-->
മക്കളെപ്പോലെ പൂര്‍ണാവകാശത്തോടെയും സര്‍വസ്വാതന്ത്ര്യത്തോടെയും താന്‍ കൈവശം സൂക്ഷിച്ചിരുന്ന വിത്ത് ഇന്നൊരു വാണിജ്യോല്‍പന്നമായി തരംതാണുപോയത് വെന്തുരുകുന്ന മനസ്സോടെ മാത്രമേ കര്‍ഷകനു നോക്കിനില്‍ക്കാനാവൂ. വിത്തുബില്ലിന്റെ ചുവപ്പുനാടകള്‍കൊണ്ട് വിത്തിനെവരിഞ്ഞുമുറുക്കി കുത്തക വ്യാപാരികള്‍ക്ക് കുരുതി കഴിക്കുന്ന സര്‍ക്കാര്‍ നീക്കം കര്‍ഷകവഞ്ചനയാണെന്നു പറയാതെ തരമില്ല.
2004ലും 2019ലും വെളിച്ചം കാണാതെ പോയ വിത്ത് ബില്ലുകള്‍ക്കും 1966ലെ കാലഹരണപ്പെട്ട വിത്ത് നിയമത്തിനും 1983ലെ വിത്ത് നിയന്ത്രണ ഉത്തരവിനും പകരമായി പുതിയൊരു വിത്ത് ബില്‍ കേന്ദ്രകൃഷി - കര്‍ഷകക്ഷേമ വകുപ്പ് തയാറാക്കിയിരിക്കുന്നു. നിര്‍ദ്ദിഷ്‌ട ബില്ലിന്റെ കരടുരൂപം പൊതുജനാഭിപ്രായ സമാഹരണത്തിനായി പരസ്യപ്പെടുത്തിയിരിക്കുകയാണ്.
ലക്ഷ്യങ്ങള്‍
വിപണിയിലെ സര്‍വയിനം വിത്തുകളുടെയും നടീല്‍ വസ്‌തുക്കളുടെയും ഗുണമേന്മ മെച്ചപ്പെടുത്തി ഭക്ഷ്യോല്‍പാദനക്ഷമത ശക്‌തിപ്പെടുത്തുന്നതോടൊപ്പം കര്‍ഷക വരുമാനം ഉയര്‍ത്തുക.
വിത്തുകളും നടീല്‍ വസ്‌തുക്കളും കുറഞ്ഞ ചിലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. വിളനഷ്‌ടം വരുത്തുകയും കര്‍ഷകന്റെ അധ്വാനങ്ങളും പണവും സമയവും പാഴാക്കുകയും ചെയ്യുന്ന വ്യാജ വിത്തുകള്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ അന്വേഷണ സംവിധാന സഹായത്തോടെ കര്‍ഷകരെ പ്രാപ്‌തരാക്കുകയും അവയുടെ വില്‍പന നിരോധിക്കുകയും ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
നിലവിലുള്ളവയെക്കാള്‍ വര്‍ധിതവിളവു നല്‍കി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ ശേഷിയുള്ള വിത്തിനങ്ങള്‍ ഇറക്കുമതി ചെയ്യുക. കര്‍ഷകാവകാശങ്ങള്‍ സംരക്ഷിക്കുക, വിത്തു വിതരണശൃംഖലകളില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കി കര്‍ഷകര്‍ക്കിടയില്‍ വിശ്വാസ്യതയും ശുഭപ്രതീക്ഷയും ഉണര്‍ത്തുക.
വിത്തുവിപണിയിലെ ഗുരുതര നിയമലംഘനങ്ങള്‍ക്കു ഫലപ്രദമായ ശിക്ഷ ഉറപ്പാക്കുക. വിത്തുലഭ്യതയ്‌ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ലഘു കുറ്റകൃത്യങ്ങളെ ക്രിമിനല്‍കുറ്റങ്ങളില്‍ നിന്നൊഴിവാക്കുക.
നിര്‍ദ്ദിഷ്‌ട വിത്തു ബില്ലിന്റെ പൊതുലക്ഷ്യങ്ങള്‍ ഇവയെല്ലാമാണ്.
