Saturday, March 14, 2026 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.39 PM

കാതോരമായ്‌ മൂളിയൊരീണങ്ങള്‍

uploads/news/2026/02/823774/lk1.jpg

ജോഷിചിത്രം 'നിറക്കൂട്ടി'ലേക്ക്‌ അവിചാരിതമായി കിട്ടിയ ഒരു ക്ഷണം... ആ ക്ഷണം മലയാള സിനിമയുടെ സംഗീതത്തെ, പ്രത്യേകിച്ചും പശ്‌ചാത്തല സംഗീതത്തെ മാറ്റിമറിക്കുമെന്ന്‌ അന്ന്‌ ആരും കരുതിയിട്ടുണ്ടാവില്ല. ഏകദേശം പകുതിയോളമായ 'നിറക്കൂട്ടി'ല്‍നിന്നു സംഗീതസംവിധായകന്‍ ശ്യാമിന്‌ അമേരിക്കയിലേക്കു പോകേണ്ടിവരുന്നു. ബാക്കി ഭാഗം തന്റെ ശിഷ്യനും ഗിറ്റാറിസ്‌റ്റുമായ എസ്‌.പി. വെങ്കിടേഷിന്റെ കൈയില്‍ ഭദ്രമായിരിക്കുമെന്നു ടീമംഗങ്ങള്‍ക്ക്‌ ഉറപ്പുനല്‍കിയാണ്‌ അദ്ദേഹം പോയത്‌. പിന്നീടു വന്ന എസ്‌.പി. വെങ്കിടേഷ്‌ 'നിറക്കൂട്ടി'ന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ യാതൊരു ആശങ്കയ്‌ക്കും ഇടയില്ലാത്തവണ്ണം വളരെ മനോഹരമായി കൈകാര്യം ചെയ്‌തു.

പിന്നീട്‌, ജോഷി സംവിധാനം ചെയ്‌ത 'ശ്യാമ' എന്ന സിനിമയുടെ റീ റെക്കോര്‍ഡിങ്‌ ചെന്നെയില്‍ നടക്കുന്ന സമയം. ശ്യാം ആണ്‌ ആ സിനിമയുടെ പശ്‌ചാത്തലസംഗീതം ചെയ്യുന്നത്‌. ശ്യാമിന്റെ തിരക്കുമൂലം ഒരു ദിവസം റീ റെക്കോര്‍ഡിങ്ങിനു വന്നത്‌ എസ്‌.പി. വെങ്കിടേഷ്‌. തിരക്കഥാകൃത്ത്‌ ഡെന്നീസ്‌ ജോസഫ്‌ സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ജോഷിയുടെ കൂടെയുണ്ട്‌. റെക്കോര്‍ഡിങ്‌ സ്‌റ്റുഡിയോയില്‍ പകരക്കാരനായി വന്നയാളെ കണ്ടപ്പോള്‍ ജോഷിയോടു ഡെന്നീസ്‌ ജോസഫ്‌ ചോദിച്ചു. 'ഇതെങ്ങനെ... ശരിയാവുമോ?..'. ചെന്നൈ സിനിമാ ലോകത്തെ അരച്ചുകലക്കിക്കുടിച്ച ജോഷി ആത്മവിശ്വാസത്തോടെ പറഞ്ഞു. 'അയാള്‌ ചെയ്യും, മിടുക്കനാ!'
'ശ്യാമ' എന്ന ആ സിനിമയുടെ കൈ്ലമാക്‌സ്‌ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ക്ക്‌ എസ്‌.പി. നല്‍കിയ പശ്‌ചാത്തലസംഗീതം ഡെന്നീസ്‌ ജോസഫിനു ബോധിച്ചു. ഇടവേളയില്‍ അടുത്തു ചെന്ന്‌ ഡെന്നീസ്‌ ജോസഫ്‌ ചോദിച്ചു. 'സ്വന്തമായി ഏതെങ്കിലും സിനിമയ്‌ക്കു സംഗീതം ചെയ്‌തിട്ടുണ്ടോ?'.
ഇല്ലെന്നും അസിസ്‌റ്റന്റ്‌ ആയി നില്‍ക്കുന്നതുകൊണ്ട്‌ ധാരാളം വര്‍ക്കുകള്‍ കിട്ടുന്നുണ്ടെന്നും അതു കളയാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു മറുപടി.

