-->
ഫെബ്രുവരി ഒന്നിന് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരേ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതിഷേധിച്ചവരെല്ലാം കടലാമ പോലുള്ള നിസാരമായ വിഷയങ്ങളില്‍ ഊന്നുകയും സുപ്രധാനമായ വിഷയങ്ങളെ അവഗണിക്കുകയും ചെയ്‌തു.
ആമയ്‌ക്ക് മുന്നേയുള്ള അവതാരമായ മത്സ്യത്തെ വന്‍കിട കുത്തക കമ്പനികള്‍ക്ക് തീറെഴുതുന്ന വിപല്‍ക്കരമായ സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കടല്‍ത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയര്‍ എര്‍ത്ത് കോറിഡോര്‍ കൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്‌ഥാനവും ഇരുട്ടിലാകുകയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ് പുതിയ കോറിഡോര്‍ വരുന്നത്. കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ച കൊച്ചി-നീണ്ടകര-വിഴിഞ്ഞം ഇടനാഴിക്കും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ നിര്‍ദേശം പൊതുമേഖലാ സ്‌ഥാപനത്തെ ശക്‌തിപ്പെടുത്തുക എന്നതാണ്. കേന്ദ്രമാകട്ടെ സര്‍വവ്യാപിയായ സ്വകാര്യവല്‍ക്കരണ നടപടിയുടെ ഭാഗമായി ഇതിനെ മാറ്റി തീര്‍ത്തിരിക്കുകയാണ്. മേല്‍പ്പറഞ്ഞ തീരദേശ സംസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട് 1500 ടണ്‍ ശേഷിയുള്ള അഞ്ചു സംസ്‌കരണ ശാലകളില്‍ ഒന്ന് കേരളത്തിന് നല്‍കുമത്രേ!
കേരളത്തിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ വേര്‍തിരിച്ച ഒന്നേകാല്‍ ലക്ഷം ടണ്‍ മോണോ സൈറ്റ് ഉണ്ട്. ഇവയുടെ മൂല്യം 4000 കോടി രൂപയോളം വരും. ഇല്‍മനൈറ്റ്, റൂടൈല്‍, സിലിമ നൈറ്റ്, സിര്‍ക്കോണ്‍ തുടങ്ങിയവ വേര്‍തിരിച്ച ശേഷം അവശേഷിച്ച ധാതുമണലില്‍ 25% മോണസൈറ്റും 60% അപൂര്‍വ ധാതുക്കളും ആണ്. ഇവ വേര്‍തിരിച്ചെടുക്കുന്ന ട്രാക്കിങ് പ്ലാന്റുമായി ബന്ധപ്പെട്ട് കേരളം കെല്‍ട്രോണും കെ.എം.എം.എല്ലും അടക്കം പങ്കാളിത്തമുള്ള മൂന്ന് പൊതുമേഖലാ-സംയുക്‌ത സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയാണ് മുന്നോട്ടുവച്ചത്. കേന്ദ്രമാകട്ടെ തങ്ങളുടെ പൊതുവായ സ്വകാര്യവല്‍ക്കരണ നടപടികളുടെ ഭാഗമായി ഈ പ്രവര്‍ത്തനങ്ങളെയും മാറ്റിത്തീര്‍ക്കുകയാണ്. ഈ മേഖലയില്‍ 2040 ആകുമ്പോള്‍ സ്വയംപര്യാപ്‌തത കൈവരിക്കുകയാണത്രേ കേന്ദ്ര സര്‍ക്കാരിന്റെലക്ഷ്യം.
ഇലക്‌ട്രിക് വാഹനം,ക്ല ീന്‍ എനര്‍ജി, ഇലക്‌ട്രോണിക്‌സ്, പ്രതിരോധം എന്നീ മേഖലകള്‍ക്ക് ആവശ്യമായ അപൂര്‍വ ലോഹങ്ങള്‍ക്ക് ലോകം ചൈനയെ ആശ്രയിക്കുന്ന ഒരു സാഹചര്യമാണിന്ന്. ഇത്തരം അപൂര്‍വ ലോഹങ്ങളുടെ 60 ശതമാനം ഉത്‌പാദനവും, 95 ശതമാനം സംസ്‌കരണവും നടക്കുന്നത് ഇപ്പോള്‍ ചൈനയിലാണ്. ലിഥിയം ചൈനയിലും, തെക്കേ അമേരിക്കയിലും, കൊബാള്‍ട്ട് കോംഗോയിലും, ഫിലിപ്പൈന്‍സിലും, നിക്കല്‍ ഇന്തോനീഷ്യയിലും നിന്നാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ജമ്മു കശ്‌മീരിലെ റീസി ബ്ലോക്കില്‍നിന്നും 5.9 ദശലക്ഷം ടണ്‍ ലിഥിയം കണ്ടെത്തപ്പെട്ടിട്ടുണ്ട്. അമേരിക്കമായുള്ള ക്വാഡ്രിലാറ്ററല്‍ കരാര്‍ പ്രകാരം ഇന്ത്യ വിവിധ രാജ്യങ്ങളില്‍ സമീപ ദിവസങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്.
