Thursday, March 12, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Sunday 15 Feb 2026 11.30 PM

ശബരിമല യുവതീപ്രവേശനം: സര്‍ക്കാരിന്‌ തലവേദന, ഉടന്‍ നിലപാടില്ല, ശബരിമലകേസ്‌ സുപ്രീം കോടതി പരിഗണിക്കുന്ന 80 കേസുകളില്‍ ഒന്നുമാത്രം

മതവിശ്വാസപരമായ വിഷയത്തില്‍ കോടതികള്‍ക്ക്‌ ഇടപെടാവുന്നതാണോ എന്ന ഭരണഘടനാ പ്രശ്‌നം ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനക്കു വിടുന്നതാണു ഇന്നത്തെ പരിഗണനാ വിഷയം. ഇത്തരത്തില്‍ എണ്‍പതില്‍ പരം കേസുകളുള്ളതില്‍ ഒന്നു മാത്രമാണു ശബരിമലകേസ്‌
uploads/news/2026/02/825632/Supream-court.jpg

കൊച്ചി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണം എന്നതുള്‍പ്പെടെ മതവിശ്വാസവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കുമ്പോള്‍ കേരളം നിലപാടുകളൊന്നും അറിയിക്കില്ല. ഇന്നു വാദം ഉണ്ടാകില്ല. സര്‍ക്കാര്‍ നിലപാട്‌ തിരുത്തി സുപ്രീം കോടതിയില്‍ ഇന്നുതന്നെ സത്യവാങ്‌മൂലം നല്‍കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 2018 ലാണു ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഉത്തരവിറക്കിയത്‌.

ഈ വിധി ചോദ്യം ചെയ്‌തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നതു സംസ്‌ഥാന സര്‍ക്കാരിനു നിര്‍ണായകമാകും.

മതവിശ്വാസത്തില്‍ ഏതറ്റം വരെ കോടതികള്‍ക്ക്‌ ഇടപെടാമെന്ന വിഷയം പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച്‌ രൂപീകരിക്കുന്നതിലും ഒമ്പതംഗ ബെഞ്ചില്‍ കേസിന്റെ വാദം എന്നുമുതല്‍ തുടങ്ങുമെന്നതിലുമാകും തീരുമാനമുണ്ടാകുക. 2019 നു ശേഷം ആദ്യമായാണു ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസും സുപ്രീംകോടതിയിലെത്തുന്നത്‌. ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല കേസ്‌ വിധി പറഞ്ഞ പഴയ ബഞ്ചില്‍ ചീഫ്‌ ജസ്‌റ്റീസ്‌ സൂര്യകാന്ത്‌ ഒഴികെ മറ്റെല്ലാവരും വിരമിച്ചു. രണ്ടുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഭരണഘടനാകേസുകള്‍ ഉടന്‍ ലിസ്‌റ്റുചെയ്യുമെന്നു ചീഫ്‌ ജസ്‌റ്റീസായി ചുമതലയേറ്റപ്പോള്‍ ജസ്‌റ്റീസ്‌ സൂര്യകാന്ത്‌ വ്യക്‌തമാക്കിയിരുന്നു.

മതവിശ്വാസപരമായ വിഷയത്തില്‍ കോടതികള്‍ക്ക്‌ ഇടപെടാവുന്നതാണോ എന്ന ഭരണഘടനാ പ്രശ്‌നം ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനക്കു വിടുന്നതാണു ഇന്നത്തെ പരിഗണനാ വിഷയം. ഇത്തരത്തില്‍ എണ്‍പതില്‍ പരം കേസുകളുള്ളതില്‍ ഒന്നു മാത്രമാണു ശബരിമലകേസ്‌. മുസ്ലീം സ്‌ത്രീകളുടെ പള്ളികളിലെ വിലക്ക്‌, ദാവൂദ്‌ ബോറാ സ്‌ത്രീകളുടെ ചേലാകര്‍മ്മം, അന്യമതസ്‌ഥരെ വിവാഹം ചെയ്യുന്ന പാഴ്‌സി സ്‌ത്രീകളുടെ വിലക്ക്‌ ഇവയെല്ലാം തന്നെ ഒരുമിച്ചാണു പരിഗണിക്കുക. സമാനതകളുള്ള കേസുകള്‍, വിഷയങ്ങള്‍ ഒരുമിച്ചു പരിഗണിയ്‌ക്കാതിരുന്നാല്‍ വ്യത്യസ്‌ത വിധികളും അതുവഴി സാമൂഹിക അസന്തുലിതാവസ്‌തയും ഉണ്ടാവുമെന്നതു കണക്കിലെടുത്തു ഇത്തരം കേസുകളെല്ലാം ഒന്നിച്ചുകേള്‍ക്കുന്നത്‌. കേരളത്തില്‍ നിന്നു ക്രൈസ്‌തവ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഇതില്‍പെടും.

ഭരണഘടന നിലവില്‍ വരുമ്പോള്‍ ഏഴുജഡ്‌ജിമാര്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോഴതു 33 ആയി വര്‍ധിച്ചിട്ടുണ്ട്‌. അതിനാല്‍, ഏഴിനു മുകളിലുള്ള ബഞ്ചാണു വാദം കേള്‍ക്കേണ്ടത്‌.
(1) മത സ്വാതന്ത്ര്യവും വ്യക്‌തി സ്വാതന്ത്ര്യവും തമ്മിലുള്ള പാരസ്‌പര്യം (2) ആര്‍ട്ടിക്കിള്‍ 25(1) ല്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹികാരോഗ്യം ഇവയുടെ വ്യാപ്‌തി (3) ഭരണഘടനാ ധാര്‍മികതയുടെ അര്‍ഥവ്യാപ്‌തി (4) മതാചാരങ്ങളില്‍ കോടതിക്ക്‌ എന്തുമാത്രം ഇടപെടലാവാം. (5) ഹിന്ദു വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥവ്യാപ്‌തി (6) ഒരു മതവിഭാഗത്തിലെ തന്നെ പ്രത്യേക വിഭാഗങ്ങള്‍ക്കു സംരക്ഷണം വേണമോ (7) ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ ഇതര മതസ്‌ഥര്‍ക്കു പൊതുതാല്‍പര്യ റിട്ടിനുള്ള അവകാശം, ഒപ്പം കേരളാ ഹിന്ദു ആരാധനാലയങ്ങളിലെ പ്രവേശനത്തിനുള്ള ചട്ടം ശബരിമലയ്‌ക്ക്‌ ബാധകമാവുമോ എന്നീ വിഷയങ്ങളാണു ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്‌ക്കു വരിക.

ജെബി പോള്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ ഒരു മിനിറ്റ്‌ കൊണ്ട്‌ എടുക്കാന്‍ കഴിയുന്നതല്ല. ആദ്യം പുനഃപരിശോധനാ ബെഞ്ച്‌ വരട്ടെ. ശേഷം നിലപാട്‌ അറിയിക്കും.

- പി. രാജീവ്‌

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇനി ഒളിച്ചുകളി പറ്റില്ല; സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കണം. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ സത്യവാങ്‌മൂലത്തില്‍ ഉറച്ചു നില്‍ക്കാം. മുമ്പ്‌ അന്നത്തെ ദേവസ്വം മന്ത്രി വിഷയത്തില്‍ പരസ്യമായി മാപ്പു പറഞ്ഞതാണ്‌. അങ്ങനെയെങ്കില്‍ ഈ സത്യവാങ്‌മൂലം പിന്‍വലിക്കണം. സര്‍ക്കാര്‍ മാറിയാല്‍ യു.ഡി.എഫിന്‌ ഒരു നിലപാടുണ്ട്‌. അതു കോടതിയെ അറിയിക്കും.

- വി.ഡി. സതീശന്‍

ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ ബി.ജെ.പി. നിലപാട്‌ വ്യക്‌തം. വിശ്വാസ വിഷയത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ പാടില്ല. കോടതി തീരുമാനിക്കട്ടെ സംസ്‌ഥാനങ്ങളുടെ കയ്യില്‍ അമ്പലങ്ങള്‍ നല്‍കരുത്‌.

- രാജീവ്‌ ചന്ദ്രശേഖര്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW