Tuesday, March 17, 2026 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
സുധീപ്‌ എസ്‌. കടവല്ലൂര്‍
Saturday 03 Jan 2026 11.37 PM

15കാരന്‌ പോലും പാകമാകാത്ത ‘ഡ്രോയര്‍’ ! ട്രോളുകളില്‍ നിറയുന്നത്‌ 'തൊണ്ടിമുതലും ആനവാല്‍മോതിരവും' ; ആന്റണി രാജു കേസിന്റെ സമാനരംഗങ്ങള്‍ സിനിമയിലും

uploads/news/2026/01/818928/Anavalmothiram.jpg

പ്രമാദമായ ഒരു കൊലക്കേസ്‌ വാദത്തിനിടയില്‍ തൊണ്ടിമുതലായ വെടിയുണ്ട ആരും കാണാതെ കൗശലപൂര്‍വം വക്കീല്‍ വിഴുങ്ങുകയും, തോക്കില്‍ കൊള്ളാത്ത മറ്റൊരു ഉണ്ട പോക്കറ്റില്‍നിന്ന്‌ എടുത്ത്‌ തൊണ്ടിമുതല്‍ എന്ന വ്യാജേന കോടതിയില്‍ ഹാജരാക്കിയ ഉണ്ടവിഴുങ്ങി വക്കീല്‍ നാട്ടിന്‍പുറങ്ങളിലെ നാട്ടു വര്‍ത്തമാനത്തില്‍ പെട്ടതാണ്‌.

തൊണ്ടിമുതലായ അടിവസ്‌ത്രം മാറ്റിയതിനാണ്‌ ആന്റണി രാജു ശിക്ഷിക്കപ്പെട്ടത്‌. നീണ്ട 32 വര്‍ഷത്തിന്‌ ശേഷമാണ്‌ വിധിവരുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. തൊണ്ടിമുതലില്‍ തിരിമറി നടത്തയ കേസ്‌ ആന്റണി രാജുവിന്‌ കുരുക്കായപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്‌ പഴയ ഒരു മലയാള സിനിമയാണ്‌. രാഷട്രീയ സിനിമകളുടെ തലതൊട്ടപ്പനായ ടി. ദാമോദരന്റെ തിരക്കഥയില്‍ പിറന്ന 'ആനവാല്‍മോതിരം' എന്ന സിനിമ. സുരേഷ്‌ ഗോപിയും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച സിനിമയിലെ തുടക്കത്തിലെ പല സീനുകളും ആന്റണി രാജുവിന്റെ കേസുമായി ബന്ധമുള്ളതാണ്‌.

ആന്റണി രാജു കേസിന്റെ ഇതേ രംഗങ്ങള്‍ തന്നെ 1991 ല്‍ പുറത്തിറങ്ങിയ ആനവാല്‍മോതിരം എന്ന ചിത്രത്തിലും കാണാന്‍ കഴിയും. ഐറിഷ്‌-അമേരിക്കന്‍ നടനായ ഗാവിന്‍ പക്കാഡാണ്‌ സിനിമയില്‍ 'ആന്‍ഡ്രൂ സാല്‍വദോറിനെ' അവതരിപ്പിച്ചിരിക്കുന്നത്‌. സി.ഐ. ജെയിംസ്‌ ആയി ശ്രീനിവാസനും എസ്‌.ഐ. നന്ദകുമാര്‍ ആയി സുരേഷ്‌ ഗോപിയും. എസ്‌.ഐ. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വളരെ പണിപ്പെട്ടാണ്‌ 'ആല്‍ബര്‍ട്ടോ ഫെല്ലിനി' (ഗാവിന്‍ പക്കാഡ്‌) പിടികൂടുന്നത്‌. ചോദ്യം ചെയ്യുന്നതിനിടെ ഫെല്ലിനിയുടെ അടിവസ്‌ത്രത്തില്‍നിന്ന്‌ മയക്കുമരുന്ന്‌ പോലീസ്‌ കണ്ടെത്തുന്നു. കേസ്‌ കോടതിയില്‍ എത്തുന്നു. കേസിന്റെ വിചാരണയില്‍ പ്രതിഭാഗം അടിവസ്‌ത്രം മാറ്റുന്നു.

കോടതിയില്‍ പ്രതിഭാഗം വക്കീല്‍ വാദം ഇങ്ങനെയാണ്‌...

'' ഹെറോയിന്‍ കൈവച്ചു എന്ന്‌ പോലീസ്‌ ആരോപിക്കുന്ന ആല്‍ബര്‍ട്ടോയ്‌ക്കെതിരേയുള്ള കേസിലെ തൊണ്ടിസാധനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ ഇലാസ്‌റ്റിക്കുള്ള ഈ ഡ്രോയര്‍. തത്സമയം ആല്‍ബര്‍ട്ടോ ധരിച്ചിരുന്നുവെന്നും ഈ ഡ്രോയര്‍ അഴിച്ചെടുത്തതാണെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥരായ ജെയിംസ്‌ പള്ളത്തറയും നന്ദകുമാറും ഈ കോടതി മുന്‍പാകെ സമ്മതിച്ചതാണ്‌.

എന്നിട്ട്‌ പറയുന്നു, ഈ ഡ്രോയര്‍ മിസ്‌റ്റര്‍ ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക്‌ ധരിപ്പിക്കാമോ. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ ഹാജരാക്കിയ സാധനമാണിത്‌. പതിനഞ്ച്‌ വയസുകാരന്‌ പോലും പ്രായമാകാത്ത ഈ ഡ്രോയര്‍ ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക്‌ ധരിപ്പിക്കാമോ ? എന്ന്‌. അടിവസ്‌ത്രം മാറിയിട്ടുണ്ടാകാമെന്നാണ്‌ പോലീസ്‌ കോടതിയില്‍ പറഞ്ഞത്‌. തെളിവുകളുടെ അഭാവത്താല്‍ കോടതിയില്‍ കേസ്‌ തോല്‍ക്കുന്നു. പ്രതിയെ വെറുതെ വിടുന്നു.


സുധീപ്‌ എസ്‌. കടവല്ലൂര്‍

Ads by Google
Ads by Google
TRENDING NOW