-->
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലം പിടിക്കാൻ പ്രവാസി വ്യവസായിയും പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സഫാരി സൈനുൽ ആബിദീനിനെ ലീഗ് രംഗത്തിറക്കിയേക്കും. ലീഗിന് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. അത് വോട്ടാക്കാൻ സ്വദേശത്തും വിദേശത്തും പ്രശസ്തനായ നേതാവിനെത്തന്നെ രംഗത്തിറക്കിറക്കുകയാണ് ലീഗ്.
ഏതാനും വർഷം മുൻപാണ് സഫാരി സൈനുൽ ആബിദീനിനെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി നിയമിച്ചത്. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിരവധി ബിസിനസ് ശൃംഖലകളുള്ള വ്യക്തിയാണ് സഫാരി സൈനുൽ ആബിദീൻ. സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാൻ കൂടിയായ ആബിദീനിന് സമസ്തയുമായും അടുത്ത ബന്ധമാണുള്ളത്. ഇത് തങ്ങൾക്ക് തുണയാകും എന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ ലീഗിനുള്ളിൽ ഗ്രൂപ്പ് വഴക്കും വിഭാഗീയതയും ഉണ്ട്. ഇത് യുഡിഎഫിന്റെ തോൽവിക്കിടയാക്കുന്നുമുണ്ട്. ഇതിന് പരിഹാരമായിക്കൂടിയാണ് സഫാരി സൈനുൽ അബീദിനിനെ രംഗത്തിറക്കാൻ ലീഗ് തീരുമാനിക്കുന്നത്.