വ്യവസ്‌ഥകള്‍
പരമ്പരാഗത വിത്തിനങ്ങള്‍ ഒഴികെയുള്ള വിത്തിനങ്ങളുടെ ഉല്‌പാദനം, സംഭരണം, വിതരണം, വില്‍പന, കയറ്റുമതി തുടങ്ങിയ പ്രവൃത്തികള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കൃഷിക്കുമുമ്പ് വിത്തുകള്‍ മൂല്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരിക്കണം. അങ്കുരണശേഷിയുള്ളവയ്‌ക്കുമാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. വിത്തു വ്യാപാരികളും വിതരണക്കാരും കയറ്റുമതിക്കാരും സംസ്‌ഥാനങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
നടീല്‍ വസ്‌തുക്കളുടെയും വിത്തിനങ്ങളുടെയും സമ്പൂര്‍ണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ വിത്തുരജിസ്‌റ്റര്‍ ഉണ്ടായിരിക്കണം. കേന്ദ്രത്തിലും സംസ്‌ഥാനങ്ങളിലും വിത്ത് കമ്മിറ്റികള്‍ രൂപീകരിക്കണം. വിത്തിന്റെ ഉല്‍പാദനം, വിതരണം, കൈമാറ്റം, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെടുന്നവരുടെ വിശദാംശങ്ങള്‍ കമ്മിറ്റി ശേഖരിക്കണം. വിത്തു കമ്പനികള്‍ക്ക് ദേശീയ അക്രഡിറ്റേഷന്‍ ഉണ്ടായിരിക്കണം. ഇതുണ്ടെങ്കില്‍ സംസ്‌ഥാനങ്ങളിലെ ഇടപെടലുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ല.
സ്വകാര്യ വിത്തു ഗവേഷണശ്രമങ്ങളെ നവീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വിത്തുല്‍പാദനം എവിടെ, എന്ന്, എങ്ങനെ തുടങ്ങിയ സ്രോതസ്സുസംബന്ധിയായ വിവരങ്ങള്‍ തിരിച്ചറിയുവാന്‍ വിത്ത് പാക്കറ്റുകളിന്മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സീഡ് പോര്‍ട്ടല്‍ അംഗീകൃത ക്യുആര്‍ കോഡ് സംവിധാനമുണ്ടായിരിക്കണം. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ആവശ്യത്തിന് വിത്ത് പരിശോധനാ ലാബുകള്‍ രാജ്യത്തുടനീളം തുറക്കണം.
കര്‍ഷകാശങ്കകള്‍
കര്‍ഷകരക്ഷയെ പാര്‍ശ്വവത്‌ക്കരിച്ചിട്ട് ബഹുരാഷ്ര്‌ടകുത്തകകളുടെയും വിത്ത് കോര്‍പറേറ്റുകളുടെയും താല്‌പര്യസംരക്ഷണം ഉന്നം വച്ചുള്ള ബില്ലാണിതെന്ന് കര്‍ഷകര്‍ക്ക് സംശയമുണ്ട്. കാലാകാലങ്ങളായി വിത്തുകളിന്മേല്‍ കര്‍ഷകരനുഭവിച്ചു പോന്ന അവകാശാധികാരങ്ങള്‍ കൈവിട്ടുപോകുകയും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ നെഞ്ചോടു ചേര്‍ത്ത് സംരക്ഷിച്ചിരുന്ന വിത്ത് കോര്‍പറേറ്റ് ശക്‌തികളുടെ കരങ്ങളില്‍പ്പെട്ട് കച്ചവടവല്‍കരിക്കപ്പെടുകയും ചെയ്യുന്നതു കാണുന്ന കര്‍ഷകന്‍ ഉള്‍ത്താപത്താല്‍ തളര്‍ന്നുപോകുന്നു. അഭിമാനജനകമായ പൈതൃകവും തനിമയും ഉണ്ടായിരുന്നതും നാടന്‍ രുചികളുടെ കലവറയുമായ കര്‍ഷകസൗഹൃദവിത്തുകളെ പുറത്താക്കി വൈദേശിക വിത്തുകളും ജനിതകമാറ്റം വന്ന അന്തക വിത്തുകളും ഇന്നാട്ടിന്റെ മണ്ണ് കീഴടക്കുന്നതില്‍ കര്‍ഷകര്‍ക്കും പരിസ്‌ഥിതി പ്രേമികള്‍ക്കും ഉള്ളുലയുന്ന ദുഃഖമുണ്ട്.
