-->
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു. 22 കാരി ദുര്‍ഗ കാമിയാണ് മരണത്തിന് കീഴടങ്ങിയത്. ഡാനണ്‍ എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച ദുര്‍ഗയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഫിസിയോ തെറാപ്പിയ്ക്കിടെ ദുര്‍ഗ കുഴഞ്ഞുവീഴുകയായിരുന്നു. ഡിസംബര്‍ 22-നായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ഹൃദയം ആയിരുന്നു ദുര്‍ഗയ്ക്ക് മാറ്റിവെച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്. കഴിഞ്ഞ ദിവസം ദുര്‍ഗയ്ക്ക് ജീവന്‍രക്ഷാ മെഷീനുകളുടെ പിന്തുണ മാറ്റുകയും ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്ക് എത്തിയിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.
കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ദുര്‍ഗ കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയത്. പാരമ്പര്യ രോഗം മൂലം ദുര്‍ഗയുടെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. ഒരു സഹോദരന്‍ മാത്രമാണ് ദുര്‍ഗയ്ക്കുണ്ടായിരുന്നത്. അസുഖം ബാധിച്ച് ആരും നോക്കാനില്ലാതെ അനാഥാലയത്തിലായിരുന്നു ദുര്‍ഗയും സഹോദരന്‍ തിലകും താമസിച്ചിരുന്നത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ദുര്‍ഗയെ ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.