Friday, March 13, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.07 AM

വോട്ട്‌ ചോര്‍ച്ചയും ബി.ജെ.പി മുന്നേറ്റവും; തിരുവനന്തപുരം ആര്‍ക്കൊപ്പം?

തിരുവനന്തപുരം ജില്ലയിലെ രാഷ്‌ട്രീയ ചതുരംഗത്തിലും കരുനീക്കങ്ങള്‍ സജീവം. തിരുവനന്തപുരം ജില്ല പിടിക്കുന്നവര്‍ കേരളം ഭരിക്കുമെന്നതാണ്‌ പതിവ്‌ ശൈലി. എന്നാല്‍, ഇത്തവണ കുറഞ്ഞത്‌ ഏഴു മണ്ഡലങ്ങളില്‍ എങ്കിലും ശക്‌തമായ ത്രികോണ പോരാണ്‌. ഈ ത്രികോണ ചൂടിനെ ആര്‌ മറികടക്കുമെന്നത്‌ പ്രവചനാതീതവും. ഭരണവിരുദ്ധ വികാരത്തെ പോലും ത്രികോണ ചൂട്‌ തളര്‍ത്തുമെന്ന്‌ കരുതുന്നവരുണ്ട്‌.
സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുറഞ്ഞ ജില്ലയായി തിരുവനന്തപുരം മാറിയെന്നത്‌ രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്‌. എസ്‌.ഐ.ആര്‍. പ്രകാരം ഏകദേശം 3.21 ലക്ഷം വോട്ടര്‍മാരാണ്‌ ജില്ലയില്‍ കുറഞ്ഞത്‌. ബി.ജെ.പിക്ക്‌ വലിയ സ്വാധീനമുള്ള തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്‌, നേമം മണ്ഡലങ്ങളില്‍ മാത്രം ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ഇല്ലാതായത്‌ മുന്നണികളെ ചിന്തിപ്പിക്കുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ 14 നിയമസഭാ മണ്ഡലങ്ങളുണ്ട്‌. ഇതില്‍ ഒരിടത്തു മാത്രമാണ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എയുള്ളത്‌. ബാക്കിയെല്ലാം ഇടതു മുന്നണിക്ക്‌ സ്വന്തം. ഇവിടെയാണ്‌ നാല്‌ സീറ്റുകളില്‍ ബി.ജെ.പിക്ക്‌ മുന്‍തൂക്കം വരുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഒന്നാം സ്‌ഥാനം പരിശോധിച്ചാല്‍ ആറു സീറ്റുകളില്‍ ബി.ജെ.പിക്ക്‌ മുന്‍തൂക്കമുണ്ട്‌. തിരുവനന്തപുരം നഗസഭാ ഭരണം ബി.ജെ.പി. പിടിച്ചിരിക്കുന്നു. ഇത്‌ നഗര മേഖലയിലെ നാല്‌ സീറ്റിലും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. ഇതോടൊപ്പമാണ്‌ ആറ്റിങ്ങലിലും കാട്ടാക്കടയിലും ബി.ജെ.പിയുടെ പ്രതീക്ഷകള്‍.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ തന്ത്രജ്‌ഞന്‍ സുനില്‍ കനഗോലുവിന്റെ കണക്ക്‌ പ്രകാരം കോണ്‍ഗ്രസ്‌ ആറില്‍ അധികം സീറ്റില്‍ വിജയപ്രതീക്ഷയിലാണ്‌. ഈ കണക്കിലേക്ക്‌ എത്തിയാല്‍ പോലും മറ്റു ജില്ലകളിലെ ഭൂരിപക്ഷത്തിലൂടെ കേരളം പിടിക്കാമെന്ന്‌ കോണ്‍ഗ്രസ്‌ കരുതുന്നു. എന്നാല്‍, അതിശക്‌തമായ ത്രികോണ ചൂടില്‍ പത്തു സീറ്റില്‍ കുറയാത്ത വിജയം സി.പി.എമ്മും പ്രതീക്ഷിക്കുന്നുണ്ട്‌.
കോവളവും തിരുവനന്തപുരം സെന്‍ട്രലും വട്ടിയൂര്‍ക്കാവും നെയ്യാറ്റിന്‍കരയും പാറശ്ശാലയും കാട്ടാക്കടയും ജയിക്കുകയാണ്‌ കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം വര്‍ക്കലയിലും അരുവിക്കരയിലും നെടുമങ്ങാട്ടും വലിയ സാധ്യതയും കാണുന്നു.
