-->
ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രിയും യുവനേതാവുമായ നിതിന്‍ നബീനെ തെരഞ്ഞെടുത്തു.
ബിഹാര്‍ പൊതുമാരാമത്ത് വകുപ്പ് മന്ത്രിയും പട്‌നയിലെ ബങ്കിപൂരില്‍നിന്നുള്ള എം.എല്‍.എയുമാണ് 45 വയസുകാരനായ നിതിന്‍. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നഡ്‌ഡയ്‌ക്ക് പകരക്കാരനായാണ് നബീന്‍ ഈ പദവിയില്‍ എത്തുന്നത്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് നിയമിച്ചത്.ഇതിനു പുറമേ പാര്‍ട്ടി യു.പി ഘടകം അധ്യക്ഷനായി കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിയെയും തെരഞ്ഞെടുത്തു.
പശ്‌ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിക്കുകയെന്നതാണ് എന്നതാണ് നബീന്റെ ആദ്യ ചുമതല. മുതിര്‍ന്ന ബി.ജെ.പി. നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനായ നിതിന്‍ എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയജീവിതം ആരംഭിച്ചത്. യുവമോര്‍ച്ച മുന്‍ സെക്രട്ടറിയാണ്. തുടര്‍ച്ചയായ നാലു തവണ അദ്ദേഹം ബിഹാറില്‍ എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചെറിയ പ്രായത്തിനിടെ പലതവണ സംസ്‌ഥാന മന്ത്രിയായും സേവനം അനുഷ്‌ടിച്ചു. ദേശീയ അധ്യക്ഷപദവിയില്‍ ജെ.പി. നഡ്‌ഡയുടെ കാലാവധി 2024-ല്‍ അവസാനിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു. 2019 ജൂണില്‍ അന്നത്തെ അധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് നഡ്‌ഡയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. പിന്നീട് 2020 ജനുവരിയില്‍ നഡ്‌ഡയെ പുതിയ ദേശീയ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ബി.ജെ.പി ഭരണഘടനയനുസരിച്ച് പ്രസിഡന്റിന്റെ കാലാവധി 3 വര്‍ഷമാണ്. തുടര്‍ച്ചയായി രണ്ടു തവണ ചുമതലവഹിക്കാം. ദേശീയ കൗണ്‍സിലിലെയും സംസ്‌ഥാന കൗണ്‍സിലുകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്‌ടറല്‍ കോളജാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. പകുതി സംസ്‌ഥാനങ്ങളിലെങ്കിലും അംഗത്വ വിതരണവും മണ്ഡലം, ജില്ലാ, സംസ്‌ഥാന തലങ്ങളിലുള്ള സംഘടനാ തെരഞ്ഞെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്.