കുഞ്ഞിന്‌ കിട്ടിയതുപോലെ ജാതി, മത, രാഷ്‌ട്രീയഭേദമെന്യേ വോട്ടു സമാഹരിക്കാന്‍ ഗഫൂറിന്‌ കഴിഞ്ഞാല്‍ ജയസാധ്യതയുണ്ട്‌. രണ്ടാമതായി രാജീവിന്റെ തന്ത്രങ്ങളെ അതീജിവിക്കണം. അതാകട്ടെ വലിയൊരു പ്രശ്‌നമാണ്‌. പണത്തിന്റെയും സ്വാധീനത്തിന്റെയും കാര്യത്തില്‍ ഇരുകൂട്ടരും കട്ടയ്‌ക്ക്‌ നില്‍ക്കും.

ഗഫൂറിന്‌ അനുകൂലമാകുന്ന മറ്റൊരു കാര്യമുള്ളത്‌ അഖിലകേരള അടിസ്‌ഥാനത്തില്‍ ഉള്ള യു.ഡി.എഫ്‌. തരംഗമാണ്‌. ഇപ്രാവശ്യം ഒരുമാതിരിയുള്ള യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ വിജയിക്കാനാണ്‌ സാധ്യത. പ്രത്യേകിച്ച്‌ എറണാകുളം ജില്ല യു.ഡി.എഫ്‌. കോട്ടയാണ്‌. ലീഗിന്‌ മലപ്പുറം എന്നപോലെ കോണ്‍ഗ്രസിന്‌ ഉറപ്പുള്ള സ്‌ഥലമാണ്‌ എറണാകുളം ജില്ല. വാസ്‌തവത്തില്‍ കോണ്‍ഗ്രസിന്റെ മലപ്പുറമാണ്‌ എറണാകുളം. അവിടെ നിന്ന്‌ തോല്‍ക്കണമെങ്കില്‍ ബുദ്ധിമുട്ടാണ്‌ എന്ന്‌ അര്‍ഥം. യു.ഡി.എഫിന്‌ 95 സീറ്റ്‌ കിട്ടുമെങ്കില്‍ ജയിക്കുന്ന കൂട്ടത്തില്‍ ഗഫൂറിനെയും കാണാം. എല്ലാവരും തോല്‍ക്കുന്ന കൂട്ടത്തില്‍ രാജീവും തോല്‍ക്കും. 95 സീറ്റില്‍ കുറഞ്ഞാല്‍ ഗഫൂര്‍ ജയിക്കില്ല.

മുമ്പ്‌ വി.എസ്‌.-പിണറായി തരംഗത്തിനിടയിലും ഇബ്രാഹിം കുഞ്ഞ്‌ വിജയിച്ചതുപോലെ, ഇന്ന്‌ വി.ഡി. സതീശന്‍ അല്ലെങ്കില്‍ രമേശ്‌ ചെന്നിത്തല തരംഗത്തില്‍ രാജീവിന്റെ വിജയസാധ്യത കൂടുതലാണ്‌. കളമശേരിയില്‍ ബി.ജെ.പി. അപ്രസക്‌തമാണ്‌. വഴിപാടുപോലെ സീറ്റ്‌ ബി.ഡി.ജെ.എസിനാകും നല്‍കുക. ഏതെങ്കിലുമൊരു സ്‌ഥാനാര്‍ഥിയെ നിര്‍ത്തും. വോട്ട്‌ ആര്‍ക്കുകൊടുക്കുമെന്ന കാര്യത്തില്‍ രൂപ-അണ പൈസ കാര്യത്തില്‍ പിന്നീട്‌ നേതാക്കള്‍ തീരുമാനിക്കും.

Ads by Google

നിരീക്ഷണശാല

എ. ജയശങ്കര്‍
എ. ജയശങ്കര്‍
Saturday 07 Mar 2026 10.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW