-->
തിരുവനന്തപുരം; സി.പി.എമ്മിനും സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ പരസ്യമായി രംഗത്തിറങ്ങാന്‍ സി.പി.ഐ. തയാറെടുക്കുന്നു. സി.പി.എമ്മിന്റെ ആധിപത്യമനോഭാവം എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് തകര്‍ക്കുമെന്നാണ് സി.പി.ഐ. നിലപാട്. അടുത്ത ഇടതുമുന്നണി യോഗത്തില്‍ എം.വി. ഗോവിന്ദനെതിരേ രൂക്ഷവിമര്‍ശനമുന്നയിക്കാനും നീക്കം.
സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച എല്‍.ഡി.എഫ്. തെക്കന്‍ മേഖലാജാഥയോട് സി.പി.എം. കാട്ടിയ അവഗണനയാണ് സി.പി.ഐയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സി.പി.എമ്മിന്റെ നിസ്സഹകരണം ജാഥയുടെ ശോഭ കെടുത്തിയെന്നാണ് ആരോപണം. മാധ്യമശ്രദ്ധ നേടുന്നതിലും നിഷ്‌പക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിലും എല്‍.ഡി.എഫ്. മേഖലാജാഥകള്‍ വന്‍പരാജയമായിരുന്നെന്ന് സി.പി.ഐ. സംസ്‌ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഗോവിന്ദന്‍ നയിച്ച ജാഥ പലയിടത്തും വൈകിയെത്തിയതും അദ്ദേഹത്തിന്റെ പ്രസംഗം അതിരുകടന്നതും തിരിച്ചടിയായെന്നു സി.പി.ഐ. വിലയിരുത്തുന്നു. സദസ് പലപ്പോഴും ശൂന്യമായിരുന്നു. മൂന്ന് ജാഥകള്‍ ആവശ്യമില്ലായിരുന്നെന്നും ഒറ്റജാഥ മതിയായിരുന്നെന്നും വിലയിരുത്തലുണ്ട്.
കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയെ പുകഴ്‌ത്തി സി.പി.ഐ. രംഗത്തെത്തിയത് സി.പി.എമ്മിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ജാഥാംഗമായ സി.പി.ഐ. നേതാവ് പി.പി. സുനീറിന്റെ റിപ്പോര്‍ട്ടില്‍ ജോസിന്റെ പ്രവര്‍ത്തനശൈലിയെ വാനോളം പുകഴ്‌ത്തുന്നു. സമയക്രമം പാലിക്കുന്നതിലും മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നതിലും ജോസ് മാതൃകയാണെന്നാണ് സുനീറിന്റെ റിപ്പോര്‍ട്ട്. ഇത് ഗോവിന്ദനെതിരായ ഒളിയമ്പാണെന്നു സി.പി.എം. കരുതുന്നു.