-->
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നതു വൈകും. തിരിച്ചടിയുണ്ടാകാതിരിക്കാന്‍ വിധിപ്പകര്‍പ്പിന്റെ വിശദപരിശോധനയ്‌ക്കും വിവിധതലത്തില്‍ നിയമോപദേശം തേടിയതിനും ശേഷമാകും അപ്പീല്‍ സമര്‍പ്പിക്കുക. അടുത്തമാസം പകുതിയോടെ അപ്പീല്‍ നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ നിയമവൃത്തങ്ങള്‍ വ്യക്‌തമാക്കി.
കേസില്‍ കഴിഞ്ഞ എട്ടിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്‌താവിച്ചത്. തെളിവുകള്‍ നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു നിരീക്ഷിച്ചാണ് എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റമുക്‌തനാക്കിയത്. ഒന്നുമുതല്‍ ആറുവരെ പ്രതികളെ ശിക്ഷിച്ചെങ്കിലും ശിക്ഷ കുറഞ്ഞുപോയെന്നാണ് അതിജീവിതയെ അനുകൂലിക്കുന്നവരുടെ വാദം. വിധി തൃപ്‌തികരമല്ലെന്നും അപ്പീല്‍ പോകുമെന്നും സര്‍ക്കാരും വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അടുത്തയാഴ്‌ച അപ്പീല്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ധൃതഗതിയില്‍ ഇതിനു മുതിരേണ്ടെന്നാണു നിയമവിദഗ്‌ധരുടെ ഉപദേശം.
ജെബി പോള്‍