-->
കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെടും! 240 ബി.സിയിലാണ് ആ വാല്‍നക്ഷത്രം ജ്യോതിശാസ്‌ത്രജ്‌ഞരുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പല തലമുറകള്‍ അതിനെ പഠിച്ചു. പക്ഷേ, 18 -ാം നൂറ്റാണ്ടില്‍ എഡ്‌മണ്ട് ഹാലിയാണ് ആ വാല്‍നക്ഷത്രത്തെക്കുറിച്ചു ലോകത്തോട് കൂടുതലായി പറഞ്ഞത്. അതോടെ പേര്‍ ഹാലിയുടെ വാല്‍നക്ഷത്രമെന്നായി. പിന്നെയും പഠനങ്ങള്‍ തുടര്‍ന്നു. യേശു ജനിച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ടത് ഹാലി വാല്‍നക്ഷത്രമാണെന്ന് അവകാശപ്പെട്ട ഗവേഷകരുണ്ട്. പക്ഷേ, ഇപ്പോള്‍ ആ വാല്‍നക്ഷത്രത്തെ ചര്‍ച്ചയില്‍ കൊണ്ടുവരുന്നത് മറ്റൊരു ആവശ്യമാണ്‌്. ഹാലിയുടെ പേര് വാല്‍നക്ഷത്രത്തിനു വേണ്ടാ....
*****************************
ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥം ഇന്നു ഗവേഷകര്‍ക്കറിയാം. 75-76 വര്‍ഷം കൂടുമ്പോള്‍ ആ വാല്‍നക്ഷത്രം ഭൂമിക്കടുത്തെത്തും. നഗ്നനേത്രങ്ങള്‍ കൊണ്ട് അതിനെ കാണാനുമാകും. 1986 ലാണു ഹാലിയുടെ വാല്‍നക്ഷത്രം അവസാനമായി ഭൂമിക്ക് അരികിലൂടെ കടന്നുപോയത്. 2061 ലാകും ഇനി പ്രത്യക്ഷപ്പെടുക.
സൗരയൂഥത്തിലെ മറ്റു വസ്‌തുക്കളെപ്പോലെ സൂര്യനെ കേന്ദ്രീകരിച്ചുള്ള ഭ്രമണപഥമാണു ഹാലിയുടെ വാല്‍നക്ഷത്രത്തിനുള്ളത്. സൂര്യനോട് 0.6 എ.യുവരെ(ബുധനും ശുക്രനും ഇടയില്‍) അടുത്തെത്തും. (1 എ.യു. = സൂര്യനും ഭൂമിയും തമ്മിലുള്ള അകലം). ഭ്രമണപഥത്തില്‍ സൂര്യനോടേറ്റവും അകലെയുള്ള സ്‌ഥാനം 35 എ.യുവാണ്.
ഹാലിയുടെ വാല്‍നക്ഷത്രത്തെ ഒരു ഹ്രസ്വകാല വാല്‍നക്ഷത്രമായാണു പരിഗണിക്കുന്നത്. അത് യഥാര്‍ഥത്തില്‍ ദീര്‍ഘകാല വാല്‍നക്ഷത്രമായിരുന്നുവെന്നും മറ്റു ഗ്രഹങ്ങളുടെ ആകര്‍ഷണം മൂലം ദിശമാറ്റം സംഭവിച്ചെന്നുമാണു സൂചന.
ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലവും ഘടനയും ലഭിച്ചത് ജിയോട്ടോ മിഷന്‍ യൂറോപ്പിന്റെ ബഹിരാകാശപേടകം വഴിയാണ്. ഏകദേശം 15 കിലോ മീറ്റര്‍ നീളവും, എട്ട് കിലോമീറ്റര്‍ വീതിയുമാണു വാല്‍നക്ഷത്രത്തിനുള്ളത്.
1986ല്‍ ഭൂമിക്ക് അടുത്തെത്തിയപ്പോള്‍ സോവിയറ്റ് യൂണിയന്റെ വേഗാ 1 പേടകം ചിത്രമെടുത്തു. മാര്‍ച്ച് 6 നു ആദ്യമായി വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസിന്റെ ചിത്രം വേഗാ 1 പകര്‍ത്തി. തുടര്‍ന്ന് മാര്‍ച്ച് 9 ന് വാലിന്റെ ചിത്രം വേഗാ 2 പകര്‍ത്തി.
