Saturday, March 14, 2026 Last Updated 56 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.25 AM

വികസിക്കുന്ന രാസവളശൃംഖല: വലിയ പരിഷ്‌കാരങ്ങള്‍ക്കു സമയമായോ?

കാര്‍ഷികരാജ്യമാണ്‌ ഇന്ത്യ. ഇവിടെ ജനസംഖ്യയുടെ വലിയ വിഭാഗം ഉപജീവനത്തിനായി നേരിട്ടു കൃഷിയെ ആശ്രയിക്കുന്നവരാണ്‌. ഭക്ഷണത്തിന്റെ ക്രമാനുഗതമായി വര്‍ധിക്കുന്ന ആവശ്യകത നിറവേറ്റാന്‍, കുറച്ചു പതിറ്റാണ്ടായി രാസവളങ്ങളുടെ ഉപയോഗം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്‌. ആദ്യവര്‍ഷങ്ങളില്‍, ഈ വളങ്ങള്‍ കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും ഭക്ഷ്യലഭ്യത ഉറപ്പാക്കാനും നിസംശയം സഹായിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ന്‌, അവയുടെ വിവേചനരഹിതവും അമിതവും നിയന്ത്രണമില്ലാത്തതുമായ ഉപയോഗം കൃഷിയെയും പരിസ്‌ഥിതിയെയും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു.
2018-19 കാലഘട്ടത്തില്‍ വളത്തിന്റെ ഉപയോഗം ഏകദേശം 115 കോടി ചാക്കുകള്‍ ആയിരുന്നെങ്കില്‍, 2024-25 ആയപ്പോഴേക്കും അത്‌ 150 കോടി ചാക്കുകള്‍ കടന്നിരിക്കുകയാണ്‌. രാജ്യത്തെ രാസവള ഉപയോഗത്തിന്റെ വ്യാപ്‌തി എത്രത്തോളമാണെന്ന്‌ ഈ കണക്കുകളില്‍നിന്നു മനസിലാക്കാം. ഇതിലും ആശങ്കാജനകമായ വസ്‌തുത, ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 143 കോടിയാണെന്നിരിക്കെ, വളത്തിന്റെ ഉപയോഗം 150 കോടി ചാക്കുകള്‍ക്കും മുകളിലെത്തി എന്നതാണ്‌. ഈ അസന്തുലിതാവസ്‌ഥ അസ്വസ്‌ഥതയുണ്ടാക്കുന്ന ഒന്നാണെന്നു മാത്രമല്ല, സുസ്‌ഥിരകൃഷിയുടെയും ഭക്ഷ്യസുരക്ഷയുടെയും ഭാവിക്കു ഗുരുതരഭീഷണിയാണെന്ന സൂചനയും നല്‍കുന്നു.
രാസവളങ്ങളുടെ ആഘാതം ഇപ്പോള്‍ നമ്മുടെ തീന്‍മേശകളിലും എത്തിക്കഴിഞ്ഞു. ഗോതമ്പ്‌, അരി, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ മാത്രമല്ല, പാലും തൈരും നെയ്യും പോലും ഇന്നു രാസാവശിഷ്‌ടങ്ങളില്‍നിന്നു മുക്‌തമല്ല. ഇതിന്റെ ഫലമായി അര്‍ബുദം, ഹൃദ്രോഗങ്ങള്‍, അലര്‍ജികള്‍, പ്രമേഹം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ രാജ്യത്തുടനീളം ക്രമാനുഗതമായി വര്‍ധിക്കുന്നു.
കൃഷിഭൂമിയുടെ അവസ്‌ഥയും അതുപോലെ ആശങ്കാജനകമാണ്‌. ശാസ്‌ത്രീയനിര്‍ദേശങ്ങളനുസരിച്ച്‌, വളങ്ങള്‍ ചെടികളുടെ വേരുകള്‍ക്കു സമീപമാണു പ്രയോഗിക്കേണ്ടത്‌. എന്നാല്‍, പ്രായോഗികമായി, പലപ്പോഴും പാടശേഖരങ്ങളിലുടനീളം അവ വിതറുകയാണു ചെയ്യുന്നത്‌. ഇതു കളകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ വന്‍തോതില്‍ കളനാശിനികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ രാസവസ്‌തുക്കള്‍ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയെ സാരമായി ബാധിക്കുകയും മണ്ണിലെ ഗുണകരമായ സൂക്ഷ്‌മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. നഷ്‌ടപ്പെട്ട ഉത്‌പാദനക്ഷമത വീണ്ടെടുക്കാന്‍ കര്‍ഷകര്‍ വീണ്ടും കൂടുതല്‍ വളങ്ങള്‍ ഉപയോഗിക്കുന്നു. ഇതു മണ്ണിനെ വര്‍ഷംതോറും കൂടുതല്‍ തരിശാക്കുന്ന വിഷമവൃത്തത്തിലേക്കു കര്‍ഷകരെ തള്ളിവിടുന്നു.
സാമ്പത്തികബാധ്യതയും
കരിഞ്ചന്തയും