വിത്തുവിപണി സ്വകാര്യ കൈപ്പടിയിലൊതുങ്ങുന്നതോടെ വിലനിര്‍ണയ സ്വാത്രന്ത്രവും സ്വകാര്യ കമ്പനികള്‍ കൈയാളുന്നു. അവര്‍ തരുന്ന അന്യദേശ വിത്തുകള്‍ നമ്മുടെ മണ്ണിനും കാലാവസ്‌ഥയ്‌ക്കും ഇണങ്ങുന്നതല്ലെങ്കില്‍പോലും ഉയര്‍ന്ന വില നല്‍കി വാങ്ങേണ്ട ദുര്‍ഗതിയില്‍ കര്‍ഷകര്‍ വീണു പോകുന്നു. അതിനാല്‍ വിത്ത് വിലനിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ.
ഋതുഭേദങ്ങളും കാലാവസ്‌ഥാവ്യതിയാനങ്ങളുമായി പൊരുത്തപ്പെടാനും അതിജീവിക്കാനും ശേഷിയുള്ള പരമ്പരാഗത വിത്ത് വൈവിധ്യങ്ങളും കൃഷിക്കാരുടെ നാട്ടറിവുകളും കര്‍ഷകാനുഭവസമ്പത്തുമെല്ലാം അന്യം നിന്നു പോകും. കൃഷിയുടെ പരിശുദ്ധിയും തനിമയും നിലനിര്‍ത്തുകയും പോഷക ഗുണങ്ങളും രുചി പാരമ്പര്യവും ഭക്ഷണത്തിനു നല്‌കുകയും ചെയ്യുന്ന ജൈവകൃഷി എന്നേക്കുമായി അപ്രത്യക്ഷമാകുമെന്ന ഭയം വല്ലാതെ കര്‍ഷകരെ അലട്ടുന്നുണ്ട്.
വൈദേശിക വിത്തുകള്‍, ജനിതകമാറ്റം വന്ന അന്തകവിത്തുകള്‍ എന്നിവയ്‌ക്കു ഗുണമേന്മയില്ലാതാവുകയും ഇവിടുത്തെ മണ്ണുമായി ഇണങ്ങാതെ വരികയും ചെയ്യുന്നതുമൂലം വിളവുകുറഞ്ഞു പോയാല്‍ നഷ്‌ടപരിഹാരത്തിന് നിര്‍ദേശം ബില്ലിലില്ല. ഈ നാട്ടിലെ മണ്ണില്‍ വിത്തുകള്‍ ഉപയോഗക്ഷമമാണോ എന്ന സര്‍ട്ടിഫിക്കറ്റ് നല്‌കാനുള്ള അവസരം വിദേശ ഏജന്‍സികള്‍ക്ക് കൊടുക്കുന്നതു പുനരാലോചിക്കണം.
കേന്ദ്ര അക്രഡിറ്റേഷന്‍ നേടിയ വിത്ത് കമ്പനികള്‍ക്ക് സംസ്‌ഥാനങ്ങളില്‍ വിത്തു വില്‍പനയ്‌ക്കു തുറന്നു കൊടുത്തിരിക്കുന്ന അനുമതി സംസ്‌ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലല്ലേ. ഇതുമൂലം കോര്‍പറേറ്റുകളെ നിയന്ത്രിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരുകളുടെ അവകാശം ഇല്ലാതാകുകയല്ലേ.
വിത്ത് വരും തലമുറയ്‌ക്കു കൂടി അവകാശപ്പെട്ട സ്വത്തായതിനാല്‍ വിളവെടുപ്പിന് ശേഷം ശ്രദ്ധയോടെ സൂക്ഷിക്കുകയും കൈമാറുകയും വിതയ്‌ക്കുകയും ചെയ്യുന്നത് കര്‍ഷകന് നിര്‍വൃതിയും ആനന്ദവും നല്‍കിയിരുന്ന കാര്‍ഷിക കര്‍മമായിരുന്നു. കര്‍ഷകന് അതെല്ലാം ഇനി മുതല്‍ നഷ്‌ട സ്‌മരണകളായി ശേഷിക്കും. തങ്ങളുടെ ഉപജീവനത്തിനാവശ്യമായ വിളവ് സമൃദ്ധമായി നല്‍കാന്‍ ശേഷിയുള്ള വിത്തിനങ്ങളെ തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഇല്ലാതാകുകയും അതെ സമയം വിത്തു കമ്പനികള്‍ ലാഭലാക്കോടെ തരുന്നവ മാത്രം വിതയ്‌ക്കേണ്ടിവരുകയും ചെയ്യുന്ന അടിമത്തത്തിലേക്ക് കര്‍ഷകര്‍ വീണു പോകുന്നു.
നെല്‍കൃഷി മേഖലയിലെ പാടശേഖരസമിതികള്‍ പോലുള്ള കര്‍ഷക കൂട്ടായ്‌മകള്‍, കര്‍ഷകരുടെതായ സഹകരണ സംഘങ്ങള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവയ്‌ക്ക് വിത്തുല്‍പാദിപ്പിച്ച് സ്വന്തം ലേബലില്‍ മറ്റു കര്‍ഷകര്‍ക്ക് കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നു. ഇത്തരം കര്‍ഷകസംഘടനകളെ വാണിജ്യ കമ്പനികളെപ്പോലെ പരിഗണിക്കുന്നത് കര്‍ഷക വിരുദ്ധമാണ്. ആരോഗ്യത്തിനും പരിസ്‌ഥിതിക്കും ദോഷകരമായ ജനിതകമാറ്റം വന്ന അന്തക വിത്തുകളുടെ വില്‌പന ഇന്ത്യയില്‍ നിരോധിക്കുമെന്ന് ബില്ലില്‍ സൂചനയില്ല.
കര്‍ഷകാവകാശങ്ങള്‍
''ഇന്ത്യയിലെ സംരക്ഷിത സസ്യയിനങ്ങളും കര്‍ഷക അവകാശങ്ങളും'' എന്ന 2001ലെ ആക്‌ടിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. പരിസ്‌ഥിതിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പിനും സുരക്ഷയ്‌ക്കും അവശ്യസാന്നിധ്യമായ സസ്യയിനങ്ങളുടെ സംരക്ഷണമാണ് മുഖ്യദൗത്യമായി ആക്‌ട് എടുത്തുപറയുന്നത്. പ്രകൃതി കൂടുതല്‍ കൂടുതല്‍ സസ്യവൈവിധ്യ സമ്പന്നമാകാന്‍ ഇതാവശ്യമാണ്. ഉല്‍പാദിപ്പിക്കുന്ന വിത്തുകളുടെ സംരക്ഷണം കൂടിയാണത്.
സ്വന്തം വിളകളില്‍നിന്നു കരുതലോടെ ആരോഗ്യമുള്ള വിത്തുകള്‍ ജനിപ്പിക്കുക; ഭദ്രമായ സൂക്ഷിക്കുക; സഹകര്‍ഷകര്‍ക്ക് കൈമാറ്റം ചെയ്യുക; വിതയ്‌ക്കുക; പുനര്‍വിത നടത്തുക - എല്ലാം സ്വഭാവത്താലേ കര്‍ഷകന്റെ അവകാശങ്ങളാണ്. ഒരു വ്യവസ്‌ഥിതിയ്‌ക്കും അധികാരത്തിനും ഈ അവകാശങ്ങളില്‍ ഇടപെടാനാവില്ല. നിര്‍ദിഷ്‌ട ബില്ലും ഈ അവകാശങ്ങള്‍ ഉറപ്പാക്കുന്നുണ്ട് എന്നത് കര്‍ഷകന് ആശ്വാസം നല്‍കുന്നു.
പുതിയ വിളകള്‍ വികസിപ്പിക്കാനും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും കര്‍ഷകനുള്ള അവകാശവും നിലനിര്‍ത്തിയിരിക്കുന്നു. ഇത്തരം നൂതന ജനിതക പരീക്ഷണങ്ങളിലേര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് ജീന്‍ ഫണ്ടില്‍ നിന്നു പുരസ്‌കാരസാധ്യതയുണ്ട്.
കര്‍ഷകാവശ്യങ്ങള്‍
കര്‍ഷകസമിതികള്‍, കൂട്ടായ്‌മകള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവയ്‌ക്ക് തങ്ങളുടെ സംഘത്തിന്റെ ബ്രാന്‍ഡില്‍ വിത്തു കൈമാറ്റം ചെയ്യാനും വില്‍കാനും കയറ്റുമതി ചെയ്യാനുമുള്ള അനുമതി ബില്ലില്‍ പ്രഖ്യാപിക്കണം. അപ്പോഴും ഈ സംഘടനകളെ കോര്‍പറേറ്റ് സ്‌ഥാപനങ്ങളെപ്പോലെ പരിഗണിക്കാന്‍ പാടില്ല.
വിത്ത് കമ്പനികളില്‍നിന്നു കര്‍ഷകര്‍ വാങ്ങുന്ന വിത്തുകളുപയോഗിക്കുമ്പോള്‍ മോശം ഗുണനിലവാരം കാരണത്താല്‍ വിളനഷ്‌ടം സംഭവിച്ചാല്‍ കൃത്യമായ നഷ്‌ടപരിഹാരം സമയബന്ധിതമായി നല്‍കാനുള്ള വ്യവസ്‌ഥ ബില്ലിലുണ്ടാകണം.
കാലാവസ്‌ഥാവ്യതിയാനത്തോട് പ്രതിരോധശേഷിയുള്ള വിത്തിനങ്ങളായിരിക്കണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. ഓരോ പ്രദേശത്തെയും കാലാവസ്‌ഥയ്‌ക്കും മണ്ണിനും അനുയോജ്യമായ നാടന്‍ വിത്തിനങ്ങള്‍ കണ്ടെത്തി ശാസ്‌ത്രീയമായി പുനരുദ്ധരിച്ചും വികസിപ്പിച്ചും സംരക്ഷിച്ചും നിലനിര്‍ത്താനുള്ള നിയമ പിന്തുണയും ഈ ബില്ലില്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.
വിത്തവകാശം കര്‍ഷകന്റെ മാത്രം അവകാശമായി പ്രഖ്യാപിക്കണം. ഒരു കോര്‍പറേറ്റ് സ്‌ഥാപനത്തിനും ഈ അവകാശം ഒരു കാരണത്താലും കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല. ജനിതകമാറ്റം വന്ന അന്തകവിത്തുകള്‍ രാജ്യത്ത് കടന്നുവന്ന് കൃഷിയെ മലിനപ്പെടുത്താന്‍ അനുവദിക്കരുത്. അന്തക വിത്ത് വിമുക്‌ത രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണം.
മുപ്പത്തിരണ്ടോളം ഇനം പരമ്പരാഗത വിത്തുകള്‍ക്ക് മനസ്സിലും മണ്ണിലും പുനര്‍ജന്മം നല്‍കിയ ചെറുവയല്‍ രാമനെ അനുസ്‌മരിക്കാതെ എങ്ങനെ ഈ വിത്തുവിചാരം അവസാനിപ്പിക്കാനാവും. നാടന്‍ നെല്‍വിത്തുകള്‍ പ്രകൃതിയുടെ ആത്മാവില്‍ നിന്ന ജനിച്ചവയാണെന്നും ശാസ്‌ത്രജ്‌ഞന്മാരുടെ ഗവേഷണകുഴലില്‍ പിറന്നവയല്ലെന്നുമാണ് അദ്ദേഹത്തിന്റെ ബോധ്യം. മാതാവായ മണ്ണിന്റെ മാറിടം ചുരത്തുന്ന നീരും ജീവാംശവും നുകര്‍ന്നാണു തന്റെ പൊന്നോമനകളയ നാടന്‍ വിത്തുകള്‍ വളരേണ്ടതെന്നും ശാസ്‌ത്രോല്‍പന്നമായ രാസവളവിഷം കുടിച്ചല്ലെന്നും ഈ വിത്ത്‌മിത്രം ഉള്ളുനിറയുന്ന വികാരത്തോടെ വിളിച്ചു പറയുന്നു.
വിത്ത് വാണിജ്യവല്‍കരിക്കപ്പെട്ട് നിര്‍ജീവമായിത്തീരാന്‍ പോകുന്ന ഈ നാളുകളില്‍ അതിനു കൈമോശം വരാന്‍ പോകുന്ന വിശുദ്ധിയെയും പൈതൃകത്തെയും തനിമയെയും ഓര്‍ത്തു ഇറ്റു കണ്ണീര്‍ പൊഴിക്കാം.
തോമസ് പി. നെടുംകുന്നം
(ലേഖകന്റെ ഫോണ്‍: 8921947034)