-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള രണ്ടാമത്തെ കേസിലും ജാമ്യം നേടി പുറത്തുവന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ഇ.ഡി. ചോദ്യം ചെയ്യും. പോറ്റിയുടെ സാമ്പത്തീക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചിരിക്കുകയാണ്്. ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യതയുണ്ട്. ചോദ്യം ചെയ്യാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ഇന്ന് സമന്‍സ് അയയ്ക്കുമെന്നാണ് കരുതുന്നത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം കഴിഞ്ഞതിനാല്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് ഇന്നലെ ഉപാധികളോടെ സ്വാഭാവികജാമ്യം കിട്ടിയിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായത്. ഇതിനകം ഇ.ഡി. ചോദ്യാവലിയും സമന്‍സും തയ്യാറായിരിക്കുകയാണ്. പോറ്റിയുടെ വീട്ടില്‍ ഉള്‍പ്പെടെ നേരത്തേ ഇ.ഡി. പരിശോധനകള്‍ നടത്തിയിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും ഇന്നു മുതല്‍ പോറ്റിക്ക് എസ്‌ഐടിയ്ക്ക് മുന്നില്‍ ഹാജരാകുക എന്ന ജാമ്യ വ്യവസ്ഥ പാലിക്കേണ്ടതുണ്ട്.
ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ എസ്‌ഐടി യ്ക്ക് മുന്നില്‍ ഉണ്ണികൃഷ്ണന്‍പോറ്റി ഹാജരാകേണ്ടതുണ്ട്. ഇന്നലെ ജാമ്യം കിട്ടിയെങ്കിലും ഇന്ന് വെള്ളിയായതിനാല്‍ പോറ്റിക്ക് ഇന്ന് എസ്‌ഐടിയ്ക്ക് മുന്നില്‍ എത്തണം. മുരാരിബാബുവിനെയും ഇന്ന് ഇ.ഡി. ചോദ്യം ചെയ്യും. നേരത്തേ ജാമ്യം കിട്ടിയ മുരാരിബാബുവിനെ രണ്ടാം തവണയാണ് ഇ.ഡി. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. അതിനിടയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായ മറ്റുപ്രതികളും ജാമ്യാപേക്ഷ സമര്‍പ്പിക്കും.