Friday, March 13, 2026 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

അപമാന 'ദൃശ്യം'; ആവര്‍ത്തിക്കരുത്‌

uploads/news/2026/01/821518/ed.jpg

അപമാനകരമായ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കിയ സംഭവം നാടിനെ ഞെട്ടിക്കുകയും സാമൂഹികമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആളുകള്‍ക്ക്‌ ഉണ്ടാകുന്ന വീഴ്‌ചകള്‍ തുറന്നു കാട്ടുകയും ചെയ്‌തിരിക്കുന്നു. കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ ബസിനുള്ളില്‍ ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതിയുടെ ആരോപണം. യുവതിയുടേതു വസ്‌തുതാവിരുദ്ധമായ ആരോപണമാണെന്നും തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ്‌ ആത്മഹത്യ ചെയ്‌തതെന്നും യുവാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്‌ത്രീപീഡന കേസുകള്‍ വര്‍ധിക്കുകയും അതുമായി ബന്ധപ്പെട്ടുള്ള പരാതികളെ പലരും വ്യാജമെന്ന്‌ ആക്ഷേപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു യുവാവിന്റെ ആത്മഹത്യ സമൂഹത്തില്‍ ചര്‍ച്ചയാകുന്നത്‌.
കോഴിക്കോട്‌ ഒരു വസ്‌ത്ര വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു ദീപക്‌. കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌ഥാപനവുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനു കണ്ണൂരില്‍ പോയി മടങ്ങുമ്പോള്‍ ആയിരുന്നു സംഭവം. ബസില്‍വച്ച്‌ ദീപക്ക്‌ അപമര്യാദയോടെ പെരുമാറിയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി അത്‌ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തു. 25 ലക്ഷം പേര്‍ 24 മണിക്കൂറിനുള്ളില്‍ ഈയൊരു വീഡിയോ കണ്ടതായാണു റിപ്പോര്‍ട്ട്‌. ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്ന വിവരം മറ്റുള്ളവരില്‍നിന്ന്‌ അറിഞ്ഞ ദീപക്‌ ഏറെ വിഷമത്തിലായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു.
പയ്യന്നൂരില്‍ രക്‌തദാനത്തിനു പോകുന്ന വഴിയില്‍, ബസില്‍ വച്ച്‌ ആരോപണവിധേയനായ യുവാവ്‌ മറ്റൊരു യുവതിക്കു സമീപം മോശമായി പെരുമാറുന്നതായി കണ്ടെന്നും തുടര്‍ന്നു തന്റെ സമീപം എത്തിയപ്പോള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ്‌ യുവതിയുടെ വിശദീകരണം. പോലീസ്‌ സ്‌റ്റേഷനില്‍ പരിചയമുള്ള ഒരാളെ സംഭവം അറിയിച്ചതായും സാമൂഹികമാധ്യമത്തില്‍ വീഡിയോ ഇടുന്ന വിവരം അദ്ദേഹത്തോടു പറഞ്ഞതായും യുവതി വ്യക്‌തമാക്കി. ചെറുപ്പക്കാരന്‍ മോശം പ്രവര്‍ത്തി ചെയ്‌തതായി വിശ്വസിക്കുന്ന യുവതി സമൂഹത്തിനുമുന്നില്‍ അയാള്‍ നാണംകെടണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ടാകാം. അപമാനമാകണം അയാള്‍ക്കുള്ള ശിക്ഷയെന്നു കരുതിയും കാണും. എന്നാല്‍, ഇങ്ങനെ ഒരു വീഡിയോ സാമൂഹികമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച്‌ അറിഞ്ഞശേഷം പോലീസിന്റെ പ്രതികരണം എന്തായിരുന്നു?. നീതിന്യായ സംവിധാനങ്ങളുള്ള നാട്ടില്‍ തെറ്റെന്നു കരുതുന്ന ഒരു കാര്യത്തിനെതിരേ യുവതി സ്വീകരിച്ച നടപടി അങ്ങേയറ്റം അപക്വമായിപ്പോയി. അതിനെ തടയാന്‍ കേരളാ പോലീസിനും കഴിഞ്ഞില്ല.
സാമൂഹികമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആളുകള്‍ വരുത്തുന്ന ഉത്തരവാദിത്തക്കുറവിനുള്ള ഉദാഹരണമായി ഈ സംഭവവും മാറുന്നു. സാമൂഹികമാധ്യമങ്ങള്‍ ആളുകള്‍ക്കു മികച്ച വരുമാനമാര്‍ഗമായി മാറിയതോടെ, ഏതുവിധേനയും റീച്ചും ലൈക്കും വര്‍ധിപ്പിച്ചു വരുമാനംമാത്രം ലക്ഷ്യമിട്ടുള്ള ഇടപെടലുകളും ശക്‌തമായി. സ്വയം വെളിപ്പെടുത്താതെപോലും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്‌ഥയുണ്ട്‌. കടുത്ത സൈബര്‍ ആക്രമണവും അധിക്ഷേപവുമാണ്‌ പലര്‍ക്കും ഇത്തരത്തില്‍ നേരിടേണ്ടി വരുന്നത്‌. വ്യക്‌തിജീവിതത്തിലെ സ്വകാര്യതപോലും മറന്നു കൊണ്ടുള്ള സാമൂഹികമാധ്യമ ഇടപെടലുകള്‍ വഴി ആളുകള്‍ പേരും പ്രശസ്‌തിയും വരുമാനവും വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ മുന്നിലെ സ്‌ക്രീനില്‍ തെളിയുന്ന കാര്യങ്ങളിലെ സത്യവും മിഥ്യയും ജനങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയാതെ ആയിട്ടുണ്ട്‌. ഈയൊരു പശ്‌ചാത്തലത്തില്‍ നിയമനടപടിക്ക്‌ ഒരാളെ വിധേയനാക്കേണ്ടതിനു പകരം അയാളെ സാമൂഹികമാധ്യമത്തിലൂടെ പ്രദര്‍ശിപ്പിച്ചതിലെ ശരി തെറ്റുകള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ നാടിന്റെ നിയമവ്യവസ്‌ഥയ്‌ക്കു കഴിയണം.
സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ ശരിയായ ധാരണ വ്യക്‌തികള്‍ക്ക്‌ അനിവാര്യമാണ്‌. സാങ്കേതികവിദ്യയെ വിവേകപൂര്‍വമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടങ്ങള്‍ക്കു സാധിക്കുമെന്നതുപോലെ അതിന്റെ തെറ്റായ ഉപയോഗം ദുരന്തമാകും സമ്മാനിക്കുക. സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റുകള്‍ തുറന്നുകാട്ടുന്നത്‌ ഭരണസംവിധാനങ്ങളേയും സ്‌ഥാപനങ്ങളേയും പലപ്പോഴും ജാഗ്രവത്താക്കിയിട്ടുണ്ട്‌. പല മോശം പ്രവണതകള്‍ക്കുമെതിരേ ജനകീയ വികാരം രൂപപ്പെടുത്താനും സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ പങ്കുവയ്‌ക്കപ്പെടുന്ന കാര്യങ്ങളിലെ സത്യസന്ധത സുപ്രധാനമാണ്‌. ഇതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരേ നിയമ നടപടി ശക്‌തമാക്കിയാല്‍ മാത്രമേ സാമൂഹികമാധ്യമങ്ങളിലൂടെ എന്തുമാകാമെന്നുള്ള തെറ്റായ സമീപനത്തിനു മാറ്റമുണ്ടാകൂ.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW