Friday, March 13, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.36 PM

നീതിന്യായ വ്യവസ്‌ഥ പ്രതിക്കൂട്ടില്‍

uploads/news/2026/01/819258/ed.jpg

സംസ്‌ഥാനത്തെ പോലീസ്‌ സംവിധാനത്തിനേറ്റ കളങ്കം, കോടതി കാര്യങ്ങളിലെ വീഴ്‌ചഎന്നിവയ്‌ക്ക്‌ അടിവരയിട്ടുകൊണ്ടാണ്‌ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കോടതി വിധിയുണ്ടായത്‌. മുന്‍ മന്ത്രിയും എല്‍.ഡി.എഫ്‌. നേതാവുമായ ആന്റണി രാജു എം.എല്‍.എയും കോടതി ജീവനക്കാരനായിരുന്ന കെ.എസ്‌. ജോസും കുറ്റക്കാരാണെന്നാണു നെടുമങ്ങാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി വിധിച്ചത്‌. തെളിവുകള്‍ കൈയിലുണ്ടായിട്ടും പൂഴ്‌ത്തിവച്ച പോലീസും കോടതിയുടെ ഭാഗത്തുനിന്നുണ്ടായ അമ്പരപ്പിക്കുന്ന 'സൗമനസ്യവും' പ്രതികള്‍ക്കു രക്ഷയായെന്ന വിലയിരുത്തലാണുള്ളത്‌. ഇതിനിടെ, രണ്ടാം പ്രതിയായ ആന്റണി രാജുവിനു ജനപ്രതിനിധിയാകാനും മന്ത്രിയാകാനും സാധിച്ചു. സംസ്‌ഥാനത്തെ മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ, നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്‌ഥയുടെ പാളിച്ചയാണ്‌ ഇതിലൂടെ വ്യക്‌തമാക്കപ്പെട്ടത്‌.
ഗൂഢാലോചനയും തെളിവുനശിപ്പിക്കലും ഉള്‍പ്പെടെ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി ഇരുവര്‍ക്കും മൂന്നു വര്‍ഷം കഠിനതടവ്‌ വിധിച്ചു. ആന്റണി രാജുവിന്‌ എം.എല്‍.എ. സ്‌ഥാനവും നഷ്‌ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അദ്ദേഹത്തിനു മത്സരിക്കാനും സാധിക്കില്ല.
തിരുവനന്തപുരം വിമാനത്താവളത്തില്‍ 1990 ഏപ്രില്‍ നാലിന്‌ അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച രണ്ടു പാക്കറ്റ്‌ മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രു സാല്‍വദോറിനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നതാണു കേസ്‌. അടിവസ്‌ത്രം തൊണ്ടിമുറി ക്ലര്‍ക്ക്‌ ജോസിന്റെ ഒത്താശയോടെ കൈക്കലാക്കി വലിപ്പം കുറച്ചു തിരികെവച്ചെന്നായിരുന്നു ആന്റണി രാജുവിനെതിരായ കുറ്റാരോപണം. ആന്‍ഡ്രുവിന്റെ അഭിഭാഷക സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയറായിരുന്നു അന്ന്‌ ആന്റണി രാജു. സെഷന്‍സ്‌ കോടതി ആന്‍ഡ്രുവിനെ 10 വര്‍ഷം ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതേ വിട്ടു. അടിവസ്‌ത്രം ആന്‍ഡ്രുവിനു പാകമല്ലെന്ന കണ്ടെത്തല്‍ നിര്‍ണായകമായി. പിന്നീട്‌ ഹൈക്കോടതി വിജിലന്‍സ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പു കണ്ടെത്തിയത്‌. 1994 ല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന്‌, 10 വര്‍ഷത്തോളം കേരള പോലീസ്‌ കേസ്‌ അന്വേഷിച്ചെങ്കിലും തെളിവില്ലെന്നു പറഞ്ഞ്‌ എഴുതിത്തള്ളി. ടി.പി. സെന്‍കുമാര്‍ ദക്ഷിണേേഖല ഐ.ജിയായി ചുമതലയേറ്റെടുത്തപ്പോള്‍ അദ്ദേഹം മുന്‍കൈയെടുത്തു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു തുടരനേഷണത്തിന്‌ ഉത്തരവിട്ടു. ഈയൊരു അന്വേഷണത്തിലാണ്‌ ജോസും ആന്റണി രാജുവും പ്രതികളാക്കപ്പെടുന്നതും ഇരുവര്‍ക്കുമെതിരേ 2006ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതും. തുടര്‍ന്നുള്ള 16 വര്‍ഷം ഈ കേസിന്‌ യാതൊരു അനക്കവും ഉണ്ടായില്ല. എന്തുകൊണ്ട്‌ അങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കുമ്പോഴാണ്‌ സംസ്‌ഥാനത്തെ നീതിന്യായ വ്യവസ്‌ഥയുടെ ഭാഗമായുള്ളവര്‍ നടത്തിയ ഒളിച്ചുകളികള്‍ മനസിലാക്കാനാകുന്നത്‌.
