-->
തിരുവനന്തപുരം: ഇടതുഭരണം തുടരരുതെന്ന് വിവാദപരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട കാലാവധി രണ്ടുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. മെയ് 31 നായിരിക്കും അവസാനിക്കുക. 2022 ലാണ് കേരള സാഹിത്യ അക്കാദമി ഭരണസമിതി ചുമതലയേറ്റത്.
കേരളത്തിന് നല്ലത് മുന്നണികള്‍ മാറിയുള്ള ഭരണമാണെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നുമായിരുന്നു നേരത്തേ സച്ചിദാനന്ദന്റെ വിമര്‍ശനം. തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും വീണ്ടും ഒരു ഭരണം കൂടി വന്നാല്‍ അവസരവാദികളായ ധാരാളം ആളുകള്‍ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇത് വലിയ വിവാദം ഉയര്‍ത്തിവിടുകയും ചെയ്തിരുന്നു.
അതേസമയം ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരേ നടന്‍ പ്രേംകുമാര്‍ പ്രതികരണവുമായി എത്തിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന സദുദ്ദേശ്യപരമായ അഭിപ്രായം പങ്കുവെച്ചതാണ് തന്നെ പുറത്താക്കുന്നതിന് കാരണമായത്. എന്നാല്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദന് ഒരിളക്കവും വന്നില്ലെന്നും പറഞ്ഞിരുന്നു.