രാസവളമേഖല രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയ്‌ക്കും വലിയ ഭാരമായി മാറുകയാണ്‌. നിലവില്‍, സബ്‌സിഡിയുള്‍പ്പെടെ ഏകദേശം മൂന്നു ലക്ഷംകോടി രൂപയുടെ രാസവളങ്ങളാണു രാജ്യത്തു പ്രതിവര്‍ഷം ഉപയോഗിക്കുന്നത്‌. വൈരുദ്ധ്യമെന്നു പറയട്ടെ, വളം നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ക്കോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന വളത്തിനോവേണ്ടി 80 ശതമാനത്തോളം ഇറക്കുമതിയെയാണ്‌ ഈ വ്യവസായം ആശ്രയിക്കുന്നത്‌. മൊത്തം ചെലവാകുന്ന മൂന്നു ലക്ഷംകോടി രൂപയില്‍ ഏകദേശം 2.5 ലക്ഷംകോടി രൂപയും ഇറക്കുമതിക്കായാണു ചെലവഴിക്കുന്നത്‌. ഒരുവശത്തു നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്‌ഠത നഷ്‌ടപ്പെടുമ്പോള്‍, മറുവശത്തു രാജ്യത്തിന്റെ ഗണ്യമായ സമ്പത്തു വിദേശത്തേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌.
കര്‍ഷകരെ സഹായിക്കാന്‍ ഗവണ്‍മെന്റ്‌ വന്‍തോതില്‍ സബ്‌സിഡി നല്‍കിവരുന്നുണ്ട്‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏകദേശം 13 ലക്ഷംകോടി രൂപയുടെ വളം സബ്‌സിഡിയാണു കേന്ദ്രഗവണ്‍മെന്റ്‌ നല്‍കിയത്‌. ഈ സബ്‌സിഡിയുള്ളതിനാല്‍, കിലോയ്‌ക്ക്‌ 40 രൂപയോളം വരുന്ന യൂറിയ കര്‍ഷകര്‍ക്ക്‌ ആറു രൂപയില്‍ താഴെ നിരക്കില്‍ ലഭ്യമാകുന്നു. വാസ്‌തവത്തില്‍, കാലിത്തീറ്റയേക്കാള്‍ വില കുറഞ്ഞ ഒന്നായി ഇന്നു യൂറിയ മാറിയിരിക്കുന്നു. കര്‍ഷകര്‍ക്ക്‌ ഒരു കപ്പു ചായയേക്കാള്‍ കുറഞ്ഞ വിലയ്‌ക്കു യൂറിയ വാങ്ങാന്‍ കഴിയുന്ന തരത്തില്‍, അതിന്റെ ചെലവിന്റെ 8590% ഗവണ്‍മെന്റ്‌ വഹിക്കുന്നു.
എന്നിരുന്നാലും, ഈ കുറഞ്ഞ വില രാസവളങ്ങളുടെ ദുരുപയോഗത്തിനും കരിഞ്ചന്തയ്‌ക്കും വഴിയൊരുക്കിയിട്ടുണ്ട്‌. ഇടനിലക്കാര്‍ സബ്‌സിഡിനിരക്കിലുള്ള യൂറിയ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുപകരം പ്ലൈവുഡ്‌ ഫാക്‌ടറികള്‍, കാലിത്തീറ്റ നിര്‍മാണം, മായം ചേര്‍ത്ത പാലുല്‍പാദനം തുടങ്ങിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വകമാറ്റി ഉപയോഗിക്കുന്നു.
പരിഷ്‌കരണപാതയും
സാധ്യമായ പ്രതിവിധികളും

ആഴത്തിലുള്ള ഈ പ്രതിസന്ധി മറികടക്കാന്‍, നിര്‍ണായകവും പ്രായോഗികവുമായ പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്‌. മുന്‍കാലങ്ങളില്‍, വിളവെടുപ്പിനുശേഷമുള്ള അവശിഷ്‌ടങ്ങള്‍ ജൈവവളമായി ഉപയോഗിച്ചിരുന്നു. ഇതു മണ്ണിലെ ജൈവ കാര്‍ബണിന്റെ അളവു നിലനിര്‍ത്താന്‍ സഹായിച്ചിരുന്നു. ഇന്ന്‌, വിള അവശിഷ്‌ടങ്ങള്‍ വില്‍ക്കുന്നതിലൂടെ കര്‍ഷകര്‍ക്കു ചെറിയ തുക ലഭിച്ചേക്കാം, എന്നാല്‍, രാസവളങ്ങള്‍ക്കായി ചെലവാക്കുന്ന തുകയുമായും മണ്ണിന്റെ ഗുണനിലവാര തകര്‍ച്ചയുമായും താരതമ്യം ചെയ്യുമ്പോള്‍ ഈ വരുമാനം തുച്‌ഛമാണ്‌.
രാസവളച്ചാക്കുകളുടെ തൂക്കം കുറയ്‌ക്കുന്നതിനെക്കുറിച്ചു ഗവണ്‍മെന്റ്‌ ആലോചിക്കണം;അതോടൊപ്പം, ഫലപ്രദമായ ജൈവബദലുകള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. അമിതമായി രാസവളം ഉപയോഗിക്കുന്ന മേഖലകള്‍ തിരിച്ചറിഞ്ഞ്‌, അവയുടെ ഉപയോഗം നിയന്ത്രിക്കാനും കര്‍ഷകര്‍ക്കു ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാനും പ്രത്യേക നിരീക്ഷണസംഘങ്ങളെ വിന്യസിക്കണം.
മണ്ണിന്റെ ആരോഗ്യം
വീണ്ടെടുക്കുന്നതിനുള്ള
പ്രധാന നിര്‍ദേശങ്ങള്‍

പച്ചിലവളത്തിന്റെ വ്യാപകമായ ഉപയോഗം: മനുഷ്യശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ യോഗ എത്രത്തോളം അത്യാവശ്യമാണോ, അതുപോലെ മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പച്ചിലവളവും അത്യന്താപേക്ഷിതമാണ്‌.

മെച്ചപ്പെട്ട സസ്യവളര്‍ച്ച: ജൈവവളങ്ങള്‍ പ്രയോഗിക്കുന്നത്‌, ചെടികളുടെ വേരുകള്‍ ആഴത്തില്‍ ഇറങ്ങാനും കൂടുതല്‍ വിസ്‌തൃതിയില്‍ പടരാനും സഹായിക്കുന്നു. ഇതു വിളകളെ സ്വാഭാവികമായി കരുത്തുള്ളതാക്കുന്നു.

ശാസ്‌ത്രീയ വിളപരിക്രമണം: ഒരേ വിള ആവര്‍ത്തിച്ചു കൃഷിചെയ്യുന്നതിനുപകരം, വിളപരിക്രമണരീതി സ്വീകരിക്കണം. ഉദാഹരണത്തിന്‌, പയര്‍വര്‍ഗങ്ങള്‍ മണ്ണിന്റെ ആഴത്തിലുള്ള പാളികളില്‍നിന്നു പോഷകങ്ങള്‍ വലിച്ചെടുക്കുമ്പോള്‍, ഗോതമ്പും നെല്ലും മണ്ണിന്റെ ഉപരിതലപാളികളിലെ പോഷകങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.

മെച്ചപ്പെട്ട ജലസേചനരീതികള്‍: തുള്ളിനന, കൃഷിക്കുമുമ്പുള്ള നിലംനിരപ്പാക്കല്‍ എന്നിവ ജലം ലാഭിക്കാന്‍ സഹായിക്കുന്നു. കൂടാതെ, വളങ്ങള്‍ പാഴാകാതെ നേരിട്ടു ചെടികളിലേക്കു കൃത്യമായി എത്തുന്നുവെന്ന്‌ ഇതുറപ്പാക്കുകയും ചെയ്യുന്നു.

യൂറിയയുടെ കാര്യക്ഷമമായ ഉപയോഗം: യൂറിയ വൈകുന്നേരങ്ങളില്‍ തളിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്‌. ഇതു കുറഞ്ഞ അളവില്‍ കൂടുതല്‍ മികച്ച ഫലം നല്‍കുന്നു.

കന്നുകാലിവളര്‍ത്തലും പാരിസ്‌ഥിതികസന്തുലിതാവസ്‌ഥയും: കന്നുകാലിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതു തൊഴുത്തുവളത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നു. ഇതു മണ്ണിന്റെ ദീര്‍ഘകാല ഉത്‌പാദനക്ഷമത നിലനിര്‍ത്താനും മണ്ണിനാവശ്യമായ വിശ്രമം നല്‍കാനും സഹായിക്കുന്നു.

നമ്മുടെ മണ്ണിനെ സംരക്ഷിക്കുന്നതില്‍ ഇന്നു നാം പരാജയപ്പെട്ടാല്‍, നമ്മുടെ ഭാവി സുരക്ഷിതമാകില്ല. രാസവസ്‌തുക്കളെ അമിതമായി ആശ്രയിക്കുന്നതില്‍നിന്നു മുക്‌തരായി പ്രകൃതിയിലേക്കു മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുസ്‌ഥിരകൃഷി എന്നതു വെറുമൊരു മാര്‍ഗമല്ല;മറിച്ച്‌, അതു കര്‍ഷകരുടെയും ഉപഭോക്‌താക്കളുടെയും രാജ്യത്തിന്റെയാകെയും നിലനില്‍പിന്‌ അനിവാര്യമായ തെരഞ്ഞെടുപ്പാണ്‌.

റാം സരന്‍ വര്‍മ

Ads by Google
Tuesday 20 Jan 2026 12.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW