-->
ഇന്ത്യന്‍ ഊര്‍ജരംഗത്തും ഭരണനിര്‍വഹണ രീതികളിലും വിപ്ലവം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിടുന്ന, സുസ്‌ഥിരമായ ആണവോര്‍ജ ഉപയോഗവും മുന്നേറ്റവും (ഗ്മന്ഥന്ധന്റദ്ധന്റ്വനു ണ്ണന്റത്സനുന്ഥന്ഥദ്ധദ്ദ ന്റ ്രക്കത്മ്രന്റ്യനുണ്ഡനുന്ധ ഗ്നക്ഷ മ്മഗ്മ്യനുന്റത്സ ഞ്ഞനുത്സദ്ദത്ന ക്ഷഗ്നത്സ സ്സത്സന്റന്ഥക്ഷഗ്നത്സണ്ഡദ്ധദ്ദ ണ്ടദ്ധ്രന്റ ണ്ണക്കമ്മസ്സണ്ട) സംബന്ധിച്ച ബില്ല് ലോക്‌സഭ കടന്നതോടെ, രാജ്യം ഒരു നയപരമായ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. ഈ സുപ്രധാന നിയമം ഒരു പാര്‍ലമെന്ററി സമിതിയുടെ സമഗ്രമായ പരിശോധനയ്‌ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചത്, പൊതുനയരൂപീകരണത്തിലെ സുതാര്യതയെക്കുറിച്ചും ജനാധിപത്യപരമായ മേല്‍നോട്ടത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
നിലവില്‍ ഇന്ത്യയുടെ മൊത്തം സ്‌ഥാപിത വൈദ്യുതോല്‍പാദന ശേഷിയുടെ ഏകദേശം 1.5% മാത്രമാണ് ആണവോര്‍ജം നല്‍കുന്നത്. എന്നാല്‍, 2070- ആകുമ്പോള്‍ അറ്റ-കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുക എന്ന രാജ്യത്തിന്റെ പ്രതിജ്‌ഞാബദ്ധത യാഥാര്‍ത്ഥ്യമാകണമെങ്കില്‍, സൗരോര്‍ജത്തെയും കാറ്റാടിയന്ത്രങ്ങളെയും പോലുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്ന, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ഥിരമായ ആണവോര്‍ജ സ്രോതസ്സുകള്‍ അനിവാര്യമാണ്.
ഇതിനായി, 2047-ആകുമ്പോള്‍ ആണവോര്‍ജ ശേഷി നിലവിലെ 8.8 ജിഗാ വാട്ടില്‍നിന്ന് 100 ജിഗാ വാട്ട് ആയി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍, ഭീമമായ മൂലധനച്ചെലവുള്ള ഈ മേഖലയിലേക്ക് ആഭ്യന്തര, വിദേശ സ്വകാര്യ നിക്ഷേപം ഒഴുകിയെത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1962-ലെ ആറ്റോമിക് എനര്‍ജി നിയമത്തെയും 2010-ലെ ആണവനാശനഷ്‌ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യത നിയമത്തെയും റദ്ദാക്കിക്കൊണ്ട് ശാന്തി ബില്ല് അവതരിപ്പിക്കപ്പെട്ടത്. പൊതുമേഖലാ സ്‌ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കുത്തക അവസാനിപ്പിക്കുന്നതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് പ്ലാന്റുകള്‍ സ്‌ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവസരം ലഭിക്കും. കൂടാതെ, പുതിയ സാങ്കേതികവിദ്യകളായ ചെറുകിട മോഡുലാര്‍ റിയാക്‌ടറുകള്‍ (എസ്.എം.ആര്‍.) വികസിപ്പിക്കാനുള്ള 20,000 കോടി രൂപയുടെ ദൗത്യത്തിനും ബില്ല് പിന്തുണ നല്‍കുന്നു.
സുരക്ഷാചങ്ങലയിലെ വിടവുകള്‍
ബില്ലിന്റെ രാഷ്‌ട്രീയവും ധാര്‍മികപരവുമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്ന സുപ്രധാനമായ മാറ്റം, 2010-ലെ നിയമത്തില്‍ ഉണ്ടായിരുന്ന 'റൈറ്റ് ഓഫ് റിക്കോഴ്‌സ്' എന്ന വകുപ്പ് നീക്കം ചെയ്‌തതിലാണ്. ഒരു ആണവ അപകടം സംഭവിക്കുകയാണെങ്കില്‍, ആ അപകടത്തിന് കാരണമായ ഉപകരണങ്ങള്‍ നല്‍കിയ വിതരണക്കാരില്‍നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെടാന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ക്ക് അധികാരം നല്‍കുന്ന സുരക്ഷാകവചമായിരുന്നു ഈ വകുപ്പ്.
ഇത് രാജ്യാന്തര ആണവ വിതരണക്കാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍നിന്ന് തടഞ്ഞിരുന്നു. പരിധിയില്ലാത്ത ബാധ്യത നേരിടാനുള്ള സാധ്യതയെ അവര്‍ ഭയപ്പെട്ടു. ശാന്തി ബില്ല് വഴി ഈ വകുപ്പ് നീക്കം ചെയ്യുന്നത്, ആണവ വിതരണരംഗത്തെ രാജ്യാന്തര മാനദണ്ഡങ്ങളുമായി ഇന്ത്യയെ കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുമെന്നും, അതുവഴി വിദേശ നിക്ഷേപം ആകര്‍ഷിക്കാമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
എന്നാല്‍ ഈ നീക്കം, ആണവ അപകടങ്ങളുടെ സാമ്പത്തിക ബാധ്യതയുടെ ഭൂരിഭാഗവും പ്ലാന്റ് ഓപ്പറേറ്റര്‍ക്ക്, ഒടുവില്‍ ഭരണകൂടത്തിനും, കൈമാറ്റം ചെയ്യപ്പെടുന്ന അവസ്‌ഥ സൃഷ്‌ടിക്കുന്നു. 3,000 കോടി രൂപയായി ഓപ്പറേറ്ററുടെ ബാധ്യത പരിമിതപ്പെടുത്തുമ്പോള്‍, ഒരു വന്‍ദുരന്തമുണ്ടായാല്‍ അതിജീവനത്തിനും പുനരധിവാസത്തിനുമുള്ള അധികച്ചെലവ് രാജ്യത്തെ നികുതിദായകര്‍ വഹിക്കേണ്ടിവരും. ആണവ സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ ഒരു 'പരിധി' നിശ്‌ചയിക്കുന്നത് നീതിയല്ല എന്ന പ്രതിപക്ഷത്തിന്റെ വാദം, ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ഏറെ പ്രസക്‌തമാണ്.
പിഴയിലെ പരിധിയും സുരക്ഷയുടെ വിലയിടിവും
ബില്ലിനെതിരായ രൂക്ഷമായ വിമര്‍ശനങ്ങളില്‍ മറ്റൊന്ന്, നിയമലംഘനങ്ങള്‍ക്കുള്ള പരമാവധി പിഴ ഒരു കോടി രൂപയായി നിജപ്പെടുത്തി എന്നതാണ്. ആണവ നിലയങ്ങള്‍ സ്‌ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും വരുന്ന വന്‍കിട കോര്‍പറേഷനുകള്‍ക്ക്, 'ഗുരുതരമായ നിയമലംഘനത്തിന്' പോലും ഒരു കോടി രൂപയുടെ പിഴശിക്ഷ എന്നത് ശക്‌തമായ പ്രതിരോധമായിരിക്കില്ല. ഇത്, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനുള്ള കമ്പനികളുടെ ഉത്തരവാദിത്വബോധം കുറയ്‌ക്കാന്‍ സാധ്യതയുണ്ട്.
അതോടൊപ്പം, പുതിയ സാങ്കേതികവിദ്യയായ എസ്.എം.ആറുകള്‍ക്ക് ഊന്നല്‍ നല്‍കുകയും, 'തിരക്കേറിയ പ്രദേശങ്ങളില്‍' റിയാക്‌ടറുകള്‍ സ്‌ഥാപിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. സാങ്കേതികവിദ്യ മാറിയാലും, ആണവ അപകടങ്ങളുടെ പ്രത്യാഘാതങ്ങള്‍ അഗാധവും ദീര്‍ഘകാലത്തേക്കുമുള്ളതുമാണ്. 'സുരക്ഷയെക്കാള്‍ വേഗം' എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍, അതിന്റെ സാമൂഹികമായ വില വളരെ വലുതായിരിക്കും.
ജനാധിപത്യപരമായ മേല്‍നോട്ടവും
വിശ്വാസ്യതയും
രണ്ട് നിയമങ്ങളെ ഒറ്റയടിക്ക് മാറ്റിയെഴുതുന്ന ഒരു ബില്ല്, പാര്‍ലമെന്ററി സമിതിയുടെ സൂക്ഷ്‌മപരിശോധനയില്ലാതെ പാസാക്കിയത് ജനാധിപത്യ മേല്‍നോട്ടത്തെ ദുര്‍ബലപ്പെടുത്തുന്നു.
ഒരു പ്രത്യേക കോര്‍പറേറ്റ് സ്‌ഥാപനം ആണവമേഖലയില്‍ താല്‍പര്യം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ ഈ നിയമം കൊണ്ടുവന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം, നിയമത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു. ആണവോര്‍ജം പോലുള്ള തന്ത്രപ്രധാനമായ മേഖലയില്‍, നിയമപരമായ നിഷ്‌പക്ഷത പോലെ തന്നെ പ്രധാനമാണ് പൊതുജനങ്ങളുടെ വിശ്വാസം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയുടെ വളര്‍ച്ചയ്‌ക്കും കാലാവസ്‌ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആണവോര്‍ജം അനിവാര്യമായ ഒരു ഘടകമായി മാറിയേക്കാം. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള വഴി സുരക്ഷയിലും ഉത്തരവാദിത്വത്തിലും വിട്ടുവീഴ്‌ചയില്ലാത്തതായിരിക്കണം.
അതിനു ചില കാര്യങ്ങള്‍ ഉറപ്പു വരുത്തണം. നിയമപരമായ പുനഃപരിശോധന: സുരക്ഷാ മാനദണ്ഡങ്ങളും ബാധ്യതയുടെ പരിധികളും ഒരു പാര്‍ലമെന്ററി സമിതിയുടെ സമഗ്രമായ അവലോകനത്തിന് വിധേയമാക്കണം.
ഉത്തരവാദിത്വം: വിതരണക്കാരെ ബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നത് നീതിയല്ല. അപകടമുണ്ടായാല്‍ ഓപ്പറേറ്റര്‍ക്ക് അവര്‍ക്കെതിരേ നടപടി തേടാനുള്ള വ്യവസ്‌ഥകള്‍ പുനഃസ്‌ഥാപിക്കുകയോ അല്ലെങ്കില്‍ അപകടസാധ്യത പങ്കുവയ്‌ക്കുന്നതിനുള്ള ശക്‌തമായ ഒരു സംവിധാനം ഏര്‍പ്പെടുത്തുകയോ വേണം.
പിഴ: നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക നിലയത്തിന്റെ വലിപ്പത്തിനും അപകടത്തിന്റെ തീവ്രതയ്‌ക്കും അനുസരിച്ച് വര്‍ധിപ്പിക്കണം.
ഇന്ത്യയുടെ ഭാവി ഊര്‍ജ ആവശ്യകതകള്‍ നിറവേറ്റാന്‍ ആണവോര്‍ജം വേണം, എന്നാല്‍ ആ ഭാവിയുടെ അടിത്തറ സ്‌ഥാപിക്കുമ്പോള്‍, പൊതുസുരക്ഷയും കോര്‍പറേറ്റ് ഉത്തരവാദിത്വവും വിട്ടുവീഴ്‌ചയില്ലാത്ത വിഷയങ്ങളായി നിലകൊള്ളണം.
കെ.ജി. സന്ദീപ്