Monday, March 16, 2026 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Sunday 04 Jan 2026 11.39 PM

'പുനര്‍ജനി' വിവാദം; ശിപാര്‍ശ നല്‍കിയെങ്കിലും സി.ബി.ഐ. അന്വേഷണത്തിനു കടമ്പകളേറെ, കേസെടുക്കാന്‍ വേണ്ടത്‌ മൂന്നു കോടിയുടെ പരാതി

അന്വേഷണ ഉദ്യോഗസ്‌ഥരുടെ കുറവും കേസുകളുടെ ബാഹുല്യവുമാണ്‌ ഇങ്ങനെയൊരു പരിധി നിശ്‌ചയിക്കാന്‍ കാരണം. കേസില്‍ അഴിമതി നിരോധന നിയമത്തിന്റെ ലംഘനം നടന്നിട്ടില്ല. ഫെമ ലംഘനം മാത്രമേയുള്ളൂ.
uploads/news/2026/01/819072/V.D.-Satheeshan-CBI.jpg

കൊച്ചി: 'പുനര്‍ജനി' വിവാദത്തില്‍ സി.ബി.ഐ. അന്വേഷണത്തിനു വിജിലന്‍സ്‌ ശിപാര്‍ശ നല്‍കിയെങ്കിലും കടമ്പകളേറെ. മൂന്നു കോടിയുടെയെങ്കിലും വെട്ടിപ്പു നടന്നതായുള്ള പരാതികളിലാണു നിലവില്‍ സാമ്പത്തിക വെട്ടിപ്പ്‌ കേസുകള്‍ ഏറ്റെടുക്കുന്നതെന്നു സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥരുടെ കുറവും കേസുകളുടെ ബാഹുല്യവുമാണ്‌ ഇങ്ങനെയൊരു പരിധി നിശ്‌ചയിക്കാന്‍ കാരണം. ഇതു നിയമം അല്ലെങ്കിലും കീഴ്‌വഴക്കമെന്ന നിലയിലാണു പരിഗണിച്ചുവരുന്നത്‌.

പുനര്‍ജനി വിവാദത്തില്‍, വി.ഡി. സതീശന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ അനുമതി തേടിയശേഷം വിദേശത്തുപോയി ഫണ്ട്‌ ശേഖരിച്ചെന്നും 25 ലക്ഷം രൂപയുടെ പണപ്പിരിവ്‌ നടത്തിയെന്നാണു പരാതി. വിദേശത്തുനടന്ന സംഭവം എന്ന നിലയിലാണ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന്‌ വിജിലന്‍സ്‌ ശിപാര്‍ശ നല്‍കിയത്‌. എന്നാല്‍, വേണമെങ്കില്‍ ഈ വിഷയം വിജിലന്‍സിനു തന്നെ അന്വേഷിക്കാന്‍ കഴിയുമെന്നാണു സി.ബി.ഐ. വൃത്തങ്ങള്‍ പറയുന്നത്‌.ഇത്തരം കേസുകളില്‍ കോടതി ആവശ്യപ്പെട്ടാല്‍ മാത്രം കേസെടുക്കുകയാണ്‌ പതിവ്‌.

സര്‍ക്കാര്‍ ശിപാര്‍ശ നല്‍കുന്നപക്ഷം അക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പരാതിയില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാന്‍ കേരളത്തിലെ യൂണിറ്റിനോട്‌ ആവശ്യപ്പെടുകയാണു ആദ്യ നടപടി. തുടര്‍ന്ന്‌ സി.ബി.ഐ. പ്രാഥമിക അന്വേഷണം നടത്തും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ പ്രകാരമാണു കേന്ദ്രം അന്വേഷണത്തിനു നിര്‍ദേശം നല്‍കുന്നത്‌.

വി.ഡി. സതീശന്‍ എന്തിനു പണംപിരിച്ചു എന്നതിനു തെളിവുവേണം. നിലവില്‍ മൊഴി മാത്രമാണുള്ളത്‌. അതുമാത്രം കേസെടുക്കാന്‍ പര്യാപ്‌തമല്ലെന്നാണു സി.ബി.ഐയുടെ വിലയിരുത്തല്‍. ഏഴുവര്‍ഷം മുമ്പു നടന്ന സംഭവത്തിലാണ്‌ ഇപ്പോള്‍ അന്വേഷണ ശിപാര്‍ശ. ഈ കേസില്‍ അഴിമതി നിരോധന നിയമത്തിന്റെ ലംഘനം നടന്നിട്ടില്ല. ഫെമ ലംഘനം മാത്രമേയുള്ളൂ.

പുനര്‍ജനി പദ്ധതിയില്‍ വിജിലന്‍സ്‌ എടുത്ത എഫ്‌.ഐ.ആറിന്റെ അടിസ്‌ഥാനത്തില്‍ വി.ഡി. സതീശനെതിരേ ഇ.ഡിയും അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കൊച്ചി യൂണിറ്റിനായിരുന്നു അന്വേഷണച്ചുമതല. എഫ്‌.സി.ആര്‍.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ അനുമതി നേടിയ ശേഷം വിദേശത്തുപോയി ഫണ്ട്‌ സ്വരൂപിച്ചതും അത്‌ കേരളത്തിലെ അക്കൗണ്ടിലേക്ക്‌ എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ വിജിലന്‍സ്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. എഫ്‌.സി.ആര്‍.എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സി.ബി.ഐ. അന്വേഷണം നടത്തണമെന്നാണു പറയുന്നത്‌. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ്‌ പ്രസീജിയേഴ്‌സിലെ അനുബന്ധം രണ്ടിലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമലംഘനത്തിനു സ്‌പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ്‌ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

ശിപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം ഈയാഴ്‌ച ?

പുനര്‍ജനി പദ്ധതിയില്‍ ക്രമക്കേടുണ്ടായെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ ശിപാര്‍ശ ചെയ്‌ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാകും. യു.കെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട്‌ പ്രളയബാധിതരായ സ്‌ത്രീകള്‍ക്ക്‌ പുനരധിവാസത്തിന്റെ ഭാഗമായി നെയ്‌ത്തു യന്ത്രം വാങ്ങാന്‍ 500 പൗണ്ട്‌ വീതം നല്‍കണമെന്നു വി.ഡി സതീശന്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ തെളിവായി വിജിലന്‍സ്‌ പരിശോധിച്ചിട്ടുണ്ട്‌. അന്വേഷണത്തിന്‌ തങ്ങള്‍ക്ക്‌ പരിമിതിയുണ്ടെന്നും സി.ബി.ഐ. ആണ്‌ കൃത്യമായി അന്വേഷണം നടത്താന്‍ പറ്റുന്ന ഏജന്‍സി എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ജെബി പോള്‍

Ads by Google
Ads by Google
TRENDING NOW