തമ്പി കണ്ണന്താനം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'രാജാവിന്റെ മകന്‍' എന്ന സിനിമയുടെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഡെന്നീസ്‌ ജോസഫ്‌ പുതിയൊരു സംഗീത സംവിധായകനെ പരീക്ഷിച്ചാലോ എന്നു തമ്പിയോടു ചോദിച്ചു. 'ആരാ ആള്‌?' എന്ന ചോദ്യത്തിന്‌ അന്നത്തെ മ്യൂസിക്‌ അസിസ്‌റ്റന്റിന്റെ പേരു പറഞ്ഞു. ജോഷിയെ പോലെതന്നെ കോടമ്പാക്കത്തെ നന്നായി അറിയുന്ന തമ്പി കണ്ണന്താനം 'അയ്യോ! അയാളോ?' എന്നു ഞെട്ടല്‍പ്രകടിപ്പിക്കുന്നു. നന്നായി പണിയെടുക്കുമെങ്കിലും അയാളുടെ മദ്യപാനശീലം സിനിമാമേഖലയിലുള്ളവര്‍ക്ക്‌ അറിയാവുന്ന കാര്യമായിരുന്നു.
സിനിമയില്‍ തന്റെ ജോലി കഴിയുന്നതുവരെ മദ്യപിക്കില്ല എന്ന ഉറപ്പില്‍ അയാള്‍ 'രാജാവിന്റെ മകന്റെ' സംഗീതസംവിധായകനായി. അന്നു പിറന്നത്‌ ചരിത്രമായിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്‌റ്റാറിനൊപ്പം പുതിയൊരു സൂപ്പര്‍ സംഗീതജ്‌ഞന്‍കൂടിയാണ്‌ അന്നു പിറന്നത്‌. പിന്നെയുള്ള പത്തു പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ മലയാളസിനിമയില്‍ ആ സംഗീത സംവിധായകന്റെ തേര്‍വാഴ്‌ചയായിരുന്നു.
രാജാവിന്റെ മകനിലെ 'വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ പാടുന്ന സംഗീതമേ', ''പാടാം ഞാനാ ഗാനം വീണ്ടും ഇതാ...ഇതാ'' എന്നീ പാട്ടുകള്‍ ഒരു നിമിത്തം പോലെയായി. മലയാളികള്‍ വീണ്ടും വീണ്ടും ആ വിണ്ണിലെ ഗന്ധര്‍വ്വവീണകള്‍ പാടുന്ന സംഗീതം ഏറ്റുപാടി. എത്രയെത്ര ഹിറ്റ്‌ ഗാനങ്ങള്‍. ഇന്നും നാം പാടുകയും കേള്‍ക്കുകയും ചെയ്യുന്ന മനോഹര ഗാനങ്ങള്‍...

ദക്ഷിണേന്ത്യന്‍ സിനിമയുടെ തുടക്കകാലത്തു പ്രശസ്‌ത സംഗീത സംവിധായകരോടൊപ്പം റെക്കോര്‍ഡിങ്‌ സ്‌റ്റുഡിയോകളില്‍ പ്രവര്‍ത്തിച്ച പഴനി മാസ്‌റ്ററുടെ മകന്‌ ആ മാന്ത്രികത കിട്ടിയില്ലങ്കിലല്ലേ അത്ഭുതം? അച്‌ഛന്റെ കൂടെ 15-ാം വയസു മുതല്‍ റെക്കോര്‍ഡിങ്‌ സ്‌റ്റുഡിയോകളില്‍ മാന്‍ഡലിന്‍ വായിക്കാന്‍ പോയിരുന്ന കുട്ടിക്കാലം. ഒരിക്കല്‍ ദാസേട്ടന്റെ വീട്ടില്‍ മാന്‍ഡലിന്‍ വായിക്കാന്‍ അവസരം കിട്ടി. വായിച്ചു കഴിഞ്ഞപ്പോള്‍ പ്രതികരണത്തിനായി കാത്തെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. പകരം എഴുന്നേറ്റു പോയി. തിരികെ വന്നത്‌ രണ്ട്‌ ആപ്പിളുമായാണ്‌. ആ ആപ്പിളുകള്‍ നല്‍കി അദ്ദേഹം എസ്‌.പി. വെങ്കിടേഷിനോടു പറഞ്ഞു, 'നീ ഒരുനാള്‍ ഇതുപോലെ ആപ്പിള്‍ പോലെ വരും'. യേശുദാസിന്റെ വാക്കുകള്‍ പൊന്നായപോലെ... പിന്നീട്‌ അതേ ദാസേട്ടനെക്കൊണ്ട്‌ എത്രയെത്ര ഹിറ്റുകള്‍.