ഐല്‍മര്‍ 'വാല്‍നക്ഷത്രം'
ബ്രിട്ടീഷ് ജ്യോതിശാസ്‌ത്രജ്‌ഞനും ഗണിതശാസ്‌ത്രജ്‌ഞനുമായ എഡ്‌മണ്ട് ഹാലിയാണു വാല്‍നക്ഷത്രത്തിന്റെ പാത ആദ്യമായി കണ്ടെത്തിയതെന്നായിരുന്നു വിശ്വാസം. അതിന്റെ പേരിലാണു വാല്‍നക്ഷത്രത്തിനു ഹാലിയുടെ വാല്‍നക്ഷത്രം എന്ന പേര്‍ ലഭിച്ചത്. എന്നാല്‍, ഹാലിയല്ല അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ധൂമകേതുവിന്റെ ചാക്രികത ആദ്യമായി മനസിലാക്കിയ വ്യക്‌തി. 11-ാം നൂറ്റാണ്ടില്‍ മാല്‍മെസ്‌ബറിയിലെ സന്യാസിയായ ഐല്‍മര്‍ വാല്‍നക്ഷത്രത്തിന്റെ ചാക്രികത അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. സന്യാസിയായിരുന്നെങ്കിലും ശാസ്‌ത്രവുമായി അടുപ്പമുള്ള വ്യക്‌തിയായിരുന്നു ഐല്‍മര്‍. കുട്ടിക്കാലത്ത് ഡാഡാലസിന്റെ ഗ്രീക്ക് പുരാണം വായിച്ചതിന് ശേഷം ആവേശംകൊണ്ട് പറക്കാന്‍ ശ്രമിച്ച വ്യക്‌തിയായിരുന്നു ഐല്‍മര്‍. അദ്ദേഹം അതിനായി പ്രത്യേകം ചിറകുകള്‍ നിര്‍മിച്ചു. കൈകാലുകളില്‍ ആ ചിറകുകള്‍ ഘടിപ്പിച്ച് മാള്‍ംസ്‌ബറി ആശ്രമത്തിലെ ഒരു ഗോപുരത്തില്‍നിന്ന് അദ്ദേഹം ചാടി. ആത്‌മവിശ്വാസത്തോടെയുള്ള ആ ചാട്ടം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ഇരുകാലുകളും ഒടിഞ്ഞുപോയി. മരണം വരെ വേദനകള്‍ പിന്തുടരുകയും ചെയ്‌തു. പരാജയകാരണം ചിറകിനൊപ്പം വാല്‍ സജ്‌ജീകരിക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പക്ഷേ, വാല്‍ ഘടിപ്പിച്ച് ചാടാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. അതോടെ അന്വേഷണം ആകാശത്തേക്കു കേന്ദ്രീകരിച്ചു.
അബദ്ധങ്ങളുടെ പശ്‌ചാത്തലമുള്ളതിനാല്‍ വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലിന് അക്കാലത്തെ ശാസ്‌ത്രജ്‌ഞര്‍ ശാസ്‌ത്രീയ അടിത്തറ കല്‍പിച്ചില്ല. 12-ാം നൂറ്റാണ്ടില്‍ ചരിത്രകാരനായ മാല്‍മെസ്‌ബറിയിലെ വില്യം ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡിലെ ലീഡന്‍ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്‌ത്രജ്‌ഞനായ പോര്‍ട്ടെജീസ് സ്‌വാര്‍ട്ടും ലൂയിസും വാദിക്കുന്നത് ഐല്‍മര്‍ (അല്ലെങ്കില്‍ ഏഥല്‍മര്‍) വാല്‍നക്ഷത്രത്തിന്റെ രണ്ട് സന്ദര്‍ശനങ്ങള്‍ക്കും സാക്ഷിയായി എന്നാണ്.
അവരുടെ കണ്ടെത്തലുകള്‍ 'ഡോറെസ്‌റ്റാഡ് ആന്‍ഡ് എവരിതിങ് ആഫ്‌റ്റര്‍. പോര്‍ട്ട്‌സ്, ടൗണ്‍സ്‌കേപ്‌സ് ആന്‍ഡ് ട്രാവലേഴ്‌സ് ഇന്‍ യൂറോപ്പ്, 800-1100' എന്ന പുസ്‌തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹാലി കണ്ടെത്തിയത്
ഹാലിയുടെ പേരില്‍ അറിയപ്പെടുന്ന 1പി/ഹാലി വാല്‍നക്ഷത്രത്തെക്കുറിച്ചു വിശദമായി സംസാരിച്ചത് എഡ്‌മണ്ട് ഹാലിയാണ്. 1531, 1607, 1682 വര്‍ഷങ്ങളില്‍ നിരീക്ഷിക്കപ്പെട്ടത് ഒരേ വാല്‍നക്ഷത്രമാണെന്നും അത് ഏകദേശം 76 വര്‍ഷത്തിലൊരിക്കല്‍ തിരിച്ചെത്തുന്നുവെന്നും ഹാലി ലോകത്തോട് പറഞ്ഞു. അതോടെ അതിന്റെ പേര്‍ ഹാലിയുടെ വാല്‍നക്ഷത്രമെന്നായി. പക്ഷേ, കാലം പുരോഗമിച്ചതോടെ ശാസ്‌ത്രലോകം എന്നാല്‍ യൂറോപ്പ് മാത്രമല്ലാതായി. ലോകത്തിലെ മറ്റുരാജ്യങ്ങളിലെയും പഴയ ഗവേഷണ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി.
