-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര് രാജീവരര്‍ക്കു ജാമ്യം ലഭിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന് പ്രത്യേകാന്വേഷണസംഘത്തിന് (എസ്.ഐ.ടി) നിയമോപദേശം. ഇതിന്റെ അടിസ്‌ഥാനത്തില്‍, തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി. അടുത്തയാഴ്‌ച അപ്പീല്‍ നല്‍കിയേക്കും.
തന്ത്രിക്കെതിരേ പ്രാഥമികതെളിവുപോലുമില്ലെന്നു വ്യക്‌തമാക്കിയാണ് കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്. എന്നാല്‍, തെളിവുകളുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് വിജിലന്‍സ് കോടതിയില്‍ വെളിപ്പെടുത്താതിരുന്നതെന്നും അപ്പീലില്‍ എസ്.ഐ.ടി. ബോധിപ്പിക്കും. പ്രധാനതെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറും.
കേസില്‍ തന്നെ കുടുക്കിയതാണെന്നും അറസ്‌റ്റ് സര്‍ക്കാരിന്റെ പ്രതികാരമാണെന്നുമാണ് തന്ത്രി കോടതിയില്‍ വാദിച്ചത്. ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തതും ആചാരലംഘനം പാടില്ലെന്ന് നിലപാടെടുത്തതുമാണ് സര്‍ക്കാരിന്റെ വിരോധത്തിനു കാരണം. എല്ലാ ദിവസവും ശബരിമല ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ നീക്കവും താന്‍ തടഞ്ഞു. ഭരണകക്ഷിയിലെ ഉന്നതര്‍ക്ക് തന്നോട് വിരോധമുണ്ട്. കേസില്‍ പ്രതികളായ ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം തനിക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ കഥ മെനയുകയായിരുന്നെന്നും തന്ത്രി ജാമ്യഹര്‍ജിയില്‍ വാദിച്ചു.
ശബരിമലയില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹത്തിനെതിരേ സാക്ഷിമൊഴികളുണ്ടെന്നും എസ്.ഐ.ടി. കോടതിയില്‍ വാദിച്ചു. എന്നാല്‍, സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ എസ്.ഐ.ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി തനിക്കു ബന്ധമുണ്ടെന്ന എസ്.ഐ.ടി. ആരോപണം ദുരുദ്ദേശ്യപരമാണെന്നും തന്ത്രി വാദിച്ചു. മന്ത്രിമാരുള്‍പ്പെടെ ഉന്നതരുമായി പോറ്റിക്കുള്ള ബന്ധം മറയ്‌ക്കാനുള്ള നീക്കമായിരുന്നു അതെന്നും പ്രതിഭാഗം ആരോപിച്ചു. തന്ത്രിക്കെതിരേ സാമ്പത്തിക ഇടപാടുകളില്‍ തെളിവ് ഹാജരാക്കാനും എസ്.ഐ.ടിക്കു കഴിഞ്ഞില്ല.
തന്ത്രി 'ശപിച്ചു': താന്‍ അനുഭവിക്കും!
അറസ്‌റ്റിലായ തന്ത്രി കണ്‌ഠര് രാജീവര് അന്വേഷണോദ്യോഗസ്‌ഥനെ ശപിച്ചതായി വെളിപ്പെടുത്തല്‍. താന്‍ അനുഭവിക്കുമെന്നായിരുന്നു ശാപം. ഒരു കുറ്റവും ചെയ്യാത്ത തന്നെ ഇങ്ങനെ ഉപദ്രവിച്ചതിനാല്‍ ഇനി ശബരിമല ചവിട്ടാനില്ലെന്നു ശപഥവും ചെയ്‌തു.