-->
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ കെ.പി.സി.സി ഇടപെടല്‍. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുംപറമ്പില്‍ എന്നിവര്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് റോജി എം. ജോണ്‍ എം.എല്‍ .എയുമായി കൂടിക്കാഴ്‌ച നടത്തി. കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്‌ച.
കോണ്‍ഗ്രസ് വിമതനായ കെ.ആര്‍ ഔസേപ്പിനെ കൂട്ടുപിടിച്ച് സി.പി.എം മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ചന്ദ്രനും ഷാഫിയും റോജിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം തങ്ങള്‍ക്ക് മുന്‍കൂട്ടി അറിവില്ലായിരുന്നു. വോട്ടെടുപ്പിനു മിനുട്ടുകള്‍ക്ക് മുമ്പ് ഔസേപ്പ് സി.പി.എം അംഗങ്ങളോടൊപ്പം കാറിലെത്തിയപ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ മറ്റൊരു വിമത കോണ്‍ഗ്രസ് മെമ്പറായ ടെസി കല്ലറയ്‌ക്കലിനെ പ്രസിഡന്റ് സ്‌ഥാനാര്‍ഥിയാക്കിയത്. ബി.ജെ.പി അവരുടെ സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നാണ് കരുതിയത്. അപ്രതീക്ഷിതമായി ബി.ജെ.പി ടെസിയെ പിന്തുണയ്‌ക്കുകയായിരുന്നു. പെട്ടെന്നുണ്ടായ രാഷ്‌ട്രീയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത്തരമൊരു നീക്കം നടത്തിയത്. ബി.ജെ.പിയുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പിന്തുണ തേടിയിട്ടില്ലെന്നും ചന്ദ്രന്‍ റോജി എം. ജോണിനെ ധരിപ്പിച്ചതായാണ് വിവരം.
സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച കാരണം മറ്റത്തൂരില്‍ രണ്ട് കോണ്‍ഗ്രസ് വിമതര്‍ വിജയിച്ചത് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ ഭാഗത്തുള്ള വീഴ്‌ചയാണെന്നും ചര്‍ച്ചയില്‍ ഉന്നയിച്ചു. ഡി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസ് അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിനു പകരം ബി.ജെ.പി പാളയത്തിലേക്കു തള്ളിവിടുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ചന്ദ്രന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം മറ്റത്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതന്‍ കെ ആര്‍. ഔസേഫ് രംഗത്തെത്തിയിരുന്നു. ഡി. സി.സി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രന്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്നും ഇതിന് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ ഒഴിവാക്കി മറ്റൊരു സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്നും ഔസേഫ് ആരോപിച്ചു. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ എട്ടുപേരാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച രണ്ടുപേരും ജയിച്ചു. എല്‍.ഡി.എഫിന് 10 സീറ്റും ബി.ജെ.പിക്ക് നാലു സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് വിമതനായ ഔസേഫിനെ സി.പി.എം വലയിലാക്കിയതോടെയാണ് നാടകീയ നീക്കങ്ങളുണ്ടായത്.