-->
'സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്‌നം കാണാറുണ്ടോ...' എന്നെഴുതിയതു കവി പി. ഭാസ്‌കരനാണ്. ആകാശത്ത് സ്വര്‍ണവര്‍ണത്തില്‍ തിളങ്ങിനില്‍ക്കുന്ന മേഘത്തോടു നീയും മനുഷ്യരെപ്പോലെ സ്വപ്‌നം കാണാറുണ്ടോ എന്നു ചോദിക്കുകയാണ് ഈയൊരു സിനിമാഗാനത്തിലൂടെ കവിഭാവന ചെയ്‌തത്. എന്നാല്‍, സ്വര്‍ണം വേണമെന്ന് ആളുകള്‍ക്കു സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത തരത്തിലാണ് യഥാര്‍ഥ സ്വര്‍ണത്തിന്റെ വില ഉയരുന്നത്.
ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് റോക്കറ്റ് വേഗത്തില്‍ സ്വര്‍ണവില ഉയരുമ്പോള്‍ മലയാളി കുടുംബങ്ങളില്‍ ആശങ്കയും വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. അത്രയേറെയാണു കേരളീയരുടെ ജീവിതത്തില്‍ സ്വര്‍ണത്തിനുള്ള പ്രാധാന്യവും സ്വാധീനവും. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും ലോകമെമ്പാടുമുള്ള മലയാളികള്‍ സശ്രദ്ധം വീക്ഷിക്കുകയും ചെയ്യും. ഒരേ ദിവസം ഒന്നിലേറെ തവണ വില വര്‍ധിക്കുന്ന പ്രവണതയും സാധാരണമായി കഴിഞ്ഞു.
ഇന്നലെ ഞെട്ടിക്കുന്ന കുതിപ്പായിരുന്നു സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും ഒറ്റയടിക്ക് വര്‍ധിക്കുകയുണ്ടായി. കേരളത്തില്‍ ഇതുവരെ ഇത്രയും തുക ഒരുമിച്ച് വര്‍ധിച്ചിട്ടേയില്ല. ഈയൊരു അമ്പരപ്പില്‍ ജനങ്ങളും വ്യാപാരികളും നില്‍ക്കുമ്പോഴാണ് വില വീണ്ടും കൂടിയത്. ഉച്ചയ്‌ക്കു മുമ്പായി ഗ്രാമിന് 5480 രൂപയാണ് വര്‍ധിച്ചത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15,480 രൂപയും പവന് 1,19,200 രൂപയും എത്തിയതോടെ പൊന്നിന്റെ പോക്ക് പ്രവചനാതീതമെന്നുമാത്രം പറയാന്‍ കഴിയുന്ന അവസ്‌ഥയിലാണ് സാമ്പത്തിക വിദഗ്‌ധരടക്കമുള്ളത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിനും അനുസരിച്ചാണ് കേരളത്തിലും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുന്നതെന്നു ജനങ്ങളും മനസിലാക്കിയിട്ടുണ്ട്.
ആഗോളതലത്തിലെ യുദ്ധങ്ങളും യുദ്ധസമാന സാഹചര്യങ്ങളും സ്വര്‍ണത്തിനു ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്ന ഘടകമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളും നടപടികളുമാണ് കുറേ നാളായി സ്വര്‍ണവില ഇത്രയധികം വര്‍ധിക്കാന്‍ മുഖ്യകാരണം. നിലവില്‍, ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കം വലിയ രാജ്യാന്തര പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് അധിക നികുതി ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഈ വിഷയത്തിലെ തര്‍ക്കങ്ങളും ആഗോള സാമ്പത്തിക അനിശ്‌ചിതത്വവും സ്വര്‍ണ വില മുകളിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഏതു സാഹചര്യത്തിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് രാജ്യങ്ങളും ആളുകളും സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുക. രാജ്യാന്തര വിപണിയില്‍ ഡോളറിനു മുന്നില്‍ രൂപയുടെ കരുത്ത് എങ്ങനെയെന്നതും ഇന്ത്യയിലെ സ്വര്‍ണവിലയെ നേരിട്ടു സ്വാധീനിക്കും. ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലവര്‍ധനയ്‌ക്കു കാരണമാകുന്നു.
എത്ര വില കയറിയാലും മലയാളികള്‍ സ്വര്‍ണത്തെ കൈവിടുമെന്നു തോന്നുന്നില്ല. മലയാളികളുടെ സ്വര്‍ണഭ്രമത്തിന് ഒന്നിലേറെ കാരണങ്ങളാണുള്ളത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവര്‍ നമ്മുടെ നാട്ടിലും വര്‍ധിച്ചിരിക്കുന്നു. കൂടാതെ, മിക്ക ആഘോഷങ്ങള്‍ക്കും സ്വര്‍ണപ്പകിട്ട് ഭൂരിപക്ഷം മലയാളി കുടുംബങ്ങള്‍ക്കും ഒഴിവാക്കാനാകുന്നില്ല. കുടുംബത്തിന്റെ അന്തസിന്റെയും സാമ്പത്തിക മികവിന്റെയും പ്രദര്‍ശനം എന്ന നിലയില്‍ പവന്‍ കണക്കുകള്‍ ഇപ്പോഴും ഉപേക്ഷിക്കാന്‍ ആളുകള്‍ തയാറല്ല. മക്കളുടെ കല്യാണവും സ്വര്‍ണവിലയും ബന്ധിപ്പിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നതുതന്നെ ആളുകളുടെ ഈ ഒരു മനോഭാവത്തിന്റെ ലക്ഷണമാണ്. വിവാഹങ്ങളില്‍ സ്വര്‍ണത്തിനുള്ള പ്രാധാന്യം കുറയ്‌ക്കാനോ ഉപേക്ഷിക്കാനോ തയാറായില്ലെങ്കില്‍ സ്വര്‍ണവില വര്‍ധന മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും. ഇതിനകം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടുള്ളവരെ വില വര്‍ധന സന്തോഷിപ്പിച്ചേക്കാം. എന്നാല്‍, സ്വര്‍ണം വാങ്ങേണ്ടി വരുന്നവരെ സംബന്ധിച്ചു കടുത്ത ആശങ്കയുടെ ദിനങ്ങളാണ് മുന്നിലെന്നാണ് വിപണി സൂചന.