80കളുടെ അവസാനം മുതല്‍ 90കളുടെ അവസാനം വരെ പാട്ടുകളിലും പശ്‌ചാത്തലസംഗീതത്തിലും അദ്ദേഹം ഒരുപാട്‌ പ്രതിഭ ഒളിപ്പിച്ചുവച്ചു. തൊണ്ണൂറുകളില്‍ എസ്‌.പി. വെങ്കിടേഷ്‌ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ എല്ലാംതന്നെ മലയാളിയുടെ സംഗീത സങ്കല്‍പ്പങ്ങള്‍ക്കു പുതുമോടി ചാര്‍ത്തുന്നതായിരുന്നു. ഒരു ശരാശരി മനുഷ്യന്റെ ഉള്ളിലുള്ള വികാരങ്ങളെ അവന്റെ മനസിന്റെ ഉള്ളറയിലേക്കു പ്രതിഫലിപ്പിക്കാന്‍ കഴിയുന്നവയാണ്‌ അദ്ദേഹത്തിന്റെ ഗാനങ്ങള്‍. പ്രണയം, വിരഹം, ശൃംഗാരം, നൊമ്പരം തുടങ്ങി ഏതൊരു വികാരത്തെയും സംഗീതമാക്കിമാറ്റാനുള്ള എസ്‌.പി. വെങ്കിടേഷിന്റെ കഴിവ്‌ അതുല്യമാണ്‌. തമ്പി കണ്ണന്താനം, ജയരാജ്‌, പ്രിയദര്‍ശന്‍, ജോഷി തുടങ്ങിയ ഒട്ടുമിക്ക സംവിധായകരുടെയും പ്രിയപ്പെട്ട ചോയിസായി മാറാന്‍ എസ്‌.പി. വെങ്കിടേഷിന്‌ അധികകാലം വേണ്ടിവന്നില്ല. ഒരു ഗിറ്റാറുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഈണം ഒരുക്കുന്ന മാന്ത്രികനായാണ്‌ ഇദ്ദേഹത്തെക്കുറിച്ച്‌ ഇവരെല്ലാം അനുസ്‌മരിക്കുന്നത്‌. ഇന്നും ഏറ്റുപാടുന്ന താരാട്ടുപാട്ട്‌ ''കിലുകില്‍ പമ്പരം...'' പിറന്നത്‌ ഏതാനും മിനിറ്റുകള്‍ കൊണ്ടാണ്‌. അദ്ദേഹം തന്റെ പ്രിയപ്പെട്ട ഗിറ്റാറില്‍ കൂട്ടുകാര്‍ക്കു മുന്നിലിരുന്ന്‌ വായിക്കുന്ന ബിറ്റുകളാണ്‌ കൂടുതലും ഹിറ്റ്‌ ഗാനങ്ങളായി മാറിയിട്ടുള്ളത്‌.

