-->
കാസര്‍ഗോഡ്: ഭരണത്തിലേക്ക് തിരിച്ചെത്താന്‍ ശക്തമായ ശ്രമം നടത്തുന്നതിനിടയില്‍ എവിടെയാണ് ഗ്രൂപ്പ് കളിക്കാന്‍ നേരമെന്ന് ചോദ്യമുയര്‍ത്തി കെ. മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പുമില്ലെന്നും പ്രതികരിച്ചു. ഓരോ നേതാക്കളോടും ചോദിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കിയാണ് ഒ ജെ ജനീഷിനെ അധ്യക്ഷനാക്കിയതെന്നും പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടി തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പുണ്ടാക്കാന്‍ പോകുന്നതെന്നും ഓരോ നേതാക്കള്‍ക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങിനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാന്‍ഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയതെന്നും പറഞ്ഞു. ജനാധിപത്യ പാര്‍ട്ടി ആയത് കൊണ്ട് അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകുന്നതെന്നും പറഞ്ഞു.
പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ജനീഷ് ആയാലും അബിന്‍ വര്‍ക്കി ആയാലും എല്ലാവരും യോഗ്യരായ ആളുകളാണ് കെ മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിലെ വര്‍ക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചോദ്യത്തിന് ഇപ്പോള്‍ എല്ലായിടത്തും വര്‍ക്കിങ് പ്രസിഡന്റ് അല്ലേ എന്നായിരുന്നു മുരളീധരന്റെ മറുപടി. ഇത് യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാന്‍ കാരണമാകുമെന്നും പറഞ്ഞു.
രാജ്യത്ത് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പിണറായി വിജയനോട് മറ്റൊരു സമീപനം കൈക്കൊള്ളുകയാണ്. ഇ ഡിയെന്ന ചട്ടുകം വച്ച് കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാരെ പോലും ജയിലില്‍ അടയ്ക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് മുന്നില്‍ ഇ ഡി യ്ക്ക് നിശബ്ദതയെന്നും ചോദിച്ചു. നരേന്ദ്രമോദിയില്‍ പിണറായി വിജയന് വിശ്വാസമുണ്ട്. അതാണ് സമന്‍സ് ആവിയായി പോയതെന്നും പറഞ്ഞു.
അതുകൊണ്ടാണ് ബിജെപിയെക്കാളും തീവ്രമായി പിണറായി വിജയന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക്് ഒപ്പമാണെന്നും ശബരിമലയിലെ സ്വര്‍ണവും സ്വത്തും അപഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ പിന്തുണയോടെ കൂടി നടത്തിയ നീക്കങ്ങള്‍ പുറത്ത് വരികയാണെന്നും ആരോപിച്ചു. സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചവര്‍ തന്നെ സംഹാരകരായെന്നും മുരളീധരന്‍ പറഞ്ഞു.