Friday, March 13, 2026 Last Updated 49 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.35 PM

ഈ ചോരയ്‌ക്ക്‌ ആര്‌ മറുപടി പറയും?

uploads/news/2026/01/822295/ed.jpg

മണിപ്പുരില്‍നിന്ന്‌ വീണ്ടും ഹൃദയഭേദകമായ വാര്‍ത്തകളാണ്‌ പുറത്തുവരുന്നത്‌. മാസങ്ങളായി തുടരുന്ന വംശീയ സംഘര്‍ഷങ്ങള്‍ക്ക്‌ അയവുവന്നു എന്ന്‌ ഭരണകൂടം ആശ്വസിക്കുമ്പോഴും, യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന്‌ തെളിയിക്കുന്നതാണ്‌ ചുരാചന്ദ്‌പൂരില്‍ നടന്ന ദാരുണമായ കൊലപാതകം. മയങ്ങ്‌ലംബം ഋഷികാന്ത്‌ സിങ്‌ എന്ന ഇരുപത്തൊമ്പതുകാരനെ ഭാര്യയുടെ മുന്നില്‍ വച്ച്‌ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്ന സംഭവം, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിനാകെ നാണക്കേടും ദുഃഖവും ഉളവാക്കുന്നതാണ്‌.
ഈ കൊലപാതകം കേവലമൊരു അക്രമസംഭവമായി കാണാനാവില്ല. മേയ്‌തി വിഭാഗത്തില്‍പ്പെട്ട ഋഷികാന്ത്‌, തന്റെ കുക്കി-സോ വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാനെത്തിയപ്പോഴാണ്‌ കൊല്ലപ്പെട്ടത്‌ എന്നത്‌, മണിപ്പുരിലെ വംശീയ പകയുടെ ആഴം എത്രത്തോളമുണ്ടെന്ന്‌ വ്യക്‌തമാക്കുന്നു. ജീവനുവേണ്ടി കേണപേക്ഷിക്കുന്ന ഒരു യുവാവിനെ നിര്‍ദയം വെടിവെച്ചുകൊല്ലുകയും, ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌ത അക്രമികളുടെ ക്രൂരത മനഃസാക്ഷിയുള്ള ആരെയും നടുക്കുന്നതാണ്‌.
ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചാണ്‌. അറുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്‌ഥര്‍ വിന്യസിക്കപ്പെട്ടിട്ടും, ആയുധധാരികളായ അക്രമികള്‍ക്ക്‌ നിര്‍ബാധം അഴിഞ്ഞാടാന്‍ കഴിയുന്നത്‌ ആരുടെ പരാജയമാണ്‌? ഋഷികാന്തിന്റെ കൊലപാതകത്തിന്‌ ശേഷം 'സമാധാനമില്ലാതെ ജനകീയ സര്‍ക്കാരുകളില്ല' എന്ന തലക്കെട്ടോടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്‌ ഭരണകൂടത്തിനുള്ള വെല്ലുവിളി കൂടിയാണ്‌. സമാധാനശ്രമങ്ങള്‍ക്കായി പൗരസമൂഹം മുന്നിട്ടിറങ്ങുന്ന സമയത്തുതന്നെ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ വരുത്തുന്ന ഗുരുതരമായ വീഴ്‌ചയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
രണ്ട്‌ വര്‍ഷമായി നേപ്പാളില്‍ ജോലി ചെയ്യുകയായിരുന്ന ഋഷികാന്ത്‌, സ്‌നേഹിച്ച പെണ്ണിനൊപ്പം ജീവിക്കാനാണ്‌ നാട്ടിലെത്തിയത്‌. എന്നാല്‍, സമുദായങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം സ്‌നേഹിച്ചതിന്റെ പേരില്‍ ആ യുവാവിന്‌ ജീവന്‍ നഷ്‌ടമായി. കണ്‍മുന്നില്‍ ഭര്‍ത്താവ്‌ കൊല്ലപ്പെടുന്നത്‌ കാണേണ്ടി വന്ന ആ യുവതിയുടെ അവസ്‌ഥ ഭീകരമാണ്‌. ഇനിയൊരു യുവതിക്കും, ഒരു കുടുംബത്തിനും ഇത്തരം ഒരവസ്‌ഥ ഉണ്ടാകാതെ നോക്കേണ്ടത്‌ ഭരണകര്‍ത്താക്കളുടെ പ്രാഥമിക കടമയാണ്‌.
ഈ അരാജകത്വം അവസാനിപ്പിക്കാന്‍ അധികൃതര്‍ ഒട്ടും വൈകിക്കൂടാ. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കുകയും, കേസ്‌ എന്‍.ഐ.എ. പോലുള്ള ഏജന്‍സികള്‍ക്ക്‌ കൈമാറണമെന്ന ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും വേണം. മണിപ്പുര്‍ ഇനിയും ചോരക്കളമായി തുടരുന്നത്‌ രാജ്യത്തിന്‌ ഭൂഷണമല്ല. നിഷ്‌ക്രിയത്വം വെടിഞ്ഞ്‌, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണകൂടം തയാറായേ തീരൂ.

Ads by Google
Friday 23 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW