Friday, March 13, 2026 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

നിര്‍മിതബുദ്ധിയുടെ കാലത്തെ ഡിജിറ്റല്‍ അതിജീവനം

ഇന്ന്‌, ലോകം 'സുരക്ഷിത ഇന്റര്‍നെറ്റ്‌ ദിനം' ആചരിക്കുകയാണ്‌. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇങ്ങനെയൊരു ദിവസത്തെക്കുറിച്ച്‌ നമ്മള്‍ ചിന്തിച്ചിരുന്നത്‌, കമ്പ്യൂട്ടറിലെ വൈറസുകളെക്കുറിച്ചോ അല്ലെങ്കില്‍ മെയില്‍ പാസ്‌വേഡുകള്‍ മോഷണം പോകുന്നതിനെക്കുറിച്ചോ മാത്രമായിരുന്നു. എന്നാല്‍ ഇന്ന്‌, സ്‌മാര്‍ട്‌ഫോണിലൂടെ നമ്മള്‍ പ്രവേശിക്കുന്നത്‌ തികച്ചും അപരിചിതവും സങ്കീര്‍ണവുമായ മറ്റൊരു ലോകത്തേക്കാണ്‌.
ഈ വര്‍ഷത്തെ പ്രമേയം വിരല്‍ ചൂണ്ടുന്നത്‌ 'സ്‌മാര്‍ട്‌ സാങ്കേതികവിദ്യ, സുരക്ഷിതമായ തെരഞ്ഞെടുപ്പുകള്‍: നിര്‍മിത ബുദ്ധിയുടെ യുഗത്തില്‍ ഒരു വഴികാട്ടി' എന്ന ആശയത്തിലേക്കാണ്‌. എന്തുകൊണ്ടാണ്‌ 2026ലെ ഇന്റര്‍നെറ്റ്‌ സുരക്ഷ മുന്‍കാലങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമാകുന്നത്‌? ഉത്തരം ലളിതമാണ്‌: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എ.ഐ.)
മനുഷ്യന്റെ ജീവിതം എളുപ്പമാക്കാന്‍ കണ്ടുപിടിച്ച സാങ്കേതികവിദ്യകള്‍, ഇന്ന്‌ മനുഷ്യന്റെ സ്വത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു. നാം കാണുന്നതും കേള്‍ക്കുന്നതും സത്യമാണോ എന്ന്‌ ഉറപ്പിക്കാന്‍ കഴിയാത്ത ഒരവസ്‌ഥ. ഈ സാഹചര്യത്തില്‍, കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍, വിദ്യാര്‍ത്‌ഥികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ അറിഞ്ഞിരിക്കേണ്ട ഡിജിറ്റല്‍ യാഥാര്‍ത്‌ഥ്യങ്ങള്‍ ധാരാളമുണ്ട്‌.