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട്‌ സിനിമകളുടെ പശ്‌ചാത്തല സംഗീതം വെങ്കിടേഷിന്റെ പ്രതിഭയില്‍ പിറന്നതാണ്‌. ഈ രംഗത്ത്‌ അദ്ദേഹത്തിന്റെ കടന്നുവരവോടെ അന്നുവരെ കേട്ട്‌ ശീലിച്ച ബി.ജി.എമ്മുകളില്‍നിന്ന്‌ വേറിട്ടൊരു പശ്‌ചാത്തല സംഗീതമായിരുന്നു മലയാളികള്‍ അനുഭവിച്ചറിഞ്ഞത്‌. ഒരു ബിറ്റു കൊണ്ടുപോലും മലയാളികള്‍ സംഗീതസംവിധായകനെ തിരിച്ചറിയുന്ന ഈണം. അങ്ങനെ പശ്‌ചാത്തലസംഗീതത്തില്‍ അദ്ദേഹം തന്റേതായ കൈയൊപ്പ്‌ പതിപ്പിച്ചു.
'തുടര്‍ക്കഥ' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ്‌ കഴിഞ്ഞു ടീമംഗങ്ങള്‍ യാത്ര പറയാന്‍ നേരം എസ്‌.പി. വെങ്കിടേഷ്‌ ഗിറ്റാറില്‍ വെറുതേ മീട്ടിയ ഒരു ഈണമാണ്‌ 'മാണിക്യക്കുയിലേ നീ...' എന്ന പാട്ടായി സിനിമയില്‍ ഉള്‍പ്പെടുത്തിയത്‌.
വിദ്യാസാഗര്‍യുഗത്തിനു മുമ്പ്‌ പാശ്‌ചാത്യ സംഗീതവും മെലഡിയും ഒരുപോലെ സംയോജിപ്പിച്ച്‌ വിജയിപ്പിച്ച സംഗീതസംവിധായകനായകനാണ്‌ ഇദ്ദേഹം. അടിപൊളി എന്ന്‌ വിശേഷിപ്പിക്കുന്ന പാട്ടുകള്‍ക്കിടയിലും മെലഡി കലര്‍ത്തുന്നതില്‍ വിദഗ്‌ധനായിരുന്നു. അര്‍ധശാസ്‌ത്രീയം, വെസ്‌റ്റേണ്‍, ഡപ്പാംകുത്ത്‌, മെലഡി എല്ലാം അതിന്റെ തനിമയോടെ അവതരിപ്പിച്ചു വിജയിച്ചു. കിലുക്കം, മാന്ത്രികം, ജോണി വാക്കര്‍, സോപാനം, പൈതൃകം, വാത്സല്യം, ഹൈവേ തുടങ്ങി നിരവധി ചിത്രങ്ങളിലായി വിവിധ തരത്തിലുള്ള ഗാനങ്ങള്‍ക്ക്‌ അദ്ദേഹം ഈണം നല്‍കി.
വിണ്ണിലെ ഗന്ധര്‍വ്വ, യദുകുല ഗോപികേ, പവിഴമല്ലി പൂവുറങ്ങി, പഴയൊരു പാട്ടിലെ, പായുന്ന യാഗാശ്വം ഞാന്‍, കുഞ്ഞിക്കിളിയെ കൂടെവിടെ, പനിനീര്‍ ചന്ദ്രികേ, കിലുകില്‍ പമ്പരം, മീനവേനലില്‍, മാണിക്യക്കുയിലേ നീ, ആതിര വരവായി, ചാഞ്ചക്കം തെന്നിയും, ശാന്തമീ രാത്രിയില്‍, കനകനിലാവേ, മുത്തുമണി തൂവല്‍തരാം, പാതിരാക്കിളി, തളിര്‍വെറ്റിലയുണ്ടോ വരദക്ഷിണ വയ്‌ക്കാന്‍, സീതാകല്യാണ വൈഭോഗമേ, വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍, നീലാഞ്‌ജന പൂവില്‍, അലയും കാറ്റിന്‍ ഹൃദയം, താമരക്കണ്ണനുറങ്ങേണം, പാല്‍നിലാവിനും, താരനൂപുരം ചാര്‍ത്തി, ചന്ദനക്കാറ്റേ, നിലാവേ മായുമോ, കാതോരമാരോ മൂളുന്നൊരീണം... എണ്ണിയാല്‍ തീരാത്ത എത്രയെത്ര മനോഹര ഗാനങ്ങള്‍. കാലം എത്ര കടന്നുപോയാലും പാടിത്തീരാത്തത്ര മികച്ച ഗാനങ്ങള്‍ ബാക്കിയാക്കി എസ്‌.പി. വെങ്കിടേഷ്‌ യാത്രയായി.
നിലാവ്‌ മാഞ്ഞു, കിനാവും നോവുമായി...

നീതു ബിനോയ്‌ വിദ്യാസാഗര്‍

Ads by Google
Tuesday 03 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW