-->
അതിജീവനത്തിന്റെ വാക്കായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള മഹത്തായ ദൗത്യത്തിലാണു കേരളം. ഇതിന്റെ ഭാഗമായി, ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയനാട് മോഡല്‍ ടൗണ്‍ഷിപ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. 178 കുടുംബങ്ങള്‍ക്കായി പുതിയ വീടുകളും താക്കോലും ഭൂമിരേഖകളും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ, നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരളമാതൃക ഒരിക്കല്‍ക്കൂടി രാജ്യത്തിനും ലോകത്തിനും മുന്നില്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. ശേഷിക്കുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കേരള ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നു 2024 ജൂലൈ 30 നു വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 298 ആളുകളും അനൗദ്യോഗിക കണക്കിന്റെ അടിസ്‌ഥാനത്തില്‍ നാനൂറിലധികം പേരും കൊല്ലപ്പെട്ടു. ദുരന്തത്തിനുശേഷം നൂറിലധികം ആളുകളെവരെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍, ആ രാത്രിയില്‍ പ്രകൃതിയുടെ താണ്ഡവം എത്ര ഭയാനകമായിരുന്നുവെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 1500ലധികം വീടുകളാണ് പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നത്. എകദേശം 1,202 കോടിയുടെ സാമ്പത്തിക നഷ്‌ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. അത്‌ഭുതകരമായി രക്ഷപ്പെട്ട പലര്‍ക്കും ബാക്കിയുണ്ടായതു ജീവന്‍മാത്രം. പ്രിയപ്പെട്ടവരോടൊപ്പം ഭൂമിയും സ്വത്തുകളും മറഞ്ഞുപോയ മണ്ണില്‍ പകപ്പോടെ നിന്നവരുടെ കൈപിടിക്കാന്‍ കേരളം കാട്ടിയ മനസാണ് ജീവിതത്തിലേക്ക് ഇവര്‍ തിരിച്ചുകയറി വരുമ്പോള്‍ നിറയുന്നത്. ഇനിയുമുണ്ട്, ഒരുപാട് ദൂരം പോകാന്‍. എങ്കില്‍മാത്രമേ, പുനരുജ്‌ജീവനത്തിന്റെ ആവേശഗാഥ പൂര്‍ണമാകൂ. അതിജീവനത്തിന്റെ വാക്കായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ പൂരിപ്പിക്കപ്പെടൂ.
സര്‍ക്കാരിനൊപ്പം ലോകമെമ്പാടുമുള്ള മലയാളികളും മത, സാമുദായിക, സന്നദ്ധ സംഘടനകളും കൈകോര്‍ത്തു നില്‍ക്കുന്നത് ആവേശം പകരുന്നു. ഇപ്പോള്‍ ചില അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതിജീവനത്തിനു ശക്‌തിപകരാന്‍ രാഷ്‌ട്രീയഭേദമന്യേ ഉയര്‍ന്ന ശബ്‌ദം നല്‍കിയ ആവേശം ചില്ലറയല്ല.
മുസ്ലിം ലീഗ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയുണ്ടായി. കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ ദുരന്തബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിക്കുമെന്നാണ് പ്രഖ്യാപിച്ചത്. മറ്റു നിരവധി സംഘടനകളും പുനര്‍നിര്‍മാണത്തില്‍ ഹൃദയപൂര്‍വം സഹകരിക്കുന്ന കാഴ്‌ച അഭിമാനമേകുന്നു.
പുനരധിവാസം വൈകുന്നു എന്നാരോപിച്ച് ദുരന്തബാധിതരുടെ കൂട്ടായ്‌മകളും പ്രതിപക്ഷവും രംഗത്തിറങ്ങേണ്ട സാഹചര്യവും ഇതിനിടയില്‍ ഉണ്ടായെന്നതും കാണാതിരിക്കാനാവില്ല. എന്നാല്‍, അടുത്ത മഴക്കാലത്തിനു മുമ്പായി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വാക്ക്.
ജീവിതം തിരിച്ചുപിടിച്ചു പുതിയ വീട്ടിലേക്കു ചേക്കേറുമ്പോഴും, എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നതാണ് അവര്‍ക്കു മുന്നിലുള്ള പ്രതിസന്ധി. ഉപജീവന മാര്‍ഗങ്ങള്‍ നഷ്‌ടപ്പെട്ടവരാണു ഭൂരിഭാഗവും. എസ്‌റ്റേറ്റ് തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ആയിരുന്നവര്‍ക്ക് അത്തരമൊരു തൊഴില്‍ സാഹചര്യം പൂര്‍ണമായും നഷ്‌ടമായി. ഭൂമിയുടെയും വീടിന്റെയും ഉടമസ്‌ഥാവകാശം മണ്ണിനടിയിലായതോടെ നഷ്‌ടപരിഹാരം ലഭിക്കുന്നതിനും പുതിയ വായ്‌പകളെടുക്കുന്നതിനും പലരും ബുദ്ധിമുട്ടുന്നു. അതിജീവിതരുടെ പുനരധിവാസത്തിനായുള്ള ഗുണഭോക്‌തൃ പട്ടികയുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളും വിവാദവും തുടരുന്നതും നല്ല കാര്യമല്ല. സര്‍ക്കാരിന്റെ അന്തിമ പട്ടികയില്‍ അനര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അര്‍ഹരായവര്‍ക്കു സഹായം ലഭിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഒരുമയുടെ 'കേരളാ മോഡലി'ന് ഒട്ടും യോജിച്ചതല്ല. പുനരധിവാസത്തിനായി പൊതുജനങ്ങളില്‍നിന്നും മറ്റും ലഭിച്ച ഫണ്ട് വിനിയോഗിക്കുന്നതിലടക്കം സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ദൗത്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനക്കൂട്ടായ്‌മ ഉണ്ടായാല്‍മാത്രമേ അതിജീവനം പൂര്‍ണമായും സാക്ഷാത്‌ക്കരിക്കപ്പെടൂ.