പാസ്‌വേഡ്‌ മോഷണത്തില്‍നിന്ന്‌ വ്യക്‌തിത്വ മോഷണത്തിലേക്ക്‌

ഡിജിറ്റല്‍ സുരക്ഷാ ഭീഷണികളുടെ സ്വഭാവം അടിമുടി മാറിയിരിക്കുന്നു. പണ്ട്‌ ഒരു ഹാക്കര്‍ക്ക്‌ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍നിന്ന്‌ പണം തട്ടാന്‍ നിങ്ങളുടെ പാസ്‌വേഡോ പിന്‍ നമ്പറോ അത്യാവശ്യമായിരുന്നു. എന്നാല്‍ ഇന്ന്‌, നിങ്ങളുടെ 'ശബ്‌ദവും' 'മുഖവും' മാത്രം മതി അവര്‍ക്ക്‌ നിങ്ങളെ കബളിപ്പിക്കാന്‍. 2026ല്‍ സൈബര്‍ ലോകത്തെ ഏറ്റവും വലിയ വില്ലന്‍ 'ഡീപ്‌ഫേക്ക്‌' സാങ്കേതികവിദ്യയാണ്‌. നിര്‍മിത ബുദ്ധി ഉപയോഗിച്ച്‌ ഒരാളുടെ മുഖവും ശബ്‌ദവും മറ്റൊരാളിലേക്ക്‌ കൃത്യമായി തുന്നിച്ചേര്‍ക്കുന്ന വിദ്യയാണിത്‌.
നിങ്ങളുടെ വിദേശത്തുള്ള മകനോ മകളോ ഭര്‍ത്താവോ വീഡിയോ കോളില്‍ വരുന്നു. അവര്‍ സംസാരിക്കുന്നു, ചിരിക്കുന്നു, കൈകള്‍ അനക്കുന്നു. പെട്ടെന്ന്‌ അവര്‍ പറയുന്നു, 'എനിക്ക്‌ അത്യാവശ്യമായി 50,000 രൂപ വേണം, എന്റെ സുഹൃത്തിന്‌ അപകടം പറ്റി.' ആ മുഖവും ശബ്‌ദവും കണ്ട്‌ ഏത്‌ മാതാപിതാക്കളാണ്‌ വിശ്വസിക്കാത്തത്‌? എന്നാല്‍, ആ വീഡിയോ കോളിന്റെ മറുവശത്ത്‌ ഇരിക്കുന്നത്‌ നിങ്ങളുടെ മകനായിരിക്കില്ല;മറിച്ച്‌, നിങ്ങളുടെ മകന്റെ സോഷ്യല്‍ മീഡിയയിലെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച്‌ എ.ഐ. നിര്‍മിച്ചെടുത്ത ഒരു വ്യാജ രൂപമായിരിക്കും. ഇതിനെയാണ്‌ 'എ.ഐ. ഇംപേഴ്‌സണേഷന്‍' എന്ന്‌ വിളിക്കുന്നത്‌. കണ്ണും കാതും നമ്മളെ വഞ്ചിക്കുന്ന കാലമാണിത്‌.
മൂന്നോ നാലോ സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള നിങ്ങളുടെ ശബ്‌ദരേഖ കിട്ടിയാല്‍, അത്‌ ഉപയോഗിച്ച്‌ നിങ്ങള്‍ പറയാത്ത കാര്യങ്ങള്‍ നിങ്ങളുടെ ശബ്‌ദത്തില്‍ പറയിപ്പിക്കാന്‍ ഇന്ന്‌ വോയിസ്‌ കേ്ലാണിങ്ങിലൂടെ എ.ഐക്ക്‌ കഴിയും. 'അമ്മേ, ഞാന്‍ കുടുങ്ങിപ്പോയി' എന്ന്‌ കരയുന്ന മക്കളുടെ ശബ്‌ദം കേള്‍പ്പിച്ചു തട്ടിപ്പ്‌ നടത്തുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്‌.
കേരളത്തില്‍ സമീപകാലത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും, നിരവധി പേര്‍ക്ക്‌ കോടിക്കണക്കിന്‌ രൂപ നഷ്‌ടപ്പെട്ടതുമായ ഒരു തട്ടിപ്പാണ്‌ 'ഡിജിറ്റല്‍ അറസ്‌റ്റ്‌'. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിയമവ്യവസ്‌ഥയില്‍ 'ഡിജിറ്റല്‍ അറസ്‌റ്റ്‌' എന്നൊന്നില്ല. എന്നാല്‍ തട്ടിപ്പുകാര്‍ ഇരകളെ മാനസികമായി കീഴ്‌പ്പെടുത്താന്‍ ഈ പദം ഉപയോഗിക്കുന്നു.
നാം എവിടെ യാത്ര ചെയ്യുന്നു, എന്ത്‌ ഭക്ഷണം കഴിക്കുന്നു, ആരുമായി കൂട്ടുകൂടുന്നു, നമ്മുടെ ജന്മദിനം എന്ന്‌ എന്നെല്ലാം ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റാഗ്രാമിലും പോസ്‌റ്റ്‌ ചെയ്യുമ്പോള്‍, തട്ടിപ്പുകാര്‍ക്ക്‌ നമ്മെക്കുറിച്ചുള്ള ഒരു പ്ര?ഫൈല്‍ ഉണ്ടാക്കാനുള്ള അവസരം നല്‍കുകയാണ്‌. നിങ്ങളുടെ ജന്മദിനവും, വളര്‍ത്തുമൃഗത്തിന്റെ പേരും, മക്കളുടെ പേരും അറിയാവുന്ന ഒരാള്‍ക്ക്‌ നിങ്ങളുടെ പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കാന്‍ എളുപ്പമാണ്‌.
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഓരോ ചലനവും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്നതിനെയാണ്‌ 'ഷാരന്റിങ്‌' എന്ന്‌ പറയുന്നത്‌. ഇത്‌ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നു എന്ന്‌ മാത്രമല്ല, ഡാര്‍ക്ക്‌ വെബിലെ കുറ്റവാളികള്‍ക്ക്‌ കുട്ടികളുടെ ചിത്രങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. 2026ല്‍ ഒരു കുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്‍പത്തേക്കാളും കൂടുതലാണ്‌. അതുകൊണ്ട്‌, കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കുക.