എട്ടു വര്‍ഷം വഞ്ചിയൂര്‍ കോടതിയിലും എട്ടു വര്‍ഷം നെടുമങ്ങാട്‌ കോടതിയിലും കേസ്‌ കെട്ടിക്കിടന്നു. ഈ 16 വര്‍ഷവും പ്രതികള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നപ്പോള്‍ അവര്‍ക്കെതിരേ വാറന്റുപോലും ഉണ്ടായില്ല. മുപ്പതിലധികം തവണ കേസ്‌ മാറ്റിവയ്‌ക്കുകയുണ്ടായി. കേസിലെ അട്ടിമറി ബോധ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവേല്‍ നടത്തിയ അന്വേഷണവും പുറത്തുവിട്ട രേഖകളുമാണ്‌ കേസിന്റെ ഗതിമാറ്റിത്‌. കേസില്‍ വഞ്ചനാക്കുറ്റംകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അനില്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതു കോടതി അംഗീകരിക്കുകയും ചെയ്‌തതോടെ പ്രതികള്‍ക്കെതിരായ കുരുക്കുമുറുകി. വിദേശപൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടി സംസ്‌ഥാന സര്‍ക്കാരിനു സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടിവന്നു. പൊതുപ്രവര്‍ത്തകന്‍ എം.ആര്‍. അജയനും സുപ്രീം കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയുണ്ടായി. 19 വര്‍ഷത്തോളം അനക്കമില്ലാതെ കിടന്ന കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണു വിചാരണ വേഗത്തിലാക്കിയതും വിധിയുണ്ടായതും.
സത്യത്തെ കുഴിച്ചുമൂടാന്‍ കൂട്ടുനിന്ന കോടതി-പോലീസ്‌ ഉദ്യോഗസ്‌ഥര്‍, ഒത്താശ ചെയ്‌തെന്ന്‌ ഉറപ്പായും വിശ്വസിക്കാവുന്ന രാഷ്‌ട്രീയ നേതൃത്വം എന്നിങ്ങനെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിലൂടെ അഴിഞ്ഞതു നിവവധി പേരുടെ മുഖംമൂടികളാണ്‌. ഇതിനിടെ നീതിസംരക്ഷിക്കാന്‍ ശ്രമിച്ച കെ.കെ. ജയമോഹനെപ്പോലുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു നേരിടേണ്ടിവന്ന അപമാനത്തിനും തിരിച്ചടിക്കും എന്താണു പരിഹാരം? കേസില്‍നിന്ന്‌ ഊരി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ആന്‍്രഡ്രൂ പിന്നിട്‌ കൊലക്കേസില്‍ പ്രതിയായി അവിടെ ജയിലിലടയ്‌ക്കപ്പെടുകയുണ്ടായി. അടിവസ്‌ത്രത്തില്‍ തട്ടിപ്പു നടത്തിയാണ്‌ താന്‍ കേരളത്തിലെ മയക്കുമരുന്ന്‌ കേസില്‍നിന്നു രക്ഷപ്പെട്ടതെന്നാണ്‌ ആന്‍ഡ്രൂ സഹതടവുകാരനോടു പറഞ്ഞത്‌. ഇന്റര്‍പോളിനു ലഭിച്ച ഈയൊരു വിവരം സി.ബി.ഐ. വഴി 1996 ല്‍ കേരളാ പോലീസിനു ലഭിച്ചു.
ഇന്റര്‍പോള്‍ നല്‍കിയ തെളിവും കൈയില്‍വച്ച്‌ കേസ്‌ അവസാനിപ്പിച്ച കേരളാ പോലീസ്‌ സംസ്‌ഥാനത്തിനു വരുത്തിവച്ച കളങ്കം വലുതാണ്‌. പുതിയ കാല മാധ്യപ്രവര്‍ത്തനത്തിന്റെ സാധ്യതകളിലൂടെ സത്യം പുറത്തുവരുമ്പോള്‍ സംസ്‌ഥാനത്തെ നീതിന്യായ വ്യസ്‌ഥ പ്രതിക്കൂട്ടിലാണ്‌.

Ads by Google
Monday 05 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW