-->
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വി.എസ്.എസ്.സിയില്‍ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. തന്ത്രിയുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്.ഐ ടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പ പാളിയിലെയും സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തല്‍. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവും നിലവിലുള്ള സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവും. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്.ഐ.ടിയ്ക്ക് ആറുമാസം സമയം അനുവദിച്ചിരുന്നു.