എന്നാല്‍ സിറ്റിങ്‌ എം.എല്‍.എമാര്‍ വീണ്ടും ജയിക്കുമെന്ന്‌ തന്നെയാണ്‌ ഇടതു പ്രതീക്ഷ. ബി.ജെ.പി. ഏറ്റവും പ്രതീക്ഷ വയ്‌ക്കുന്ന നാലു മണ്ഡലങ്ങളിലാണ്‌ എസ്‌.ഐ.ആറില്‍ വോട്ടു കുറഞ്ഞത്‌. ഇതില്‍ പരിഭവവും പരാതിയും കോണ്‍ഗ്രസിനും സി.പി.എമ്മിനുമുണ്ട്‌. രണ്ടു കൂട്ടരും പട്ടിക ആഴത്തില്‍ പരിശോധിക്കുകയാണ്‌. ഓരോ വോട്ടും തിരുവനന്തപുരത്ത്‌ നിര്‍ണായകമാണെന്ന്‌ മൂന്ന്‌ പേര്‍ക്കും അറിയാം. ബി.ജെ.പി. കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തത്‌ ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കും. നഗരസഭാ പരിധിയിലെ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക്‌ മേല്‍ക്കൈ ലഭിക്കുമോ എന്ന ആശങ്ക എല്‍.ഡി.എഫിനും യു.ഡി.എഫിനുമുണ്ട്‌.
മണ്ഡലങ്ങളിലെ പോരാട്ട ചിത്രം പരിശോധിച്ചാല്‍, തിരുവനന്തപുരം സെന്‍ട്രലില്‍ ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടര്‍ന്നുള്ള സാഹചര്യം എല്‍.ഡി.എഫിന്‌ വെല്ലുവിളിയാണ്‌. യു.ഡി.എഫ്‌. ഈ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ ശക്‌തനായ സ്‌ഥാനാര്‍ത്ഥിയെ തേടുമ്പോള്‍, ബി.ജെ.പിയും ഇവിടെ കണ്ണുവയ്‌ക്കുന്നു. വിഎസ്‌. ശിവകുമാര്‍, കെ.എസ്‌. ശബരീനാഥന്‍ എന്നിവര്‍ക്കൊപ്പം ശശി തരൂരിനെ പോലും ഇവിടെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയാക്കിയേക്കാം. കരമന ജയന്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ബി.ജെ.പിയില്‍ സീറ്റിനായി രംഗത്തുണ്ട്‌. ഇടതു മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്‌-ബി അടക്കം ഈ സീറ്റ്‌ നോട്ടമിടുന്നുണ്ട്‌. അങ്ങനെ വന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗം ബാലഗോപാല്‍ ഇടതു സ്‌ഥാനാര്‍ത്ഥിയാകും. തീര മേഖലയും നഗരവും ചേരുന്ന ഈ മണ്ഡലത്തില്‍ ആര്‍ക്കു വേണമെങ്കിലും ജയിക്കാം. ൈക്രസ്‌തവ-നായര്‍ വോട്ടുകള്‍ എങ്ങനെ പോള്‍ ചെയ്യുമെന്നതാണ്‌ നിര്‍ണായകം,
വട്ടിയൂര്‍ക്കാവില്‍ നിലവിലെ എം.എല്‍.എ: വി.കെ. പ്രശാന്തിന്റെ ജനപ്രീതി എല്‍.ഡി.എഫിന്‌ കരുത്താണെങ്കിലും, കോണ്‍ഗ്രസ്‌ കെ. മുരളീധരനെ തന്നെ വീണ്ടും കളത്തിലിറക്കാനാണ്‌ സാധ്യത. മുരളീധരന്റെ സ്‌ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ പോരാട്ടം ത്രികോണമാക്കും.
മുരളീധരന്‌ വേണ്ടി പോസ്‌റ്ററും ഇവിടെ ഒട്ടിച്ചിട്ടുണ്ട്‌. ബി.ജെ.പിക്കായി മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖ, നടന്‍ കൃഷ്‌ണകുമാര്‍ എന്നിവര്‍ സജീവ പരിഗണനയിലാണ്‌. അവസാന നിമിഷം അപ്രതീക്ഷിത സ്‌ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം എത്തിക്കാനും സാധ്യതയുണ്ട്‌. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ വന്‍ വിജയമുണ്ടായി വട്ടിയൂര്‍ക്കാവില്‍. കോണ്‍ഗ്രസും ഈ മേഖലയില്‍ തിരിച്ചു വരുന്ന ലക്ഷണം കാട്ടി. അതുകൊണ്ട്‌ രണ്ടു തവണ വട്ടിയൂര്‍ക്കാവിന്റെ എം.എല്‍.എയായ മുരളീധരന്‌ മുന്‍തൂക്കം ചിലര്‍ നല്‍കുന്നുണ്ട്‌. അയ്യപ്പ വികാരവും ഭരണവിരുദ്ധതയും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ കരുതുന്ന മണ്ഡലം കൂടിയാണ്‌ വട്ടിയൂര്‍ക്കാവ്‌.
നേമത്ത്‌ ഇത്തവണ അങ്കം കുറിക്കാന്‍ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ സന്നദ്ധത അറിയിച്ചത്‌ രാഷ്‌ട്രീയ കേരളം കൗതുകത്തോടെയാണ്‌ നോക്കുന്നത്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുത്ത ബി.ജെ.പിയുടെ ആത്മവിശ്വാസം നേമത്ത്‌ പ്രതിഫലിക്കും. എന്നാല്‍, എല്‍.ഡി.എഫും യു.ഡി.എഫും ഇവിടെ കരുത്തുറ്റ സ്‌ഥാനാര്‍ത്ഥികളെത്തന്നെയാകും പരീക്ഷിക്കുക. മന്ത്രി വി. ശിവന്‍കൂട്ടിയാകും സി.പി.എം. സ്‌ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ മുട്ടട കൗണ്‍സിലറായ വൈഷ്‌ണ സുരേഷ്‌ അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്‌. ആര്‍.എസ്‌.എസിന്‌ ശക്‌തമായ അടിത്തറയുള്ള നേമത്ത്‌ അടിയൊഴുക്കുകളാകും നിര്‍ണായകം. മുസ്ലീം വോട്ടുകള്‍ ആര്‍ക്ക്‌ വീഴുമെന്നതും വിജയിയെ നിശ്‌ചയിക്കും.
എസ്‌.ഡി.പി.ഐ. അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടും നിര്‍ണ്ണായകമാണ്‌. കഴക്കൂട്ടത്ത്‌ കടകംപള്ളി സുരേന്ദ്രന്‌ വീണ്ടും അവസരം ലഭിച്ചേക്കും. ബി.ജെ.പിയുടെ പ്രധാന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും പോരാട്ടത്തിന്‌ പുതുമാനം നല്‍കും. കോണ്‍ഗ്രസ്‌ ആരെ സ്‌ഥാനാര്‍ത്ഥിയാക്കുമന്ന്‌ ഇനിയും വ്യക്‌തത വന്നിട്ടില്ല. നടന്‍ പ്രേംകുമാര്‍ അടക്കം ഒരു പിടിപേര്‍ പരിഗണനയിലുണ്ട്‌.
അരുവിക്കരയില്‍ ജി. സ്‌റ്റീഫനെ നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌ ശ്രമിക്കുമ്പോള്‍, കെ.എസ്‌. ശബരീനാഥനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ്‌ കോണ്‍ഗ്രസ്‌ നീക്കം. നെയ്യാറ്റിന്‍കരയില്‍ കെ. ആന്‍സലനും, പാറശാലയില്‍ സി.കെ. ഹരീന്ദ്രനും എല്‍.ഡി.എഫ്‌ പട്ടികയില്‍ മുന്‍തൂക്കമുണ്ട്‌. കോവളത്ത്‌ എം. വിന്‍സെന്റ്‌ യു.ഡി.എഫിന്റെ കരുത്തായി തുടരുമ്പോള്‍ വിഴിഞ്ഞം തുറമുഖം ഉയര്‍ത്തുന്ന വികസന രാഷ്‌ട്രീയമാകും അവിടെ പ്രധാന ചര്‍ച്ചാവിഷയം. നെടുമങ്ങാടും വാമനപുരവും നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌. ശ്രമിക്കുമ്പോള്‍, ആറ്റിങ്ങലിലും വര്‍ക്കലയിലും ബി.ജെ.പിയുടെ വോട്ട്‌ വര്‍ധന ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നുണ്ട്‌. കാട്ടാക്കടയിലും അതിശക്‌തമായ ത്രികോണപോരുണ്ടാകും. സി.പി.എമ്മിലെ ഐ.ബി സതീശിന്‌ ശക്‌തമായ വെല്ലുവിളിയുണ്ടാകും. ബി.ജെ.പിക്കായി പി.കെ. കൃഷ്‌ണദാസ്‌ വീണ്ടും മത്സരിക്കും.

Ads by Google
Saturday 28 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW