Saturday, March 14, 2026 Last Updated 28 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.39 PM

ഗ്രാമീണ അവകാശങ്ങളുടെ നട്ടെല്ലൊടിക്കുന്നതോ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം രാജ്യത്തെ ഗ്രാമീണ ദരിദ്രരുടെ കൈകളിലെത്തിയ സാമൂഹിക സുരക്ഷയുടെ ഏറ്റവും വലിയ ഉറപ്പായിരുന്നു. സാമ്പത്തിക അസമത്വങ്ങളുടെ വേലിയേറ്റത്തില്‍ അവര്‍ക്ക്‌ പിടിച്ചുനില്‍ക്കാനുള്ള ഒരു അവകാശ പത്രം. എന്നാല്‍, ആ അവകാശത്തെ കേവലം സര്‍ക്കാര്‍ ഔദാര്യമായി മാറ്റാന്‍ ലക്ഷ്യമിടുന്ന 'വികസിത്‌ ഭാരത്‌ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ്‌ ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വി.ബി.ജി റാം ജി ബില്ല്‌ 2025 കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍, അത്‌ വലിയ ആശങ്കകളാണ്‌ ഉയര്‍ത്തുന്നത്‌.
മഹാത്മാഗാന്ധിയുടെ പേര്‌ ഒഴിവാക്കിയതിലുള്ള രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ ഒരു വശത്ത്‌ നില്‍ക്കട്ടെ. അതിലും ഗൗരവമായ പ്രശ്‌നം, ഈ ബില്ല്‌ തൊഴിലുറപ്പ്‌ പദ്ധതിയുടെ അടിസ്‌ഥാന സ്വഭാവത്തില്‍ വരുത്തുന്ന ഘടനാപരമായ മാറ്റങ്ങളാണ്‌.

അവകാശം ഔദാര്യമാകുമ്പോള്‍

തൊഴിലുറപ്പ്‌ നിയമത്തിന്റെ നെടുംതൂണ്‍, അത്‌ 'ആവശ്യാധിഷ്‌ഠിതം' ആയിരുന്നു എന്നതാണ്‌. ഗ്രാമീണര്‍ക്ക്‌ ജോലി ആവശ്യപ്പെടാനും, അത്‌ 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ നഷ്‌ടപരിഹാരം ലഭിക്കാനുമുള്ള അവകാശം നിയമപരമായി ഉണ്ടായിരുന്നു. എന്നാല്‍, പുതിയ ബില്ലില്‍ ഈ തത്വം അപ്രത്യക്ഷമാവുകയാണ്‌.
കേന്ദ്രസര്‍ക്കാര്‍ നിശ്‌ചയിക്കുന്ന 'നോര്‍മേറ്റീവ്‌ അലോക്കേഷന്‍' എന്ന പരിധിയിലേക്ക്‌ പദ്ധതിയെ ചുരുക്കുന്നു എന്നതാണ്‌ ഏറ്റവും ഗുരുതരമായ മാറ്റം. ബില്‍ പ്രകാരം, ഓരോ സംസ്‌ഥാനത്തിനുമുള്ള വാര്‍ഷിക ഫണ്ട്‌ എത്രയെന്ന്‌ കേന്ദ്രമാണ്‌ തീരുമാനിക്കുക. സംസ്‌ഥാനങ്ങള്‍ ഈ പരിധിക്ക്‌ അപ്പുറം ചെലവഴിച്ചാല്‍, അധിക ഭാരം സംസ്‌ഥാനം വഹിക്കണം. നിലവിലുണ്ടായിരുന്ന, ആവശ്യം വരുമ്പോള്‍ ബജറ്റ്‌ പുനഃപരിശോധിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാവുന്നു. ദാരിദ്ര്യം രൂക്ഷമായ, അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ഗ്രാമീണര്‍ക്ക്‌ കൂടുതല്‍ ജോലി ആവശ്യമുള്ളപ്പോള്‍, കേന്ദ്രത്തിന്റെ സാമ്പത്തിക പരിധി ഒരു തടസമായി മാറും.
ഇതൊരു 'സപ്ലൈ-ഡ്രിവണ്‍' സ്‌കീമായി മാറുന്നതോടെ, ഭരണകൂടം നല്‍കുന്നത്ര ജോലി മാത്രം സ്വീകരിക്കേണ്ട അവസ്‌ഥയിലേക്ക്‌ ഗുണഭോക്‌താക്കള്‍ തള്ളപ്പെടും.

സംസ്‌ഥാനങ്ങള്‍ക്ക്‌ ഇരട്ടിഭാരം

ബില്ല്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരം ചെറുതല്ല. നിലവിലെ നിലവിലുള്ള പദ്ധതിയില്‍ തൊഴിലാളികളുടെ വേതനം 100% കേന്ദ്രവും മെറ്റീരിയല്‍ കോസ്‌റ്റിന്റെ 75% കേന്ദ്രവുമാണ്‌ വഹിച്ചിരുന്നത്‌. അതായത്‌ ഏകദേശം 90:10 എന്നതായിരുന്നു ചെലവ്‌ പങ്കിടല്‍. എന്നാല്‍, പുതിയ ബില്‍ വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്‌ഥാനങ്ങള്‍ക്കും ഒഴികെയുള്ളവര്‍ക്ക്‌ 60:40 എന്ന അനുപാതം നിര്‍ദേശിക്കുന്നു.
സംസ്‌ഥാനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ കുറയുന്ന ഈ കാലഘട്ടത്തില്‍, 55,000 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യത മറ്റ്‌ സംസ്‌ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ പദ്ധതി നടത്തിപ്പിന്‌ തിരിച്ചടിയാകും. സാമ്പത്തികമായി ദുര്‍ബലമായ സംസ്‌ഥാനങ്ങള്‍ ഫണ്ട്‌ കണ്ടെത്താന്‍ പാടുപെടുമ്പോള്‍ സ്വാഭാവികമായും തൊഴില്‍ ദിനങ്ങള്‍ വെട്ടിച്ചുരുക്കപ്പെടും.

കേന്ദ്രീകരണം, നാമമാത്രമായ വികേന്ദ്രീകരണം

നയപരമായ തീരുമാനങ്ങള്‍ പൂര്‍ണമായും കേന്ദ്രത്തിന്റെ കൈകളിലേക്ക്‌ എത്തിച്ചേരുന്നു എന്നതാണ്‌ മറ്റൊരു ആശങ്ക. വികസിത്‌ ഭാരത്‌ ദേശീയ ഗ്രാമീണ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സ്‌റ്റാക്കുമായി പദ്ധതിയെ ബന്ധിപ്പിക്കുന്നതും, പി.എം. ഗതി ശക്‌തി മാസ്‌റ്റര്‍ പ്ലാനുമായി സംയോജിപ്പിക്കുന്നതും 'വികസിത ഭാരതം 2047ല്‍' എന്ന ലക്ഷ്യത്തിന്‌ അനുസൃതമായി ഗ്രാമീണ വികസന ശ്രമങ്ങളെ ഏകീകരിക്കാന്‍ വേണ്ടിയാണ്‌.
ഈ മാറ്റങ്ങള്‍ കേള്‍ക്കാന്‍ സുഖമുള്ള 'പരിഷ്‌കാരങ്ങള്‍' ആണെങ്കിലും, വികേന്ദ്രീകൃതമായ ആസൂത്രണ പ്രക്രിയയെ ഇത്‌ ദുര്‍ബലപ്പെടുത്തും. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഗ്രാമസഭകള്‍ തീരുമാനിക്കുന്ന ജോലികള്‍ക്കു പകരം, ദേശീയ വികസന മുന്‍ഗണനകളുമായി യോജിക്കുന്ന ജോലികള്‍ക്ക്‌ പ്രാധാന്യം നല്‍കേണ്ടിവരും. ഇത്‌ ഗ്രാമസ്വരാജ്‌ എന്ന ഗാന്ധിയന്‍ സങ്കല്‍പത്തിന്‌ വിരുദ്ധമാണ്‌.

ഒരു നല്ല മാറ്റം: തൊഴില്‍ ദിനങ്ങളുടെ വര്‍ധന

എങ്കിലും, ബില്ലിലെ ഒരു സ്വാഗതാര്‍ഹമായ വശം എടുത്തുപറയേണ്ടതുണ്ട്‌: തൊഴിലുറപ്പ്‌ ദിനങ്ങള്‍ 100-ല്‍ നിന്ന്‌ 125 ആയി ഉയര്‍ത്തുന്നു എന്നത്‌ ഗ്രാമീണ കുടുംബങ്ങള്‍ക്ക്‌ വലിയ ആശ്വാസം നല്‍കും. ഇത്‌ അവരുടെ വാര്‍ഷിക വരുമാന സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ഷിക സീസണുകളില്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്താനുള്ള വ്യവസ്‌ഥയും കൃഷി മുടങ്ങുന്നതിനെക്കുറിച്ചുള്ള പരാതികള്‍ക്ക്‌ പരിഹാരമാകും. കൂടാതെ, മൊബൈല്‍ ആപ്പ്‌ അറ്റന്‍ഡന്‍സ്‌, ആധാര്‍ അധിഷ്‌ഠിത പേയ്‌മെന്റുകള്‍ തുടങ്ങിയ സാങ്കേതിക ഇടപെടലുകള്‍ നിയമപരമായി കോഡിഫൈ ചെയ്യുന്നത്‌ സുതാര്യതക്ക്‌ നല്ലതാണ്‌.

തിരിഞ്ഞുനടക്കേണ്ട സമയം

നിലവിലുള്ള തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കലിലെ കുറഞ്ഞ വേതനം, വേതനം വൈകല്‍, ആധാര്‍ അധിഷ്‌ഠിത പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊന്നും പുതിയ ബില്‍ പരിഹരിക്കുന്നില്ല. പകരം, പ്രശ്‌നങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട്‌, പദ്ധതിയുടെ സുരക്ഷാ കവചം തന്നെ എടുത്തുമാറ്റുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌.
തൊഴിലുറപ്പ്‌ നിയമം എന്നത്‌ ഒരു 'വികസന പരിപാടി' എന്നതിലുപരി 'ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള അവകാശം' ആയിരുന്നു. പുതിയ 'വി.ബി.ജി റാം ജി' ബില്ല്‌ നിയമമായി മാറിയാല്‍, അത്‌ ഗ്രാമീണ ദാരിദ്ര്യത്തിനെതിരായ ഏറ്റവും ശക്‌തമായ പ്രതിരോധത്തിന്റെ നട്ടെല്ലൊടിക്കുന്ന നീക്കമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അതുകൊണ്ട്‌, ഈ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച്‌ പാര്‍ലമെന്റില്‍ അടിയന്തരമായി തുറന്ന ചര്‍ച്ചകള്‍ നടക്കേണ്ടത്‌ അനിവാര്യമാണ്‌.

ജോണ്‍ മാത്യു

Ads by Google
Tuesday 16 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW