-->
കൊച്ചി: ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് വോട്ട് വാങ്ങി ജനങ്ങളെ ബിജെപിക്ക് പണയപ്പെടുത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു മാപ്പുപറയണം' മുഹമ്മദ് ഷിയാസ് പറഞ്ഞു. ട്വന്റി 20 നനഞ്ഞ പടക്കമായി മാറിയെന്നും ട്വന്റി 20 എന്ന പരീക്ഷണം അവസാനിച്ചുവെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.
സാബു ജേക്കബിന് കച്ചവട താല്‍പ്പര്യം മാത്രമാണുളളതെന്നും പുത്തന്‍കുരിശില്‍ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചത് സ്വതന്ത്ര താല്‍പ്പര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിച്ച ഒരാളും ബിജെപിയിലേക്ക് പോകില്ല. ആരും ആര്‍എസ്എസിന്റെ കൂടാരത്തിലേക്ക് പോകില്ല. എത്ര പണം ചെലവഴിച്ചാലും അവരെ സാബുവിന് കൊണ്ടുപോകാനാവില്ല. കോണ്‍ഗ്രസ് നേതൃത്വം പ്രാദേശികമായി അവരുമായി ബന്ധപ്പെടുന്നുണ്ട്.
സാബുവിന്റെ അരാഷ്ട്രീയവാദത്തെ തുടക്കത്തിലേ എതിര്‍ത്തിരുന്നെന്നും കോര്‍പ്പറേറ്റ് മുതലാളിയായ സാബുവിന് പറ്റിയ ഇടം ബിജെപിയാണെന്നും ഷിയാസ് പറഞ്ഞു. 'എന്‍ഡിഎയ്ക്ക് ട്വന്റി 20 പോയതിന്റെ ഗുണം കിട്ടില്ല. ട്വന്റി 20 നേടിയ ന്യൂനപക്ഷ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കില്ല. പല പ്രവര്‍ത്തകരും ഇതിനോടകം ട്വന്റി 20 ബന്ധം അവസാനിപ്പിച്ചു. വരുംദിവസങ്ങളില്‍ പലരും കോണ്‍ഗ്രസിലേക്ക് വരും.