-->
ഇന്ത്യ-യു.എസ്. ബന്ധത്തിലെ മഞ്ഞുരുകുന്നത് കയറ്റുമതി മേഖലയ്‌ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും, ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളും ഇന്ത്യയുടെ മൗനവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തന്ത്രപ്രധാനമാണ്.
ഒരു വര്‍ഷത്തോളം നീണ്ട അനിശ്‌ചിതത്വങ്ങള്‍ക്കും കടുത്ത സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ അയവ് വരുന്നു എന്ന വാര്‍ത്ത ആശ്വാസകരമാണ്. ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള പരസ്‌പര നികുതി 25 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയ്‌ക്കുമെന്നതും, റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട പിഴനികുതി ഒഴിവാക്കുമെന്നുമുള്ള പ്രഖ്യാപനം ഇന്ത്യന്‍ വിപണിക്ക്, പ്രത്യേകിച്ച് കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന ഉണര്‍വ് ചെറുതല്ല. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വാഷിങ്‌ടണ്‍ സന്ദര്‍ശനവും, ഡല്‍ഹിയില്‍ പുതിയ യു.എസ്. അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ചുമതലയേറ്റതും ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകളായി കാണാം. എന്നാല്‍, ഈ 'സൗഹൃദ'ത്തിന്റെ മറവില്‍ ഇന്ത്യ നല്‍കേണ്ടി വരുന്ന വിലയെന്താണ് എന്ന ചോദ്യം ബാക്കിയാവുകയാണ്.
നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ധാരണകളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങളിലെ വൈരുദ്ധ്യമാണ് പ്രധാന ആശങ്ക. വ്യാപാര കരാറിന്റെ പൂര്‍ണരൂപം എവിടെ? ട്രംപ് സൂചിപ്പിക്കുന്നത് കേവലം നികുതി ഇളവുകളെക്കുറിച്ചാണോ അതോ ഇരുരാജ്യങ്ങളും തമ്മില്‍ ഫെബ്രുവരിയില്‍ ചര്‍ച്ച ചെയ്‌ത സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്.ടി.എ.) ആദ്യ ഘട്ടത്തെക്കുറിച്ചാണോ എന്നതില്‍ ഇനിയും വ്യക്‌തത വന്നിട്ടില്ല. കരാറിന്റെ ഉള്ളടക്കമോ വ്യവസ്‌ഥകളോ ഇരുസര്‍ക്കാരുകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല എന്നത് ജനാധിപത്യപരമായ സുതാര്യതയ്‌ക്ക് മേലുള്ള ചോദ്യചിഹ്‌നമാണ്.
കാര്‍ഷിക മേഖലയിലെ അപകടങ്ങള്‍
ഇന്ത്യ അമേരിക്കയ്‌ക്കെതിരായ നികുതികളും തീരുവകളുമെല്ലാം 'പൂജ്യത്തിലേക്ക്' താഴ്‌ത്തുമെന്ന ട്രംപിന്റെ അവകാശവാദം അതീവ ഗൗരവമുള്ളതാണ്. ഇന്ത്യ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും, അമേരിക്കന്‍ കാര്‍ഷിക സെക്രട്ടറി ബ്രൂക്ക് റോളിന്‍സിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ കാര്‍ഷിക വിപണി അമേരിക്കയ്‌ക്കായി മലര്‍ക്കെ തുറന്നിടപ്പെട്ടേക്കാം എന്നാണ്. സോയാബീന്‍, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ നിയന്ത്രണമില്ലാതെ ഒഴുകിയാല്‍ അത് തകര്‍ക്കുന്നത് ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയെയും ചെറുകിട കര്‍ഷകരെയുമാണ്. 'അമേരിക്കന്‍ ഗ്രാമങ്ങളിലേക്ക് പണമൊഴുക്കും' എന്ന യു.എസ്. പ്രഖ്യാപനം ഇന്ത്യയിലെ കര്‍ഷകരുടെ വയറ്റത്തടിച്ചുകൊണ്ടാകരുത് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്.