ഈ രംഗത്ത് സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന നിലയില്‍ 2002ലെ നമ്മുടെ ഖനന നിയമം 2023-ല്‍ ഭേദഗതി ചെയ്യുകയുണ്ടായി. 2025 ജനുവരിയില്‍ ദേശീയ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍ രേഖയും പുറത്തിറക്കുകയുണ്ടായി.
നാലാള്‍ പോലും കൂടുന്നത് നിയമവിരുദ്ധവും അസാധ്യവുമായ കോവിഡ് കാലത്താണ് കേന്ദ്ര സര്‍ക്കാര്‍ ബ്ലൂ ഇക്കോണമി രേഖകള്‍ പുറപ്പെടുവിച്ചത്. 607 പേജുകളുള്ള ഈ ഏഴ് പുസ്‌തകങ്ങളില്‍ ആറാമത്തെ പുസ്‌തകത്തിലാണ് പുറംകടല്‍ ഖനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2018-ല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ദേശീയ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസ് ചെയര്‍മാന്‍ ഡോ. ശൈലേഷ് നായിക് അധ്യക്ഷനായ പത്തംഗ സമിതിയെ നിയോഗിക്കുകയുണ്ടായി.
ഇന്ത്യയുടെ കടലുകളെ അഞ്ചായി ഭാഗിച്ച് വിവിധ മേഖലകളില്‍നിന്നും ലഭ്യമാകുന്ന ധാതുക്കളെ സംബന്ധിച്ച് ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് നിന്നും ആരംഭിച്ച് 100 മീറ്റര്‍ ആഴം വരെയുള്ള പ്രദേശത്തു നിന്നും ലഭ്യമാകുന്ന കരിമണല്‍ - പ്ലേസര്‍ മിനറല്‍സ്- ഇതില്‍ ഒന്നാം ഭാഗത്ത് വരുന്നു. ആയിരം മീറ്റര്‍ ആഴം വരെയുള്ള ഭാഗത്തുനിന്നും ലഭ്യമാകുന്ന ഫോസ്‌ഫോറൈറ്റ്‌സ്, കടലിനടിയിലെ അഫാനസി - നികിതിന്‍ പോലുള്ള പര്‍വതശിഖരങ്ങളുടെ മുകള്‍ ഭാഗത്തുനിന്നും ലഭ്യമാകുന്ന കൊബാള്‍ട്ട് ക്രസ്‌റ്റ്, 4000 മീറ്റര്‍ ആഴം വരെയുള്ള പ്രദേശത്തു നിന്നും ലഭിക്കുന്ന പോളി മെറ്റാലിക് സള്‍ഫൈഡുകള്‍ 4000 മുതല്‍ 6000 മീറ്റര്‍ വരെ താഴെ പരന്നു കിടക്കുന്ന ആഴക്കടലില്‍നിന്നും ലഭ്യമാകുന്ന മാംഗനീസ് നൊഡ്യൂളുകള്‍ എന്നിവയാണവ. ഇവയുടെ മൂല്യം 178 ബില്യണ്‍ ഡോളറായി കണക്കാക്കിയിട്ടുണ്ട്.
കേരളതീരത്ത് സമൃദ്ധമായി കാണപ്പെടുന്ന കരിമണലിന് 120 ബില്യണ്‍ ഡോളറാണ് മൂല്യം. ഇവയുടെ ഖനനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയിരം മീറ്റര്‍ ആഴം വരെ പ്രവര്‍ത്തിക്കുന്ന ഡ്രഡ്‌ജറുകളും, റിമോട്ട് ഓപ്പറേറ്റഡ് വാഹനങ്ങളും, ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകളും, സീ ബെഡ് ക്രോളേഴ്‌സും, ഓട്ടോണമസ്‌കോറേഴ്‌സും;മാന്‍സ് സബ് മെഴ്‌സിബിള്‍ഉപകരണങ്ങളും ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച മത്സ്യ - 6000 ഉപകരണങ്ങളും അടക്കം ആധുനികമായ യന്ത്രങ്ങള്‍ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.
