-->
കേരളത്തില്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് പണം ലഭിക്കാനുണ്ടെന്നും ആ പ്രശ്നം നിലനില്‍ക്കുന്നുണ്ട്, എങ്കിലും മുന്നോട്ട് പോകാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റി എന്നതില്‍ സന്തോഷമുണ്ട്. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ അതിന്‍റെ മെച്ചം അടുത്ത ഘട്ടങ്ങളിലായി ഉണ്ടാകും. അതുകൊണ്ട് തന്നെ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി .
ബഡ്ജറ്റിൽ ക്ഷേമകാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് ബജറ്റല്ല. സാധാരണക്കാര്‍ക്ക് അവരുടെ വരുമാനം ഉറപ്പാക്കുന്നതിനുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആ തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.
ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്. 12 വർഷമായി കേന്ദ്രം കൊടുത്തുകൊണ്ടിരിക്കുന്ന തുക വർധിപ്പിച്ചിട്ടില്ല. എന്നാല്‍ നമ്മൾ കാലോചിതമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തതായും ധനമന്ത്രി കൂട്ടിച്ചേർത്തു.