കയറ്റുമതിക്കാര്‍ക്ക് ആശ്വാസം,
കര്‍ഷകര്‍ക്ക് ആശങ്ക
കരാര്‍ പ്രഖ്യാപനത്തോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വിപണിയില്‍നിന്ന് ഉയരുന്നത്. 25 ശതമാനമായിരുന്ന നികുതി 18 ശതമാനമായി കുറഞ്ഞതോടെ സമുദ്രോല്‍പന്ന, കാര്‍ഷിക കയറ്റുമതിക്കാര്‍ക്ക് അത് വലിയൊരു ആശ്വാസമാണ്. 'ഞങ്ങള്‍ ബിസിനസ്സിലേക്ക് തിരിച്ചെത്തിയിരിക്കുന്നു' എന്നാണ് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചത്. നികുതി ഭാരം കുറയുന്നതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി പഴയ പ്രതാപത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷ ഇവര്‍ പങ്കുവെക്കുന്നു.
എന്നാല്‍, നാണയത്തിന്റെ മറുവശം അത്ര ശുഭകരമല്ല. സോയാബീന്‍, പരുത്തി, ചോളം, ഗോതമ്പ് തുടങ്ങിയ അമേരിക്കന്‍ വിളകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിയന്ത്രണമില്ലാതെ പ്രവേശനം നല്‍കുന്നത് ഇന്ത്യയിലെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുമെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കുന്നു. വെറും 19 ലക്ഷത്തോളം കര്‍ഷകര്‍ മാത്രമുള്ള അമേരിക്കയ്‌ക്ക് വേണ്ടി, 14 കോടിയിലധികം വരുന്ന ഇന്ത്യന്‍ കര്‍ഷകരെ ബലികഴിക്കുന്നത് 'ജനവഞ്ചന'യാണെന്നും, അമേരിക്കന്‍ സാമ്രാജ്യത്വ സമ്മര്‍ദത്തിന് വഴങ്ങുന്നതിന് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു. സബ്‌സിഡി നല്‍കി ഉത്‌പാദിപ്പിക്കുന്ന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയാല്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.
രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് ട്രേഡ് യൂണിയനുകള്‍ ഈ നീക്കത്തെ കാണുന്നത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫെബ്രുവരി 12-ന് പണിമുടക്കിന് ആഹ്വാനം ചെയ്‌തുകൊണ്ട് കര്‍ഷക സംഘടനകള്‍ ഈ കരാറിനെതിരേ തെരുവില്‍ ഇറങ്ങാന്‍ ഒരുങ്ങുകയാണ്.
കണക്കുകളിലെ പൊരുത്തക്കേട്
ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി, കല്‍ക്കരി തുടങ്ങിയ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 42 ലക്ഷം കോടി രൂപ) നിക്ഷേപം ഇന്ത്യ നടത്തുമെന്ന് മോദി ഉറപ്പുനല്‍കിയതായി ട്രംപ് അവകാശപ്പെടുന്നു. നിലവില്‍ വെറും 131 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം. ഇന്ത്യയുടെ യു.എസിലെ നിലവിലെ നിക്ഷേപം 40 ബില്യണ്‍ ഡോളറില്‍ താഴെയും. അങ്ങനെയെങ്കില്‍, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഖജനാവില്‍നിന്ന് വന്‍തുക അമേരിക്കന്‍ വിപണിയിലേക്ക് ഒഴുകുമെന്ന് വേണം കരുതാന്‍. ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യമാണോ അതോ ട്രംപിന്റെ അതിശയോക്‌തിയാണോ എന്ന് വ്യക്‌തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണ്?
റഷ്യന്‍ എണ്ണയും
തന്ത്രപരമായ സ്വയംഭരണവും
ഏറ്റവും നിര്‍ണായകമായ വിഷയം ഇന്ത്യയുടെ വിദേശനയത്തിലെ മാറ്റമാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനും പകരം അമേരിക്കയില്‍നിന്നും വെനസ്വേലയില്‍നിന്നും എണ്ണ വാങ്ങാനും മോദി സമ്മതിച്ചുവെന്നാണ് ട്രംപ് പറയുന്നത്. യുൈക്രന്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍, റഷ്യയില്‍നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങി പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്തിയ ഇന്ത്യയുടെ നയം മാറ്റുകയാണോ? 'വാണിജ്യപരമായ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല' എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണിത്.
കൂടാതെ, ഇറാനുമായുള്ള ബന്ധത്തിലും വിള്ളലുകള്‍ വീഴുന്നതായി കാണാം. ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ക്ക് 25% നികുതി ഏര്‍പ്പെടുത്തുമെന്ന ഭീഷണി നിലനില്‍ക്കെ, ഇറാനിലെ ചബഹാര്‍ തുറമുഖത്തിനായുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍നിന്ന് അപ്രത്യക്ഷമായത് യാദൃശ്‌ചികമല്ല. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങുന്നു എന്നാണ്.
സഖ്യകക്ഷികള്‍ക്കും ആശയക്കുഴപ്പം; പാര്‍ലമെന്റില്‍ പ്രതിഷേധം
കരാറിനെച്ചൊല്ലി പാര്‍ലമെന്റിലും പ്രതിഷേധം പുകയുകയാണ്. സ്വന്തം സര്‍ക്കാരില്‍നിന്നല്ല, മറിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹിക മാധ്യമ പോസ്‌റ്റിലൂടെയാണ് ഇന്ത്യക്കാര്‍ ഈ വാര്‍ത്ത അറിഞ്ഞത് എന്ന ജയറാം രമേശിന്റെ വിമര്‍ശനം വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിന്റെ ആശയവിനിമയത്തിലെ പരാജയത്തിലേക്കാണ്. രാജ്യതാല്‍പര്യങ്ങള്‍ അടിയറവ് വയ്‌ക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി.
എന്നാല്‍, പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ ആരോപണങ്ങള്‍ക്കപ്പുറം, ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ തെലുഗു ദേശം പാര്‍ട്ടി ഉയര്‍ത്തുന്ന ആശങ്കകള്‍ സാങ്കേതികമായി ഏറെ പ്രസക്‌തമാണ്. നയതന്ത്ര നീക്കങ്ങളെ പ്രശംസിക്കുമ്പോഴും, കരാറിലെ അവ്യക്‌തതകള്‍ നീക്കണമെന്ന് ടി.ഡി.പി. അംഗം ബീദ മസ്‌താന്‍ റാവു യാദവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 'പരസ്‌പര നികുതി' 25 ശതമാനത്തില്‍നിന്ന് 18 ആക്കി കുറയ്‌ക്കുമെന്ന് ട്രംപ് പറഞ്ഞപ്പോഴും, റഷ്യന്‍ ബന്ധത്തിന്റെ പേരിലുള്ള 25 ശതമാനം 'പിഴ നികുതി' പിന്‍വലിക്കുമോ എന്നതില്‍ അദ്ദേഹം വ്യക്‌തത വരുത്തിയിട്ടില്ല.
യു.എസ്. കസ്‌റ്റംസ് രേഖകളില്‍ ഇപ്പോഴും ഇവ രണ്ടും രണ്ട് കോഡുകളായാണ് തുടരുന്നത് എന്നത് ഗൗരവകരമാണ്. ഔദ്യോഗിക വിജ്‌ഞാപനമില്ലാതെ, വെറും പ്രഖ്യാപനങ്ങളെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണ്. അമേരിക്കന്‍ ഭരണകൂടത്തില്‍നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ, ഈ നികുതിയിളവുകള്‍ പ്രാവര്‍ത്തികമാകുമോ എന്ന ഭയം ഭരണപക്ഷത്തെ എം.പിമാര്‍ക്ക് പോലുമുണ്ട് എന്ന് ചുരുക്കം.
കെ.ജെ. ജോര്‍ജ്