ചൈനക്കാരുടെ വാല്‍നക്ഷത്രം
ഹാലിക്കും ഐല്‍മറിനും മുമ്പ് ചൈനക്കാര്യം ആ വാല്‍നക്ഷത്രത്തെ നിരീക്ഷിച്ചു. 1066ല്‍ ചൈനീസ് ജ്യോതിശാസ്‌ത്രജ്‌ഞര്‍ ഹാലിയുടെ വാല്‍നക്ഷത്രം രണ്ടര മാസത്തോളം നിരീക്ഷിച്ചതായി തെളിവ് ലഭിച്ചു. 1066 ഏപ്രില്‍ 22ന് ഇത് ഏറ്റവും തിളക്കത്തോടെ അവര്‍ കണ്ടത്. ഏപ്രില്‍ 24നാണു ബ്രിട്ടനിലും ബ്രിട്ടീഷ് ദ്വീപുകളിലും ഹാലിയുടെ വാല്‍നക്ഷത്രം തിളക്കത്തോടെ കാണപ്പെട്ടത്. 1066ലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ബേയൂ ടേപ്പ്‌സ്‌ട്രിയിലും ഈ വാല്‍നക്ഷത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്.
'ഹാലി'യെ പേടിച്ച ജനം
പഴയ കാല ജ്യോതിശാസ്‌ത്രജ്‌ഞരില്‍ ചിലര്‍ ഹാലിയുടെ വാല്‍നക്ഷത്രത്തെ അപകടമായാണു കണ്ടിരുന്നത്. ഇംഗ്ലണ്ടിലെ ഹാരോള്‍ഡ് ഗോഡ്വിന്‍സണിന്റെ കാലത്ത് ദുഃശകുനമായാണു വാല്‍നക്ഷത്രത്തെ കണ്ടിരുന്നത്. ഹാലി ധൂമകേതുവിനെ രണ്ടാമതായി 1066ല്‍ കണ്ടപ്പോള്‍ ഐല്‍മര്‍ക്ക് ഒരു കാര്യം 'ഉറപ്പായി', അപകടം വരുന്നു... അദ്ദേഹം 989ല്‍ ഇതേ വാല്‍നക്ഷത്രം കണ്ടിട്ടുണ്ട്. അക്കാലത്തെ പതിവ് പ്രകാരം, രാജാവിന് വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
1066 ഒക്‌ടോബര്‍ 14 നു ഹാരോള്‍ഡ് ഗോഡ്വിന്‍സണ്‍ രാജാവ് അന്തരിച്ചു. അതോടെ ആ അന്ധവിശ്വാസം ഉറച്ചു. അങ്ങനെ കഷ്‌ടപ്പാടുകളുമായി വരുന്ന ആകാശ അതിഥിയായി ഹാലിയുടെ വാല്‍നക്ഷത്രം. അതോടെ അവയുടെ നീരീക്ഷണത്തെ കൂടുതല്‍ ഗൗരവത്തോടെ ജ്യോതിശാസ്‌ത്രജ്‌ഞര്‍ കണ്ടു. പോര്‍ട്ടെജീസ് സ്‌വാര്‍ട്ടിന്റെയും ലൂയിസിന്റെയും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആ കാലഘട്ടത്തോട് ചേര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വാല്‍നക്ഷത്രം അഞ്ച് തവണ പ്രത്യക്ഷപ്പെട്ടെന്നാണ്. വാമൊഴി പാരമ്പര്യമനുസരിച്ച് വാല്‍നക്ഷത്രത്തെ രാജാക്കന്മാരുടെ മരണം, യുദ്ധം, ക്ഷാമം എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
995ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച്‌ബിഷപ് സിഗെറിക് അന്തരിക്കുന്നതിന് മുമ്പ് കണ്ടുവെന്ന് പറയപ്പെടുന്ന, രേഖകളില്‍ പരാമര്‍ശിക്കാത്ത വാല്‍നക്ഷത്രം അത്തരം വിശ്വാസങ്ങളുടെ ഭാഗമായിരുന്നു. പാപങ്ങളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ദൈവം നല്‍കുന്ന സൂചനയായി വാല്‍നക്ഷത്രം മാറി.
പേര് മാറണം
ഹാലിയുടെ ധൂമകേതു അതിനുമുമ്പുള്ള നൂറ്റാണ്ടുകളില്‍ രണ്ട് തവണ നിരീക്ഷിക്കപ്പെട്ടതിനാല്‍ അതിന് വ്യത്യസ്‌തമായ പേര്‍ നല്‍കണമെന്നാണു ഗവേഷകരുടെ വാദം. ഐല്‍മറുടെ പേര്‍ നല്‍കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇപ്പോഴെങ്കിലും തെറ്റ് തിരുത്തണമെന്നാണ് ആവശ്യം. ആ ആവശ്യം ഉയരുമ്പോള്‍ പോര്‍ട്ടെജീസ് സ്‌വാര്‍ട്ടിനു പറയാനുള്ളത് ഇതുമാത്രം.
'ഈ ഗവേഷണം വളരെ രസകരമായിരുന്നു. ചരിത്രത്തിനൊപ്പം നീങ്ങിയ ഗവേഷണം. ഹാലിയില്‍നിന്നും ഐല്‍മറില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ വാല്‍നക്ഷത്രങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.'