തട്ടിപ്പുകള്‍ക്ക്‌ പുതിയ മുഖം

ഓണ്‍ലൈന്‍ പണമിടപാടുകള്‍ സര്‍വസാധാരണമായതോടെ തട്ടിപ്പുകളും ആ വഴിക്ക്‌ തിരിഞ്ഞു.
'ഓഹരി വിപണിയില്‍ 100% ലാഭം', 'വീട്ടിലിരുന്ന്‌ ലക്ഷങ്ങള്‍ സമ്പാദിക്കാം' തുടങ്ങിയ പരസ്യങ്ങളില്‍ വിശ്വസിച്ച്‌ വ്യാജ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നവര്‍ നിരവധിയാണ്‌. ആദ്യം ചെറിയ തുക ലാഭം നല്‍കി വിശ്വാസം പിടിച്ചുപറ്റും. പിന്നീട്‌ വലിയ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും, ആ തുക പിന്‍വലിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.
ഓര്‍ക്കുക, ക്യു.ആര്‍. കോഡ്‌ സ്‌കാന്‍ ചെയ്യുന്നത്‌ പണം അയക്കാന്‍ മാത്രമാണ്‌. പണം സ്വീകരിക്കാന്‍ ഒരിക്കലും ക്യു.ആര്‍. കോഡ്‌ സ്‌കാന്‍ ചെയ്യേണ്ടതില്ല. ഒ.എല്‍.എക്‌സിലോ മറ്റോ സാധനം വില്‍ക്കുമ്പോള്‍, 'പണം അങ്ങോട്ട്‌ അയക്കാം, ഈ കോഡ്‌ സ്‌കാന്‍ ചെയ്യൂ' എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ തട്ടിപ്പാണ്‌.
എങ്ങനെ സുരക്ഷിതരാകാം?

