-->
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍) വളര്‍ച്ച നാടിനു നല്‍കുന്നത് പുതിയ പ്രതീക്ഷകളാണ്. സിയാലിനെ സമ്പൂര്‍ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിനു വിഭാവനം ചെയ്‌ത പദ്ധതികള്‍ സംസ്‌ഥാനത്തിന്റെ വികസനത്തില്‍ പ്രധാനമാകും. സിയാല്‍ എയ്‌റോ പാര്‍ക്ക് പദ്ധതിയുടെ ആദ്യ ഘട്ടമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള ബിസിനസ് സെന്റര്‍, അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കായി ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിശീലന കേന്ദ്രം, വിമാനത്താവള ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ആധുനിക സംവിധാനം തുടങ്ങിയ പദ്ധതികളാണ് ആദ്യ ഘട്ടത്തിലുള്ളത്. 101 കോടി ചെലവില്‍ 36 ഏക്കറിലായി ആറു പദ്ധതികളാണ് എയ്‌റോ പാര്‍ക്ക് പദ്ധതിയില്‍ ആകെയുള്ളത്. രണ്ടാം ഘട്ടത്തില്‍ ഒരു ഐടി പാര്‍ക്കും മൂന്നാം ഘട്ടമായി വിമാനത്താവളത്തോടനുബന്ധിച്ച് എയ്‌റോ സിറ്റിയും ലക്ഷ്യമിടുന്നു. കേവലമൊരു വിമാനത്താവളം എന്നതിലുപരി സിയാലിനെ വിവിധ സേവനങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിലൂടെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം നിരവധി ആളുകള്‍ക്ക് തൊഴിലും ലഭ്യമാകുമെന്നതു വലിയ നേട്ടമാകും.
കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സുപ്രധാന പങ്കാണുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം എന്ന നിലയില്‍ തുടക്കത്തില്‍തന്നെ സിയാല്‍ രാജ്യ ശ്രദ്ധ നേടിയിരുന്നു. സംസ്‌ഥാനത്തെ 62 ശതമാനത്തിലധികം വ്യോമയാന ഗതാഗതവും നിലവില്‍ കൈകാര്യം ചെയ്യുന്നതു സിയാലാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 489.84 കോടിയുടെ ലാഭമുണ്ടാക്കാനായി. സിയാലിന്റെ അടിസ്‌ഥാന സൗകര്യ വികസനവും വൈവിധ്യവത്‌ക്കരണവും തീര്‍ച്ചയായും സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാകും.
എയ്‌റോ പാര്‍ക്ക് പദ്ധതികള്‍ പൂര്‍ണമാകുന്നതോടെ രണ്ടായിരത്തോളം പേര്‍ക്കു നേരിട്ടും ആറായിരത്തോളം പേര്‍ക്കു പരോക്ഷമായും തൊഴില്‍ പ്രതീക്ഷിക്കുന്നു. 40,000 ചതുരശ്രയടിയില്‍ 30 കോടി രൂപ ചെലവഴിച്ചാണ് ബിസിനസ് സെന്റര്‍ വികസിപ്പിച്ചിരിക്കുന്നത്. ബോര്‍ഡ് റൂമുകള്‍, സെമിനാര്‍ ഹാളുകള്‍, പോഡ്‌കാസ്‌റ്റ് സ്‌റ്റുഡിയോകള്‍ എന്നിവ പ്രത്യേകതയാണ്. സിയാലിനെ സാങ്കേതകമായി സ്വയംപര്യാപ്‌തമാക്കാന്‍ ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റി സെന്റര്‍ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍.
ലോകത്തിലാദ്യമായി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം എന്ന ഖ്യാതി സിയാല്‍ നേടിയിരുന്നു. വിവിധ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയുന്നതിലൂടെ കൂടതല്‍ ശ്രദ്ധേയമാകുകയും ചെയ്യും. സംസ്‌ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ സിയാല്‍ വഹിക്കുന്ന പങ്ക് അളവറ്റതാണ്. സിയാലിന്റെ വികസനം ടൂറിസം മേഖലയിലും ഉറപ്പായും പ്രതിഫലിക്കും.
വികസനകാര്യത്തില്‍ മേനി നടിക്കുമ്പോഴും അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി ആക്ഷേപങ്ങള്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇപ്പോഴും ഉണ്ടാകുന്നുണ്ട്. 2018 ലെ പ്രളയകാലം സിയാലിനെ സംബന്ധിച്ചു വലിയ വെല്ലുവിളി നിറഞ്ഞാതായിരുന്നു. ഒരോ മഴക്കാലത്തും വിമാനത്താവളം നിരവധി പ്രതിസന്ധികളാണു നേരിടുന്നത്. സര്‍വീസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ടാമതൊരു റണ്‍വേ അനിവാര്യമാണ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ രണ്ടാമത്തെ റണ്‍വേയുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ വെല്ലുവിളിയായി തുടരുന്നു. എയ്‌റോ പാര്‍ക്ക് പദ്ധതികള്‍ പൂര്‍ത്തിയായാല്‍തന്നെ അടിസ്‌ഥാന സൗകര്യങ്ങളും രണ്ടാമതൊരു റണ്‍വേയും സാധ്യമാക്കാന്‍ കഴിഞ്ഞാല്‍മാത്രമേ അതിന്റെ പൂര്‍ണ പ്രയോജനം സിയാലിനു ലഭിക്കൂ. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ജീവനക്കാരെ വര്‍ധിപ്പിച്ച് ആളുകള്‍ക്ക് സേവനം ഉറപ്പാക്കുന്നതിലും സിയാലിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമത കാട്ടേണ്ടതുണ്ട്.