Thursday, March 12, 2026 Last Updated 58 Min 39 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM

ബാര്‍ സമയവര്‍ധനയ്‌ക്കു പിന്നില്‍ ഇടതു-വലത്‌ മുന്നണികളുടെ അഴിമതി: രാജീവ്‌ ചന്ദ്രശേഖര്‍

'ഞങ്ങള്‍ തുറക്കുന്നതു ബാറുകളല്ല, സ്‌കൂളുകളാണ്‌ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായിസര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ബാറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഞെട്ടിക്കുന്നതാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഫണ്ട്‌ സമാഹരണമാണ്‌ ഇവരുടെ ലക്ഷ്യം
uploads/news/2026/02/826120/Rajeev-Chandrasekhar-3.jpg

തിരുവനന്തപുരം: കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടതുവലതു മുന്നണികള്‍ ഒറ്റക്കെട്ടാണ്‌ എന്നതിന്റെ തെളിവാണ്‌ ബാറുകളുടെ പ്രവൃത്തിസമയം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനമെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍.
സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ലക്ഷക്കണക്കിനു ഫയലുകള്‍ കെട്ടിക്കിടക്കുമ്പോഴാണ്‌ തെരഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം അവശേഷിക്കെ ബാര്‍ സമയം ഉയര്‍ത്താനുള്ള തീരുമാനമെന്നും ഇതിനു പിന്നില്‍ കോടികളുടെ അഴിമതിയാണു നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ തുറക്കുന്നതു ബാറുകളല്ല, സ്‌കൂളുകളാണ്‌ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായിസര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ബാറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഞെട്ടിക്കുന്നതാണ്‌. അതിനോടൊപ്പമാണ്‌ ബാര്‍ സമയം രാത്രി 12 വരെ ആക്കാനുള്ള തീരുമാനം. മാസം 60 മണിക്കൂര്‍, അതായത്‌ അഞ്ചു പ്രവൃത്തി ദിവസത്തിനു തുല്യമായ വര്‍ധനയാണ്‌ പിണറായി സര്‍ക്കാര്‍ ബാറുകള്‍ക്കു നല്‍കിയിരിക്കുന്നത്‌.
മുഖ്യമന്ത്രിതന്നെ ഫയല്‍ നേരിട്ടു വിളിച്ച്‌ അതിവേഗത്തിലായിരുന്നു നടപടിയെന്നാണ്‌ വാര്‍ത്ത. പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ്‌ പുതിയ ഭേദഗതി എന്ന്‌ എക്‌സൈസ്‌ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഇടതുവലതു മുന്നണികളുടെ ഒത്തുകളി രാഷ്‌ട്രീയമാണ്‌ ഈ തീരുമാനത്തിനു പിന്നിലും. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഫണ്ട്‌ സമാഹരണമാണ്‌ ഇവരുടെ ലക്ഷ്യം. ജനങ്ങള്‍ ലഹരി ഉപയോഗിച്ചു നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്‌ട്രീയകക്ഷികളുടെ നിലപാട്‌ അവസാനിപ്പിക്കണം.
അഴിമതിയും കൈക്കൂലിയുംമാത്രമല്ല, ജനങ്ങളുടെ സുരക്ഷയെകൂടി ബാധിക്കുന്നതാണ്‌ പുതിയ ഈ തീരുമാനം. കേരളത്തില്‍ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. ബാര്‍ സമയം അര്‍ധരാത്രിയിലേക്കു നീട്ടുമ്പോള്‍ ക്രമസമാധാനനില കൂടുതല്‍ വഷളാകും. ജനങ്ങളുടെ സൈ്വര്യജീവിതത്തെയും സമാധാനത്തെയും വെല്ലുവിളിക്കുന്നതാണ്‌ പുതിയ തീരുമാനം. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഫയലുകള്‍ക്കു നല്‍കാത്ത പരിഗണന മുഖ്യമന്ത്രി ബാര്‍ സമയവുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കു നല്‍കി എന്നാണു പുറത്തുവരുന്ന വിവരം. ഇതിനു പിന്നില്‍ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷണം വേണം'-രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW