-->
ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളായ ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകണമെന്ന് സി.പി.എം. നിര്‍ദേശം. ഇതു സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തി.
എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എല്‍.എയും ഐ.എസ്.ജെ ഡി. സംസ്‌ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എയുമായാണ് ചര്‍ച്ച നടത്തിയത്. ഇരുകക്ഷികളുടെയും മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്‌ണന്‍കുട്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച തുടരും.
നിലവില്‍ എന്‍.സി.പിക്ക് കുട്ടനാട്, എലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍നിന്നും ഐ.എസ്.ജെ.ഡിക്ക് ചിറ്റൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍നിന്നുമാണ് എം.എല്‍.എമാരുള്ളത്. ലയനം യാഥാര്‍ഥ്യമായാല്‍ ഏഴ് സീറ്റുകള്‍ മത്സരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ കഴിയും. ഐ.എസ്.ജെ.ഡിയുടെ മുന്‍രൂപമായ ജനതാദള്‍ (എസ്) കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് മത്സരിച്ചത്. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി എന്നിവയായിരുന്നു അത്. ഇത്തവണ ഓരോ സീറ്റ് കൂടുതലായി വേണമെന്ന് ഇരുകക്ഷികളും ആവശ്യമുന്നയിച്ചപ്പോഴാണ് ലയന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചതെന്നാണ് അറിയുന്നത്.
ജനതാദള്‍(എസ്) കഴിഞ്ഞ തവണ മത്സരിച്ച കോവളം സീറ്റില്‍ മറ്റൊരു ഘടകകക്ഷിയായ ആര്‍.ജെ.ഡി. അവകാശവാദമുന്നയിച്ചതോടെ പുതിയ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ദേശീയനേതൃത്വം എന്‍.ഡി.എ. പാളയത്തിലെത്തിയതോടെയാണ് ജനതാദള്‍ (എസ്) കേരള ഘടകം കഴിഞ്ഞ മാസം കൊച്ചിയില്‍ ലയന സമ്മേളനം നടത്തി ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ എന്ന പേര് സ്വീകരിച്ചത്.
കേരളത്തില്‍ എല്‍.ഡി.എഫിനും കേന്ദ്രത്തില്‍ എന്‍.ഡി.എയ്‌ക്കുമൊപ്പമെന്ന പേരുദോഷം മാറ്റാനായിരുന്നു ഈ നീക്കം. 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്‌ഥാനമാകെ 46 സീറ്റുകളില്‍ വിജയിക്കാനായ എന്‍.സി.പിക്ക് ഇത്തവണ 25 സീറ്റുകളേ നേടാനായുള്ളു. ഇതും ലയന നിര്‍ദേശത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ച ഘടകമാണ്.
ജി. ഹരികൃഷ്‌ണന്‍