സൈബര്‍ ലോകത്ത്‌ സുരക്ഷിതമായി ജീവിക്കാന്‍ നമുക്കൊരു ഡിജിറ്റല്‍ കവചം ആവശ്യമാണ്‌. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശീലമാക്കുക. ഇന്റര്‍നെറ്റില്‍ ആരെയും, ഒന്നിനെയും കണ്ണടച്ച്‌ വിശ്വസിക്കരുത്‌. പണം ആവശ്യപ്പെട്ട്‌ സുഹൃത്തിന്റെ ശബ്‌ദത്തില്‍ കോള്‍ വന്നാല്‍, ആ കോള്‍ കട്ട്‌ ചെയ്‌ത ശേഷം, അവരുടെ യഥാര്‍ത്‌ഥ നമ്പറിലേക്ക്‌ സാധാരണ വോയിസ്‌ കോള്‍ വിളിച്ച്‌ കാര്യം ഉറപ്പുവരുത്തുക. കുടുംബാംഗങ്ങള്‍ക്കിടയില്‍ മാത്രം അറിയാവുന്ന ഒരു രഹസ്യ വാക്ക്‌(ഉദാഹരണത്തിന്‌: ഒരു പഴയ വീട്ടുപേരോ, ഇഷ്‌ടപ്പെട്ട നിറമോ) തീരുമാനിച്ചു വയ്‌ക്കുക. അത്യാവശ്യ ഘട്ടത്തില്‍ വിളിക്കുമ്പോള്‍ ഈ വാക്ക്‌ ചോദിക്കുക. എ.ഐക്ക്‌ അത്‌ അറിയാന്‍ കഴിയില്ലല്ലോ.
വാട്‌സ്‌ആപ്പ്‌, ഫേസ്‌ബുക്ക്‌, ജിമെയില്‍, ഇന്‍സ്‌റ്റാഗ്രാം തുടങ്ങി എല്ലാ അക്കൗണ്ടുകളിലും ടുസ്‌റ്റെപ്പ്‌ വെരിഫിക്കേഷന്‍ നിര്‍ബന്ധമായും ഓണ്‍ ചെയ്യുക. പാസ്‌വേഡ്‌ ആര്‍ക്കെങ്കിലും കിട്ടിയാലും, നിങ്ങളുടെ ഫോണിലേക്ക്‌ വരുന്ന ഒ.ടി.പി. ഇല്ലാതെ അവര്‍ക്ക്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിയില്ല. എസ്‌.എം.എസ്‌. ആയോ വാട്‌സ്‌ആപ്പ്‌ മെസേജ്‌ ആയോ വരുന്ന നീല നിറത്തിലുള്ള ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യാതിരിക്കുക.

സൈബര്‍ ശുചിത്വം
പല്ല്‌ തേക്കുന്നത്‌ പോലെ, കുളിക്കുന്നതു പോലെ പ്രധാനമാണ്‌ ഡിജിറ്റല്‍ ശുചിത്വവും. ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണില്‍നിന്ന്‌ നീക്കം ചെയ്യുക. ഫോണും കമ്പ്യൂട്ടറും കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്യുക. പബ്ലിക്‌ വൈഫൈ (റെയില്‍വേ സ്‌റ്റേഷന്‍, പാര്‍ക്ക്‌ എന്നിവിടങ്ങളിലെ സൗജന്യ വൈഫൈ) ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്താതിരിക്കുക.
നിയമത്തിന്റെ വഴി

എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ തട്ടിപ്പില്‍ പെട്ടുപോയേക്കാം. അവിടെയാണ്‌ 'ഗോള്‍ഡന്‍ അവര്‍' പ്രധാനമാകുന്നത്‌. പണം നഷ്‌ടപ്പെട്ട്‌ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിവരം പോലീസിനെ അറിയിച്ചാല്‍, ആ പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍നിന്ന്‌ മാറ്റുന്നതിന്‌ മുന്‍പ്‌ മരവിപ്പിക്കാന്‍ സാധിക്കും.
1930: ഇതാണ്‌ നാഷണല്‍ സൈബര്‍ ൈക്രം ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. തട്ടിപ്പ്‌ നടന്നാല്‍ ഉടന്‍ ഈ നമ്പറില്‍ വിളിക്കുക. ന്ദന്ദന്ദ.്യത്ന്വനുത്സ്യത്സദ്ധണ്ഡനു.ദ്ദഗ്നത്മ.ദ്ധ എന്ന വെബ്‌സൈറ്റിലും പരാതി രജിസ്‌റ്റര്‍ ചെയ്യാം. കേരള പോലീസ്‌ സൈബര്‍ഡോം പോലുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്‌. പക്ഷേ, അവരുടെ സഹായം തേടുന്നതിന്‌ മുന്‍പ്‌ നമ്മള്‍ തന്നെ നമ്മുടെ സുരക്ഷ ഉറപ്പാക്കണം.
(തൃക്കാക്കര ഭാരത മാതാ കോളജ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ ഡീനും ഹെഡുമാണ്‌ ലേഖകന്‍.)

ഡോ. ജോണ്‍ ടി. ഏബ്രഹാം തേവരേത്ത്‌

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW