Tuesday, March 17, 2026 Last Updated 56 Min 32 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 28 Dec 2025 10.49 AM

'വായടപ്പിക്കാന്‍ സസ്‌പെന്‍ഷന്‍ രാത്രിയുടെ മറവില്‍, സന്തോഷപൂര്‍വം സ്വീകരിക്കുന്നു, പാര്‍ട്ടിയില്‍ തന്നെ തുടരും' ഡി.സി.സി. അധ്യക്ഷനെതിരേ വീണ്ടും ലാലി ജെയിംസ്‌

uploads/news/2025/12/817870/7.jpg

തൃശൂര്‍: മേയര്‍ തെരഞ്ഞെടുപ്പില്‍ കോഴയാരോപണമുന്നയിച്ചതിനു കോണ്‍ഗ്രസ്‌ സസ്‌പെന്‍ഡ്‌ ചെയ്‌ത തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്‌ വീണ്ടും പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്ത്‌. വസ്‌തുതകള്‍ പറയുമ്പോള്‍ രാത്രിയുടെ മറവില്‍ സസ്‌പെന്‍ഡ്‌ ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ്‌ ഡി.സി.സി. അധ്യക്ഷന്‍ കാണിക്കേണ്ടിയിരുന്നതെന്നു ലാലി പ്രതികരിച്ചു.

സസ്‌പെന്‍ഷന്‍ അങ്ങനെ തന്നെ നിന്നോട്ടെ. എന്റെ വായടപ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഒക്കെ തരും. ഞാന്‍ അത് സ്വീകരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായി തന്നെ തുടരും. പാര്‍ട്ടി വിട്ട് ഓടിപ്പോകാനൊന്നും പോകുന്നില്ല – ലാലി പറഞ്ഞു.

പാര്‍ട്ടിയില്‍ തിരിച്ചെടുത്താലും ഇല്ലെങ്കിലും മരിക്കുംവരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയായി തുടരും. മറ്റ്‌ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കും. അഴിമതി കണ്ടാല്‍ ശക്‌തമായി പ്രതികരിക്കും. സസ്‌പെന്‍ഷന്‍ നടപടി മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്നതു വിഷമകരമാണ്‌. ഡി.സി.സി. അധ്യക്ഷന്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. രാത്രിയുടെ മറവിലാണോ സസ്‌പെന്‍ഡ്‌ ചെയ്യേണ്ടത്‌? ആദ്യം കാരണംകാണിക്കല്‍ നോട്ടീസ്‌ തരണം. വിശദീകരണം ശരിയോ തെറ്റോയെന്ന്‌ നോക്കിയാണ്‌ അച്ചടക്കനടപടിയെടുക്കേണ്ടത്‌. ആ മര്യാദ തന്റെ കാര്യത്തിലുണ്ടായില്ല.

ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതു ഡി.സി.സി. അധ്യക്ഷനാണ്‌. അഴിമതിയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടോ, അവരെല്ലാം ചേര്‍ന്നായിരിക്കാം തന്നെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. രാഷ്‌ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണതെന്നു സംശയിക്കുന്നു. അഴിമതിരഹിതഭരണമാണ്‌ ആഗ്രഹിക്കുന്നത്‌. അവിടെ മൗനമായി നില്‍ക്കില്ല. ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന്‌ മാറില്ല. വിശ്വാസ്യതയുള്ളവരാണ്‌ അക്കാര്യം തന്നോട്‌ പറഞ്ഞത്‌. പാര്‍ട്ടിക്കു കൂടുതല്‍ ക്ഷതമുണ്ടാക്കുന്ന കാര്യങ്ങളിലേക്ക്‌ പോകില്ലെന്നും ലാലി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW