-->
തൊടുപുഴ: ബൈക്ക് റോഡരികിലെ മൂടിയില്ലാത്ത ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മുതലക്കോടം കുന്നേല്‍ ബെന്നിയുടെ മകന്‍ ജെയ്‌സണ്‍ ബെന്നി (28) ആണ് മരിച്ചത്. അപകടം രണ്ട് ദിവസം കഴിഞ്ഞ് വിദേശത്ത് പോകാനിരിക്കെ. സ്ലാബ് സ്‌ഥാപിക്കാതെ അപകടം സൃഷ്‌ടിച്ചെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസറുടെ കാര്യാലയവും റോഡും യു.ഡി എഫ്. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച സമരം ഉച്ചയോടെയാണ് സമാപിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കസേരയില്‍ ചെടിച്ചട്ടി സ്‌ഥാപിച്ചു. ടേബിളില്‍ പതാക വിരിച്ചു. ബി.ജെ പി പ്രവര്‍ത്തകരും പൊതുമരാമത്ത് വകുപ്പ് ഓഫീസിലെത്തി ഉപരോധസമരം നടത്തി.
തിങ്കളാഴ്‌ച രാത്രി 10.40 നാണ് അപകടം നടന്നത്. തൊടുപുഴ ഭാഗത്തുനിന്നു വീട്ടിലേക്കു വരികയായിരുന്ന ജെയ്‌സണ്‍ മുതലക്കോടത്തിനടുത്ത് മാവിന്‍ചുവടിന് സമീപത്തെ വലിയ വളവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊതുമരാമത്ത് വകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണിത്. സ്ലാബുണ്ടായിരുന്നില്ല. ഈ കുഴിയിലേക്കാണ് ബൈക്ക് പതിച്ചത്.
കഴിഞ്ഞവര്‍ഷം ഓടയില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് തൊടുപുഴ നഗരസഭ ഇത് വൃത്തിയാക്കി. ഇതിനായി സ്ലാബുകള്‍ മാറ്റി. എന്നാല്‍ ഇത് പഴയപടിയാക്കാന്‍ നഗരസഭ നടപടിയെടുത്തില്ലെന്നും കത്ത് നല്‍കിയിരുന്നെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന കരിമണ്ണൂര്‍ എ.ഇ: കാര്‍ത്തിക് കൃഷ്‌ണ പറഞ്ഞു.
എന്നാല്‍, ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്നും സ്ലാബ് വൃത്തിയാക്കിയപ്പോഴാണ് ഫൗണ്ടേഷന്‍ ശരിയല്ലെന്ന് മനസിലായതെന്നും നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. ഇത് പരിഹരിക്കണമെന്ന് നിര്‍ദേശിച്ച് നഗരസഭയില്‍നിന്ന് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു.
ജെയ്‌സന്റെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി. അമ്മ: ബിന്ദു. സഹോദരി: അന്ന.