കരിമണലില്‍ മോണസൈറ്റ്, ഇല്‍മനൈറ്റ്, മാഗ്‌നറ്റെട്, സില്ലിമി നൈറ്റ്, സിര്‍ക്കോണ്‍, റൂടൈല്‍, കിയാനെറ്റ് എന്നിവ ഉള്‍പ്പെടും. നമ്മുടെ കെ.എം.എം.എല്ലില്‍ വേര്‍തിരിച്ച ഒന്നേകാല്‍ലക്ഷം ടണ്‍ മോണസൈറ്റ് ഉണ്ട്. ഇല്‍മനൈറ്റ്, റൂടൈല്‍, സിലിമനൈറ്റ്, സിര്‍ക്കോണ്‍ എന്നിവ വേര്‍തിരിച്ച ശേഷമുള്ള മണലില്‍ 25% മോണോസൈറ്റും 60 ശതമാനം അപൂര്‍വ ധാതുക്കളും ഉണ്ട്. ഇവയുടെ സംസ്‌കരണവും വിപുലീകരണവുമായി ബന്ധപ്പെട്ട് കേരളം, കൊച്ചി-നീണ്ടകര-വിഴിഞ്ഞം ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ അടക്കമുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളാണ് ഈ ഇടനാഴിയുടെ ഭാഗമായി വരിക. കേന്ദ്രത്തിന്റെ ഇടനാഴിയില്‍ സ്വകാര്യ സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 249, ലിസ്‌റ്റ് 21, ഷെഡ്യൂള്‍ രണ്ടു പ്രകാരം 12 നോട്ടിക്കല്‍ മൈല്‍ വരെ വരുന്ന കടലിലെ പരിപൂര്‍ണ സാമ്പത്തിക- പരിപാലന അവകാശം സംസ്‌ഥാനങ്ങള്‍ക്കാണ് -ഈ അവകാശം എടുത്തു മാറ്റുകയും കേന്ദ്രം നേരിട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന പരിപാടിയാണിത്.
2023ല്‍ അപൂര്‍വ ധാതുക്കളുടെ ഉത്‌ഖനനവുമായി ബന്ധപ്പെട്ട രേഖ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം ഇന്ത്യയുടെ വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ നിക്ഷേപം ആരംഭിച്ചു. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ 10 കമ്പനികള്‍ വിദേശ സ്‌ഥാപനങ്ങളുമായി സഹകരിച്ച് 2000 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു. ടാറ്റ തമിഴ്‌നാട് സര്‍ക്കാരുമായി 1500 കോടി രൂപയുടെ ധാരണാപത്രവും ഒപ്പുവച്ചു. 2004ലെ സുനാമിക്ക് ശേഷം വന്‍തോതില്‍ തമിഴ്‌നാട് ഭാഗത്ത് ഇല്‍മനൈറ്റ് അടിഞ്ഞതിലാണ് അവരുടെ താല്‍പര്യം. റഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന് അവര്‍ ഒഡീഷ സര്‍ക്കാരുമായും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ബി.ജെ.പി. സര്‍ക്കാരിന്റെ പ്രധാന പ്രതിപുരുഷനായ ഗൗതം അദാനി 2024ല്‍ തന്നെ ആന്ധ്ര കേന്ദ്രീകരിച്ച് അലൂവിയല്‍ ഹെവി മെനറല്‍സ് ലിമിറ്റഡും, ഒഡീഷ കേന്ദ്രീകരിച്ച് പുരി നാച്ചുറല്‍ റിസോഴ്‌സ് ലിമിറ്റഡും സ്‌ഥാപിച്ച് ബോംബെ സ്‌റ്റോക്‌എക്‌സ്‌ചേഞ്ചില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുമുണ്ട്. അമേരിക്ക നേതൃത്വം നല്‍കുന്ന ക്വാഡുമായി ബന്ധപ്പെട്ട് കൂടി ഈ വിഷയം നാം പരിഗണിക്കണം
പ്രകൃതി വിഭവങ്ങളുടെ ദയാരഹിതമായ ചൂഷണം സ്വകാര്യസ്‌ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിനെതിരേ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്ന കാലമാണിത്. കേരളത്തില്‍തന്നെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് കൊല്ലം അടക്കമുള്ള കടലിലെ മൂന്നെണ്ണമടക്കം 13 ബ്ലോക്കുകള്‍ ലേലം ചെയ്യാനുള്ള തീരുമാനം മത്സ്യത്തൊഴിലാളികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം മൂലം ഇനിയും നടപ്പായിട്ടില്ല. ഒന്‍പതു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ലേലം കൊള്ളാന്‍ ആരും വന്നിട്ടുമില്ല. കൊല്ലത്ത് 302 ദശലക്ഷംടണ്‍ ശുദ്ധമണലാണ്, 242ചതുരശ്ര കിലോമീറ്ററില്‍നിന്നും എടുക്കാന്‍ തീരുമാനിച്ചത്. എല്യൂട്രിയേഷന്‍എന്ന പ്രക്രിയ വഴി ഇതില്‍നിന്നും ധാതു മണലും ഊറ്റിയെടുക്കാനാവും.
ഇത് കേരളത്തിന്റെ അനുഭവ പാഠമാണ്. തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ നായ്‌ക്കര്‍ പട്ടി എന്ന സ്‌ഥലത്ത് 2500 ഹെക്‌ടര്‍ പ്രദേശത്തു നിന്നും ടങ്‌സ്‌റ്റണ്‍ ഖനനം ചെയ്‌തെടുക്കാനുള്ള വേദാന്ത കമ്പനിയുടെ നീക്കത്തിനെതിരേ അവിടുത്തെ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയതും പരിപാടിയെ ചെറുത്തു പരാജയപ്പെടുത്തിയതും നാം കാണണം. ആന്ധ്രയിലെ വിശാലമായ കൃഷ്‌ണ-ഗോദാവരി പ്രദേശത്ത് ഒ.എന്‍.ജി.സി. വികസിപ്പിച്ചെടുത്ത എണ്ണപ്പാടങ്ങള്‍ അംബാനിക്ക് കൈമാറിയതിനുശേഷം അവരുമായി നടക്കുന്ന വ്യവഹാരങ്ങളില്‍നിന്നും ഇനിയും ഇന്ത്യ പാഠം പഠിച്ചിട്ടില്ല. സര്‍വവ്യാപിയായ സ്വകാര്യവല്‍ക്കരണത്തിനെതിരേയും, പ്രകൃതി വിഭവങ്ങളുടെ പുതിയ രൂപത്തിലുള്ള കൊള്ളയ്‌ക്കെതിരേയും രാജ്യവ്യാപകമായി പ്രക്ഷോഭം. നടക്കുകയാണ്.
ഛത്തീസ്‌ഗഡിലെ അരാന്ദാ- ഹാസ്‌ദേവ് നദികള്‍ക്കിടയിലെ വിശാലമായ വനമേഖല, ഭരണഘടനയെ അടക്കം ഭേദഗതി ചെയ്‌തുകൊണ്ട് കല്‍ക്കരി ഖനനത്തിനായി അദാനിക്കു വിട്ടുകൊ ടുക്കുകയും ഓപ്പറേഷന്‍ കഗാറിന്റെ പേരില്‍ ആദിവാസികളെ അടക്കം നിര്‍മൂലനം ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ പശ്‌ചാത്തലത്തില്‍ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി വിപുലമായ ബഹുജനപ്രസ്‌ഥാനം രൂപീകരിക്കേണ്ടതുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികളെയും സംസ്‌ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം ഒരു ബ്ലാക്ക് ഇക്കോണമി ആയി മാറിയിരിക്കുകയാണ്. പത്തുവര്‍ഷമായി പസഫിക് സമുദ്രത്തിലെക്ല ാരിയര്‍ക്ല ിപ്പര്‍ട്ടണ്‍ പ്രദേശത്തു നിന്നും മാംഗനീസ് നൊഡ്യൂള്‍സ് ഖനനം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുന്ന നൗട്ടിലസ് മിനറല്‍ സ് എന്ന സ്‌ഥാപനം പാപ്പരാ യതില്‍നിന്നുപോലും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ലെന്നോ?
ചാള്‍സ് ജോര്‍ജ്