-->
നെല്ലു സംഭരണത്തിനു നല്‍കുന്ന പ്രോത്സാഹന ബോണസ് തുടരുമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട് നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമാകും. രാജ്യത്തു നെല്ലുല്‍പ്പാദനം വര്‍ധിക്കുന്നതു നാടിനാകെ ബാധ്യതയാണെന്ന വാദവുമായി കേന്ദ്രം നിശ്‌ചയിക്കുന്ന താങ്ങുവിലയ്‌ക്കു മുകളിലായി ബോണസ് നല്‍കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് കേരളം തള്ളിയത്. നിലവില്‍ കേന്ദ്രം നിശ്‌ചയിച്ചിരിക്കുന്ന താങ്ങുവിലയായ 23.69 രൂപയും സംസ്‌ഥാനം അനുവദിക്കുന്ന പ്രോത്സാഹന ബോണസ് തുക 6.31 രൂപയും ഉള്‍പ്പെടെ കിലോയ്‌ക്ക് 30 രൂപയാണ് ഒരു കിലോ നെല്ലിന്റെ സംഭരണ വിലയായി കര്‍ഷകര്‍ക്കു ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍, ഈ തുകതന്നെ പോരെന്ന കര്‍ഷകരുടെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര നിര്‍ദേശം വെല്ലുവിളിയായത്.
നെല്‍ കര്‍ഷകരെ ചേര്‍ത്തുപിടിക്കേണ്ടത് ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിന്റെ ഉത്തരവാദിത്വവും കടമയുമാണ്. കേന്ദ്രം നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി ബോണസ് ഉയര്‍ത്താന്‍ പതിവായി മടികാണിക്കുന്ന കേരളം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹംതന്നെ.
നെല്ലിന്റെ പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രം കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും കര്‍ഷകവിരുദ്ധമാണ്. അധിക ബോണസ് കര്‍ഷകരെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കുമെന്നും രാജ്യത്ത് ആവശ്യത്തിലധികം നെല്ല് ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമാകുമെന്നുമാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ വാദം. കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നെല്ല് സംഭരിക്കാനും സൂക്ഷിക്കാനും വന്‍ തുക വേണ്ടിവരുമെന്നും പൊതു ഖജനാവിനു കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. കൂടാതെ നെല്ല്, ഗോതമ്പ് തുടങ്ങിയവ ജലവും വളവും അധികമായി ഉപയോഗിക്കുന്ന വിളകളാണെന്നും കൂടുതലായി കൃഷി ചെയ്യുന്നതുമൂലം ഭൂഗര്‍ഭ ജല ചൂഷണത്തിനും പരിസ്‌ഥിതി ആഘാതത്തിനും കാരണമാകുന്നതായും വിലയിരുത്തലുണ്ട്. നെല്ലിനു പകരം പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ കൃഷി കേരളം പ്രോത്സാഹിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
യഥാര്‍ഥത്തില്‍, കേരളത്തിലെ നെല്ലുല്‍പാദനവും അരിയുടെ ഉപഭോഗവും തമ്മില്‍ വലിയൊരു അന്തരം നിലനില്‍ക്കുമ്പോഴാണ് കേന്ദ്രത്തില്‍നിന്ന് ഇത്തരമൊരു 'കുത്ത് ' ഉണ്ടാകുന്നത്. സംസ്‌ഥാനത്ത് ആവശ്യമായ അരിയുടെ ചെറിയൊരു ഭാഗംമാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഭക്ഷണരീതിയില്‍ അടുത്ത കാലത്തുണ്ടായ മാറ്റങ്ങള്‍ കാരണം ആളോഹരി അരി ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിന്റെ വാര്‍ഷിക അരി ഉപഭോഗം ഏകദേശം 40 ലക്ഷം മെട്രിക് ടണ്ണിലധികമാണെന്നാണ് കണക്ക്. ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാകട്ടെ 5.30 മെട്രിക് ടണ്‍മാത്രവും. ആവശ്യത്തിന് അരി ഇല്ലെന്നുമാത്രമല്ല, നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്‌തൃതിയും കര്‍ഷകരുടെ എണ്ണവും സംസ്‌ഥാനത്ത് കുറയുകയും ചെയ്യുന്നു. ഈയൊരു പശ്‌ചാത്തലത്തില്‍ നെല്‍കര്‍ഷകര്‍ക്കു കൂടുതല്‍ തിരിച്ചടിയാകുന്ന കേന്ദ്ര തീരുമാനം തള്ളിയതു തികച്ചും യുക്‌തമായി.
കൃഷി സംസ്‌ഥാന വിഷയമാണെന്നും അതില്‍ ഇടപെടുന്നതു ശരിയല്ലെന്നുമുള്ള വാദം കേരളം ഉന്നയിക്കുന്നു. ആവശ്യത്തിനു നെല്ലുല്‍പ്പാദനം പോലും ഇല്ലെന്നിരിക്കെ, മിച്ചം ഉല്‍പ്പാദിപ്പിക്കുന്ന സംസ്‌ഥാനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കേരളത്തിനു ബാധകമാക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഈ വര്‍ഷം ജനുവരിയിലെ കണക്കനുസരിച്ച് കേന്ദ്ര പൂളിലുള്ള അരിയുടെ ശേഖരം 63.06 ദശലക്ഷം ടണ്ണാണ്. ഇത് നിശ്‌ചിത ബഫര്‍ സ്‌റ്റോക്കിനേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍, കേരളത്തില്‍ സ്‌ഥിതി മറിച്ചാണുതാനും. അരിയുടെ ബഫര്‍ സ്‌റ്റോക്ക് കൂടുന്നത് കേന്ദ്രത്തിനു സാമ്പത്തിക ബാധ്യതയാണെങ്കില്‍ കൂടിയും അതിനു പരിഹാരമെന്നത് കേരളം പോലുള്ള സംസ്‌ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറയ്‌ക്കുകയല്ല. കേന്ദ്രം പറയുന്നതുകേട്ട് ബോണസ് കൂടി ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ കിലോഗ്രാമിന് ആറു രൂപയോളമാണ് കര്‍ഷകര്‍ക്കു കുറയുന്നത്. അതോടെ കൃഷി ഉപേക്ഷിക്കുകമാത്രമാകും കര്‍ഷകര്‍ക്കു മുന്നിലുള്ള മാര്‍ഗം. ഇപ്പോള്‍തന്നെ സംഭരണവില കൈയില്‍ കിട്ടാന്‍ കാത്തിരിക്കേണ്ടിവരുന്ന കൃഷിക്കാരെ സംബന്ധിച്ച് തുകയിലുണ്ടാകുന്ന കുറവ് ചിന്തിക്കാനാവില്ല. സംസ്‌ഥാനത്തെ പാടശേഖരങ്ങള്‍ തരിശുനിലമാകാതെ സംരക്ഷിക്കപ്പെടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതു സംസ്‌ഥാന സര്‍ക്കാരിന്റെ ചുമതലയും പ്രോത്‌ത്സാഹനം നല്‍കേണ്ടതു കേന്ദ്രത്തിന്റെ കടമയുമാണെന്നു മറക്കാതിരിക്കാം.